അനശ്വര പോസ്റ്റർ ഷെയർ ചെയ്തു ഗയ്സ്! വ്യസനസമേതം ബന്ധുമിത്രാദികൾ ഫസ്റ്റ്ലുക്ക്
Tuesday, March 11, 2025 12:36 PM IST
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസിനോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ വ്യത്യസ്തമായ രീതിയിലാണ് പ്രഖ്യാപനം നടത്തിയത്.
‘‘നാളെ രാവിലെ 11 മണിക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റർ, അനശ്വര രാജൻ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ ടീം വ്യസനസമേതം ബന്ധുമിത്രാദികൾ’’. ഇതായിരുന്നു തിങ്കളാഴ്ച പങ്കുവച്ച പോസ്റ്ററിലെ വാക്കുകൾ.
കഴിഞ്ഞ ദിവസം ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ സിനിമയുടെ പ്രമോഷന് അനശ്വര രാജൻ സഹകരിക്കുന്നില്ലെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു.
പിന്നീട് ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തു. അതിനിടെയാണ് അനശ്വര തന്നെ നായികയായെത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ ആളുകൾ രസകരമായ ‘പോസ്റ്ററു’മായി എത്തിയത്.
വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രം കൂടിയാണിത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവരാണ് നിർമാതാക്കൾ.
ഛായാഗ്രഹണം റഹീം അബൂബക്കർ നിർവഹിക്കുന്നു. എഡിറ്റർ-ജോൺകുട്ടി, സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,
പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ-അരുൺ മണി, പ്രമോഷൻ കൺസൽട്ടന്റ്-വിപിൻ വി., മാർക്കറ്റിംഗ്-ടെൻ ജി മീഡിയ, പിആർഒ -എ.എസ്. ദിനേശ്.