രാജമൗലി ചിത്രത്തിൽ ജോയിൻ ചെയ്ത് പൃഥ്വിരാജ്; ചിത്രത്തിന്റെ ബജറ്റ് 900 കോടി
Thursday, March 6, 2025 4:01 PM IST
എസ്.എസ്. രാജമൗലി–മഹേഷ് ബാബു ചിത്രത്തിൽ ജോയിൻ ചെയ്ത് പൃഥ്വിരാജ് സുകുമാരൻ. ഹൈദരബാദിൽ നിന്നും സിനിമയുടെ ലൊക്കേഷനിലേക്കു തിരിക്കുന്ന മഹേഷ് ബാബുവിന്റെയും പൃഥ്വിയുടെയും ചിത്രങ്ങൾ പുറത്തുവന്നു.
സിനിമയുടെ ഒഡീഷയിൽ നടക്കുന്ന ഷെഡ്യൂളിലാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുക. കോരാപുത്തിലെ തലമാലി ഹിൽടോപ്പിൽ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റ് ഒരുങ്ങി കഴിഞ്ഞു. മാർച്ച് അവസാനം വരെ ഒഡീഷ ഷെഡ്യൂൾ നീണ്ടു നിൽക്കും.
കൊടും വനത്തിനുള്ളിലുള്ള സാഹസിക രംഗങ്ങളാകും ഇവിടെ ചിത്രീകരിക്കുകയെന്നാണ് സൂചന. വനത്തിൽ ചിത്രീകരണം നടത്തുവാനായി സർക്കാരിന്റെ പ്രത്യേക അനുവാദവും ടീമിനു ലഭിച്ചു കഴിഞ്ഞു.
ഇന്ത്യാന ജോൺസ് സീരീസിന്റെ ലൈനിലാണ് ചിത്രം ഒരുങ്ങുക. പൃഥ്വിരാജ് കൊടും വില്ലനായാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി നിർമാണ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് നിർമാതാവ് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞിരുന്നു.