മണിയും ദൈവവും ഒരു യാത്രയും
ഋഷി
Thursday, March 6, 2025 12:45 PM IST
ഒന്പതു വർഷായിട്ട് ഭൂമീന്ന് ഫ്ളൈറ്റും കേറി ഞാനിവിടെ വന്നിട്ട്... ഇന്നലെ വന്നപോലേണ്ട് - നക്ഷത്രങ്ങളോടും നിലാവിനോടും കലാഭവൻ മണി പറഞ്ഞു. അല്ല ന്തിനാപ്പോ ന്നെങ്ക്ട് നേരത്തെ കൊണ്ടന്ന് - മണി ദൈവത്തോടു ചോദിച്ചു. ആ ഭൂമീല് പാട്ടും പാടി മിമിക്രീം കാണിച്ച് നടന്നിരുന്നതല്ലേ ഞാൻ....
മണിയുടെ ചോദ്യത്തിന് ദൈവം ഉത്തരം പറഞ്ഞു - നീയെന്ന് അത്രമേൽ പ്രിയങ്കരനായതുകൊണ്ടല്ലേ മണി നിന്നെ ഞാൻ എന്റെയടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്... അതുകേട്ട് മണി ചിരിച്ചു...തന്റെ പ്രശസ്തമായ ചിരി....ദൈവവും അതു കേട്ട് ചിരിച്ചു..കൂടെ നക്ഷത്രങ്ങളും നിലാവും...
അതെ, ഒന്പതു വർഷായിട്ട് ഈ സ്വർഗത്തിലിരുന്ന് ഞാൻ ഭൂമിയെ കാണുന്നുണ്ട് ദൈവമേ...ഞാനില്ലാത്ത ഭൂമിയിൽ എന്നെ ഓർത്ത് ഇപ്പോഴും ആരൊക്കെയോ കരയുന്നുണ്ടല്ലേ...മണി ചോദിച്ചു.
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയിലെ പുണ്യാളന്റെ ശബ്ദത്തിൽ ദൈവം മറുപടി നൽകി - അതങ്ങനെയാണ് മണി..നിന്നെയോർത്ത് ഇന്നും കരയുന്നവരുണ്ട്...നിനക്കറിയ്വോ നീ മറ്റുള്ളവർക്ക് എത്രമാത്രം പ്രിയങ്കരനായിരുന്നുവെന്ന് എനിക്കു പോലും മനസിലായത് നിന്നെ ഞാൻ കൂട്ടിക്കൊണ്ടുവന്നപ്പോഴാണ്... നിന്നെ അവസാനമായി ഒന്നുകാണാൻ എവിടെ നിന്നൊക്കെയാ ആളുകളെത്തിയത്..എനിക്കുപോലും അദ്ഭുതം തോന്നി..നീയിത്രമാത്രം പ്രിയങ്കരനോ ഇവർക്കൊക്കെ....ചിരി വിടാതെ മണി പറഞ്ഞു -ന്നാലും അതൊരു ഒന്നൊന്നര കൂട്ടിക്കൊണ്ടവരലായിട്ടാ....
നമുക്കൊന്ന് ഭൂമിവരെ പോയി വന്നാലോ...ദൈവം മണിയോടു ചോദിച്ചു ആരും അറിയില്ല, കാണില്ല...നമുക്കെല്ലാം അറിയാം കാണാം കേൾക്കാം...ഇനിയൊരു തിരിച്ചുപോക്കോ...അദ്ഭുതത്തോടെ നോക്കിയ മണിയുടെ കൈയും പിടിച്ച് ദൈവം പതിയെ സ്വർഗം വിട്ടിറങ്ങി...ഭൂമിയിലേക്ക്... എല്ലാം മാറിയിരിക്കുന്നു ഈ ഒന്പതു വർഷം കൊണ്ട്...മണി മനസിലോർത്തപ്പോൾ നിന്റെ ചിരയൊഴികെ എന്ന് ദൈവം കൂട്ടിച്ചേർത്തു.
ഇന്ന് ചാലക്കുടിയിൽ മാത്രമല്ല മലയാളക്കരയാകെ നിന്നെയോർക്കുന്നുണ്ട്. ദാ നോക്കീയേ എത്ര ചിത്രങ്ങളാണ് ചിരിക്കുന്ന നിന്റെ - ദൈവം കാണിച്ചുകൊടുത്തു. എവിടെ നിന്നൊക്കെയോ താൻ പാടിയ പാട്ടുകൾ കേട്ടപ്പോൾ മണി ചെവി വട്ടം പിടിച്ചു. നിന്റെ പാട്ടുപാടാതെ ഈ ഭൂമിയിൽ ഒരു ദിവസവും കടന്നുപോകുന്നില്ല മണിയേ - ദൈവം പറഞ്ഞതു കേട്ട് വിശ്വാസം വരാതെ മണി കണ്ണുകൾ നിറച്ച് ദൈവത്തെ നോക്കി...
ദൈവത്തിനേതു പാട്ടാ എന്റെ ഏറ്റവും ഇഷ്ടം - ഒന്പതുവർഷത്തിനിടെ ഇതാദ്യമായി മണി ചോദിച്ചു. ഒരു നിമിഷം പോലും ആലോചിക്കാതെ ദൈവം പാടി, മേലെ പടിഞ്ഞാറു സൂര്യൻ..കൂടെ മണിയും പാടി..
പാഡിയൊക്കെ നശിച്ചൂലോ ദൈവമേ...സ്മാരകംണ്ടാക്കുന്ന് പറഞ്ഞതും കാണാല്യ..മണി തെല്ലൊരു നിരാശയോടെ സങ്കടത്തോടെ പറഞ്ഞപ്പോൾ ദൈവം ചോദിച്ചു - നിനക്കെന്തിനാ മണി കല്ലും മണ്ണും സിമന്റും കൊണ്ടൊരു സ്മാരകം..നിനക്ക് ലക്ഷക്കണക്കിനാളുകളുടെ മനസിൽ മരണമില്ല, പിന്നെന്തിന് സ്മാരകം... നിന്നെയോർത്താൽ സങ്കടം തോന്നാത്ത ആൾക്കാരില്ല...സ്നേഹത്തോടൊപ്പം സങ്കടവും നിന്നെക്കുറിച്ചോർക്കുന്പോൾ അവർക്കെല്ലാമുണ്ട്...അതിലും വലിയ സ്മാരകം ആർക്കും പണിയാനാവില്ല...
അപ്പോഴും മണി ചിരിച്ചു.. ദൈവം ഓർമിപ്പിച്ചു, പ്രാഞ്ചിയേട്ടനിലെ പുണ്യാളന്റെ ഡയലോഗ് - ഒരു മനുഷ്യജീവനെയങ്കിലും ദുരിതങ്ങളിൽ നിന്നും കര കയറ്റാൻ കഴിയുന്നവനാണ് സ്വർഗരാജ്യത്തിന്റെ അവകാശികളാവുക. അങ്ങിനെയെങ്കിൽ നീയാണ് സ്വർഗാരാജ്യത്തിന്റെ അവകാശി. നിന്റെ സിനിമകണ്ട് ആരാധന മൂത്തവരല്ല നിന്നെയോർത്ത് വിലപിക്കുന്നത്..നിന്റെ സഹായം, നീയാരുമറിയാതെ അവർക്കു ചെയ്തുകൊടുത്ത എത്രയോ സഹായങ്ങൾ സ്വീകരിച്ചവരാണ് നീ പോയപ്പോൾ കരഞ്ഞത്...
കരയിപ്പിക്കല്ലേ ദൈവമേ...മണി കണ്ണീരിന്റെയിടയിൽ ദൈവത്തോടു കളിയായി പറഞ്ഞു.
വീട്ടുകാരെ കാണണോ -ദൈവം മണിയോടു ചോദിച്ചു. വേണ്ട..കണ്ടാൽ ഞാൻ കരയും..എനിക്ക് സഹിക്കാൻ പറ്റില്ല.. ആരേയും എനിക്ക് കാണണ്ട. എനിക്കാരേയും സ്നേഹിച്ച് മതിയായിരുന്നില്ല ദൈവമേ...ഞാനിപ്പോഴും അവരെ സ്നേഹിച്ചോണ്ടിരിക്യാ...അവരൊക്കെ എന്നേം... ഞാൻ സ്വർഗത്തിലിരുന്ന് അവരെ ഭൂമിയിലേക്ക് നോക്കി കണ്ടോളാം... അതു മതി...
നമുക്ക് തിരിച്ചുപോകാം... മണി ദൈവത്തോടു പറഞ്ഞു. കൂട്ടിക്കൊണ്ടുപോയവരെ തിരിച്ചുകൊണ്ടുവിടാൻ സാധിക്കുമായിരുന്നെങ്കിൽ മണീ നിന്നെ ഞാൻ തിരികെ കൊണ്ടുവിട്ടേനെ - മണിയെ ചേർത്തുപിടിച്ച് ദൈവം പറഞ്ഞു. പ്രതീക്ഷയോടെ മണി ദൈവത്തെ നോക്കി...
വാ..നമുക്ക് മടങ്ങാം...നിന്റെ ആത്മാവിന് ശാന്തികിട്ടാൻ ആരൊക്കെയോ പ്രാർഥിക്കുന്നുണ്ട്... നിനക്കായ് ആരൊക്കെയോ ബലിച്ചോർ തൂവുന്നുണ്ട്... അതിൽ തോരാകണ്ണീരിന്റെ ഉപ്പുരസമുണ്ട്... നിന്നെയോർക്കാതിരിക്കാൻ നിന്നെ അറിഞ്ഞവർക്കാവില്ല, നിന്നെ സ്നേഹിക്കാതിരിക്കാൻ നിന്നെ സ്നേഹിച്ചവർക്കാകില്ല...
സ്വർഗത്തിലേക്കുള്ള തിരിച്ചുപോക്കിനിടയിൽ ദൈവം പറഞ്ഞുകൊണ്ടേയിരുന്നു. സ്വർഗവാതിൽ കടക്കും മുന്പ് ഒരിക്കൽ കൂടി ഭൂമിയെ, ചാലക്കുടിയെ മണി തിരിഞ്ഞുനോക്കി. പിന്നെ ദൈവത്തിന്റെ കൈകൾ ചേർത്തുപിടിച്ച് പറഞ്ഞു - താങ്ക്സ്..
ഒരിക്കൽ കൂടി ഭൂമിയിലേക്ക് കൊണ്ടുപോയതിന്... കരച്ചിലടക്കി സ്വർഗവാതിൽ കടന്ന് മണി അകത്തേക്ക് പോയപ്പോൾ ദൈവത്തിനും കണ്ണു നിറഞ്ഞു. പക്ഷേ അപ്പോഴേക്കും സ്വർഗത്തിന്റെ അകത്തളങ്ങളിൽ മണികിലുക്കം പോലെ മണിയുടെ ചിരി വീണ്ടും മുഴങ്ങിത്തുടങ്ങിയിരുന്നു...അപ്പോൾ അറിയാതെ ദൈവവും ചിരിച്ചു...
(കലാഭവൻ മണിയുടെ ഒന്പതാം ചരമവാർഷികം ഇന്ന്)