കോട്ടയത്ത് ഇനി സിനിമ വസന്തം; ചലച്ചിത്രമേള 14 മുതൽ
Thursday, March 6, 2025 12:10 PM IST
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന "കോട്ടയം രാജ്യാന്തര ചലച്ചിത്രമേള" 14മുതൽ 18വരെ കോട്ടയം അനശ്വര തിയേറ്ററിൽ നടക്കും.
ഇത്തവണത്തെ ഓസ്കറിൽ അഞ്ച് അവാർഡുകൾ നേടിയ "അനോറ"യും 29-ാമത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാളസിനിമ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയുംചെയ്ത 25ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
ലോകസിനിമ, ഇന്ത്യൻ, മലയാളം എന്നീ വിഭാഗങ്ങളിലുള്ള ചിത്രങ്ങളുണ്ടാകുമെന്ന് ഫെസ്റ്റിവൽ ചെയർമാനായ സംവിധായകൻ ജയരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ച് ഓസ്കർ അവാർഡുകൾ നേടിയ "അനോറ'യാണ് ഉദ്ഘാടനചിത്രം. ഐഎഫ്എഫ്കെയിൽ അഞ്ച് അവാർഡുകൾ നേടിയ "ഫെമിനിച്ചി ഫാത്തിമ' ആണ് സമാപനചിത്രം.
അന്തർദേശിയ മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ബോഡി, ഹ്യൂമൻ ആനിമൽ, റിതം ഓഫ് ദമ്മാം, അണ്ടർഗ്രൗണ്ട് ഓറഞ്ച് എന്നീ ചിത്രങ്ങളോടൊപ്പം ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച യാഷ ആൻഡ് ലിയോണിഡ് ബ്രെഴ്നേവ്, ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിൾ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.
ലാറ്റിനമേരിക്കൻ ചിത്രങ്ങളായ അന്ന ആൻഡ് ഡാന്റെ, കറസ്പ്പോണ്ടന്റ്, ദി ലോംഗസ്റ്റ് സമ്മർ എന്നീ ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമ വിഭാഗത്തിൽ അജൂർ, ബാഗ്ജൻ, ഹ്യൂമൻസ് ഇൻ ദി ലൂപ്, സ്വാഹ, സെക്കൻഡ് ചാൻസ്, ഷീപ് ബാൺ എന്നീ ചിത്രങ്ങളും കാണാം.
ചലച്ചിത്രകാരൻ ജി. അരവിന്ദന്റെ ഓർമദിനത്തോടനുബന്ധിച്ചു അദേഹത്തിന്റെ "വാസ്തുഹാര' പ്രദർശിപ്പിക്കും. എംടി സ്മൃതിയുടെ ഭാഗമായി ഓളവും തീരവും പ്രദർശിപ്പിക്കും.
മേള 14ന് വൈകിട്ട് അഞ്ചിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവൽ ജനറൽ കൺവീനർ പ്രദീപ് നായർ, കോ ഓർഡിനേറ്റർ സജി കോട്ടയം, കൺവീനർമാരായ നിഖിൽ എസ് പ്രവീൺ, വിനോദ് ഇല്ലമ്പള്ളി, ജോയിന്റ് കൺവീനർമാരായ രാഹുൽ രാജ്, ജയദേവ്, അനീഷ് കുമാർ എന്നിവർ പങ്കെടുത്തു