മൂക്കുത്തി അമ്മനായി നയൻതാരയും മക്കളും വ്രതത്തിൽ; ചിത്രം ഒരുങ്ങുന്നത് നൂറ്കോടി ബജറ്റിൽ
Friday, March 7, 2025 1:16 PM IST
നയൻതാര നായികയായെത്തിയ മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗം വരുന്നു. 100 കോടി മുതൽ മുടക്കില് ഒരുങ്ങുന്ന ചിത്രം സുന്ദർ സി. ആണ് സംവിധാനം ചെയ്യുന്നത്. മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിനായി നയൻതാര കഴിഞ്ഞ ഒരു മാസമായി വ്രതത്തിലായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാവ് വെളിപ്പെടുത്തി.
നടി മാത്രമല്ല നടിയുടെ കുട്ടികളും വീട്ടിലുള്ള എല്ലാവരും വ്രതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയുടെ പൂജ വലിയ രീതിയിൽ തന്നെ ചെയ്തു. സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാൻ ഇന്ത്യൻ റീലീസായാകും എത്തുക. ഒരു മാസം കൊണ്ടാണ് സുന്ദർ സി. സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതെന്നും 100 കോടി ബജറ്റിലാകും സിനിമ ഒരുങ്ങുന്നതെന്നും നിർമാതാവ് വ്യക്തമാക്കി.
റെജീന കസാൻഡ്ര, മീന, അഭിനയ, യോഗി ബാബു, കൂൾ സുരേഷ്, ഉർവശി, ദുനിയ വിജയ്, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പതിവു രീതികൾ തെറ്റിച്ച് സിനിമയുടെ പൂജാ ചടങ്ങിൽ നയൻതാര പങ്കെടുത്തു.
വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡും ഐവി എന്റർടൈൻമെന്റും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു.
പ്രസാദ് സ്റ്റുഡിയോയിൽ ഒരു കോടി രൂപയുടെ മുകളിൽ മുതൽ മുടക്കി നിർമിച്ച സെറ്റിലാണ് പൂജാ ചടങ്ങുകൾ നടന്നത്. അവ്നി സിനിമാക്സ് (പ്രൈ) ലിമിറ്റഡും റൗഡി പിക്ചേഴ്സും ചേർന്ന് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നു. സുന്ദർ സിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷ വലുതാണ്.
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു. ഗോപി അമർനാഥ് ഛായാഗ്രാഹകനും, ഫെന്നി ഒലിവർ എഡിറ്ററുമാണ്. വെങ്കട്ട് രാഘവൻ സംഭാഷണങ്ങൾ എഴുതുന്നു, ഗുരുരാജ് കലാസംവിധാനം, രാജശേഖർ ആക്ഷൻ. പിആർഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.