കത്തനാർ ഡബ്ബിംഗിന് തുടക്കം; ചിത്രത്തിനായി കാത്തിരുന്ന് ആരാധകർ
Thursday, March 6, 2025 9:09 AM IST
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചു. സ്ക്രീനുകളിലേക്ക് ഉടന്‍ എന്ന അടിക്കുറിപ്പോടെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം ജയസൂര്യ പങ്കുവച്ചു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്ന് എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെയും വലിയ സിനിമയാണ്. ഒന്നര വർഷത്തെ നീണ്ട ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിൽ പൂർത്തിയായിരുന്നു.
അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് കത്തനാരിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരും എത്തുന്നു.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലിംപ്സ് വിഡിയോയ്ക്ക് ലഭിച്ചത്.
45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ചിത്രീകരണ ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പത്തിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2025ൽ റിലീസ് ചെയ്യും.
രചന: ആർ. രാമാനന്ദ്, ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ. പിആർഒ- വാഴൂർ ജോസ്.