കഞ്ചാവുമായി സിനിമ മേക്കപ്പ്മാന് പിടിയിലായ സംഭവം: രഞ്ജിത്ത് ഗോപിനാഥനെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക
Monday, March 10, 2025 1:04 PM IST
ഇടുക്കിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന് രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക. കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന രഞ്ജിത്ത് ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തതിനെതുടര്‍ന്നാണ് ഫെഫ്കയുടെ നടപടി.
അതേസമയം ആര്‍ജി വയനാടന്റെ വീട്ടിലും ബ്യൂട്ടിപാര്‍ലറിലും എക്സൈസ് സംഘം റെയ്ഡ് നടത്തി. കഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകള്‍ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
കഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകള്‍, കഞ്ചാവ് കുരുക്കള്‍ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു. 45 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.