മന്നത്തിൽ പുതുക്കിപ്പണി; മാസം 24 ലക്ഷം വാടക വരുന്ന വീട്ടിലേയ്ക്ക് താമസം മാറി ഷാരുഖും കുടുംബവും
Saturday, March 1, 2025 11:15 AM IST
ഷാരുഖിന്റെ മന്നത്തിൽ അറ്റക്കുറ്റപണികൾ നടക്കുന്നതിനാൽ വാടകവീട്ടിലേയ്ക്ക് താമസം മാറി ഷാരുഖ് ഖാനും കുടുംബവും.
വീട് കൂടുതല്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് താരവും കുടുംബവും തല്‍ക്കാലത്തേക്ക് മാറിത്താമസിക്കുന്നത്. ഷാരൂഖിന് പുറമെ ഭാര്യ ഗൗരി ഖാന് മക്കളായ സുഹാന ഖാന്, ആര്യന് ഖാന്, അബ്രാം ഖാന് എന്നിവരാണ് മന്നത്തില്‍ നിന്ന് ആഡംബര അപ്പാര്‍ട്ട്മെന്റിലേക്ക് മാറിയത്.
മുംബൈയിലെ പാലി ഹില്‍ ഏരിയയിലെ ആഡംബര അപ്പാര്ട്ട്മെന്റിലേയ്ക്കാണ് ഇവർ മാറിയത്. ആഡംബര അപ്പാര്‍ട്ട്മെന്റിന്റെ നാല് നിലകള്‍ ഷാരൂഖ് വാടകയ്ക്കെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതിമാസം 24 ലക്ഷം രൂപയാണ് വാടകയായി നല്‍കേണ്ടിവരിക. വിശാലമായ ഫ്ലാറ്റില്‍ ഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫുകള്‍ക്കും താമസിക്കാന്‍ സാധിക്കും.
മന്നത്ത് ബംഗ്ലാവിന്റെ നവീകരണത്തിന് മുന്നോടിയായാണ് ഖാൻ കുടുംബം വീടുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബംഗ്ലാവിനൊപ്പം രണ്ട് നിലകൾ കൂട്ടിച്ചേർക്കുന്നതിനും ബിൽറ്റ് അപ്പ് ഏരിയ 600 ചതുരശ്ര മീറ്ററിലധികം വർധിപ്പിക്കുന്നതിനുമുള്ള അനുമതിക്കായി ഗൗരി ഖാൻ അപേക്ഷ സമർപ്പിച്ചിരുന്നു.
ഇതിന്റെ അടുത്തഘട്ടം എന്നോണമാണ് അപ്പാർട്ട്മെന്റികൾ മൂന്നു വർഷക്കാലത്തേക്ക് വാടകയ്ക്കെടുക്കുന്നത്. പൂജ കാസ എന്ന കെട്ടിടത്തിലാണ് രണ്ട് അപ്പാർട്ട്മെന്റുകളും ഉള്ളത്.
ഒന്നാമത്തെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഒന്ന്, രണ്ട് നിലകളിലും രണ്ടാമത്തേത് ഏഴ്, എട്ട് നിലകളിലുമായാണ് സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടി വെബ്സൈറ്റായ സാപ്കീ വാടക കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ചലച്ചിത്ര നിർമാതാക്കളായ ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളവയാണ് രണ്ട് വീടുകളും. ജാക്കി ഭഗ്നാനിയും സഹോദരി ദീപ്ശിഖ ദേശ്മുഖുമാണ് ഒന്നാമത്തെ അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥർ.
11.54 ലക്ഷം രൂപയാണ് ഈ അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടക. ഇവരുടെ പിതാവായ വാഷു ഭഗ്നാനിയാണ് രണ്ടാമത്തെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിന്റെ ഉടമ. 12.61 ലക്ഷം രൂപയാണ് ഈ അപ്പാർട്ട്മെന്റിന് പ്രതിമാസ വാടകയായി ഷാരൂഖ് നൽകേണ്ടത്.
രണ്ട് അപ്പാർട്ട്മെന്റുകൾക്കും ചേർത്ത് 68 ലക്ഷം രൂപയ്ക്ക് മുകളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായും താരം നൽകിയിട്ടുണ്ട്. ഫെബ്രുവരി 14ന് വാടക കരാറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. 200 കോടി രൂപയാണ് താരത്തിന്റെ വസതിയായ മന്നത്തിന്റെ മാത്രം വിലമതിപ്പ്. ഇതിനുപുറമേ ലോകത്തിന്റെ പല ഭാഗങ്ങളിലായി ആഡംബര വീടുകളും ഷാറൂഖ് സ്വന്തമാക്കിയിട്ടുണ്ട്.