സിനിമ സെറ്റുകളിലെ ലഹരി; പരിശോധന ശക്തമാക്കാനൊരുങ്ങി പോലീസ്
Monday, March 10, 2025 1:13 PM IST
ഹൈ ബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാന് ആ.ജി.വയനാടന്‍ എന്ന രഞ്ജിത്ത് ഗോപിനാഥന് എക്സൈസിന്റെ പിടിയിലായ സംഭവത്തില്‍ വിശദമായ പരിശോധന തുടരാന്‍ എക്സൈസ് നീക്കം.
സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ ഉള്‍പ്പെടെ ഇയാള്‍ ലഹരി വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൂട്ടിംഗ് സെറ്റുകളില്‍ പരിശോധന നടത്തും. കൂടാതെ കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ആരില്‍ നിന്ന് വാങ്ങിയെന്ന് കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
പ്രതിയുടെ കൊച്ചിയിലെ വീട്ടിലും ലഹരിക്കച്ചവടവും ഉപയോഗവും നടന്നുവന്നിരുന്നതായി എക്സൈസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. ആവേശം, പൈങ്കിളി, രോമാഞ്ചം,സൂക്ഷ്മദര്‍ശിനി, ജാനേമന് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇ മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട് രഞ്ജിത്ത് ഗോപിനാഥന്.
എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം കാഞ്ഞാര്‍-വാഗമണ്‍ റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാവിലെ 9.30ഓടെ ഇയാള്‍ സഞ്ചരിച്ച ടാക്സി കാറില്‍ നിന്നും 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.
വാഗമണ്‍ കേന്ദ്രീകരിച്ച് ചിത്രീകരണം പുരോഗമിക്കുന്ന അട്ടഹാസം എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴിയാണ് മേക്കപ്പ് മാന്‍ മൂലമറ്റം എക്സൈസിന്റെ പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ തണ്ടും വിത്തുകളും കണ്ടെത്തി. പനമ്പള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് പരിശോധന നടത്തി.
വാഗമണ്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ എംഡിഎംഎയും കഞ്ചാവും നഉള്പ്പെടെയുള്ള ലഹരി ഉത്പ്പന്നങ്ങള്‍ വ്യാപകമായി എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്.
നടനും ഗായകനും ബിഗ് ബോസ് താരവുമായ പരീക്കുട്ടി പെരുമ്പാവൂര്‍ എന്ന പി.എസ്. ഫരീദുദ്ദീന്‍ എംഡിഎംഎയും കഞ്ചാവുമായി കഴിഞ്ഞ നവംബറില്‍ എക്സൈസിന്റെ പിടിയിലായിരുന്നു. ഹാപ്പി വെഡിംഗ്സ്, ഒരു അഡാര്‍ ലൗ എന്നി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് പരീക്കുട്ടി.