മകനെ സാക്ഷിയാക്കി നടി ചിത്ര നായർക്ക് വീണ്ടും മംഗല്യം; വരൻ ദീർഘകാല സുഹൃത്ത്
Friday, February 21, 2025 1:11 PM IST
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി ചിത്ര നായർ വിവാഹിതയായി. ലെനീഷ് ആണ് വരൻ. ആർമി ഏവിയേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. ഇരുവരുടേതും രണ്ടാം വിവാഹമാണ്.
ചിത്ര തന്നെയാണ് വിവാഹ വീഡിയോ പങ്കുവച്ച് ഈ സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. രാജേഷ് മാധവൻ ഉൾപ്പടെ നിരവധിപ്പേർ ചിത്രയ്ക്കും ലെനീഷിനും ആശംസകളുമായെത്തി. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ചിത്രയുടെ മകൻ അദ്വൈതും ചടങ്ങിലെ സാന്നിധ്യമായി. ലെനീഷിനും ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.
പോയവർഷം നവംബർ മാസത്തിൽ ഭാവിവരന് ചിത്ര നായർ പിറന്നാൾ ആശംസ പങ്കുവച്ചിരുന്നു. സ്നേഹവും വ്യക്തിത്വവും കൊണ്ട് തന്റെ ലോകം പ്രകാശപൂരിതമാക്കുന്ന വ്യക്തിക്ക് ഒരു നല്ല ജന്മദിനാശംസയേകുന്നു എന്നായിരുന്നു ലെനീഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചിത്ര കുറിച്ചത്.
തന്റെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിൽ സംഭവിച്ചതാണെന്നും അധികം വൈകാതെ വിവാഹമോചനം നടന്നുവെന്നും ചിത്ര കത്താർസിസ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘‘മകന് പതിനാല് വയസ് പ്രായമുണ്ട്. ഒൻപതാം ക്ളാസിൽ പഠിക്കുന്നു. എനിക്ക് 36 വയസാണ്. നമ്മൾ കാണുന്ന എല്ലാവരും സന്തൂർ മമ്മിയാണല്ലോ. എന്റെ കൂടെ മകൻ നടക്കുമ്പോ അനിയനാണോയെന്ന് ആളുകൾ ചോദിക്കാറുണ്ട്.
21ാം വയസിലായിരുന്നു വിവാഹം. പ്ലസ്ടു കഴിഞ്ഞ്, ടിടിസി കഴിഞ്ഞപ്പോൾ തന്നെ കല്യാണം കഴിഞ്ഞു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. വിവാഹമോചിതയായിട്ട് എട്ടുവർഷമായി. ജാതകമൊക്കെ നോക്കിയാണ് ഞാൻ വിവാഹം കഴിച്ചത്. അതിലൊന്നും ഒരു കാര്യമില്ലെന്ന് മനസിലായി. മാനസികമായ പൊരുത്തം തന്നെയാണ് പ്രധാനം.
ജീവിതത്തിൽ വിവാഹം ഇനി ഉണ്ടാകുമോയെന്ന് ചോദിച്ചാൽ എന്നെ മനസിലാക്കുന്ന പിന്തുണയ്ക്കുന്ന ഒരാൾ ഉണ്ടെങ്കിൽ തീർച്ചയായും നോക്കും. മകന് അതിലൊരു പ്രശ്നമൊന്നുമില്ല. ഇനി ജാതകമൊന്നും നോക്കില്ല.
സിനിമയിലേക്ക് കാസ്റ്റിംഗ് കോളിന്റെ സമയത്തൊക്കെ വയസ് കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ പ്രശ്നമില്ല. 30 വയസ് കഴിഞ്ഞ് ആണുങ്ങൾ പെണ്ണ് കെട്ടിയില്ലെങ്കിൽ എന്തുകൊണ്ട് ഇവന് പെണ്ണ് കിട്ടുന്നില്ല എന്നും ആൾക്കാർക്കിടയിലെ പരിഹാസവുമൊക്കെയാണ്.
നല്ല ജോലിയും സ്ത്രീധനമൊക്കെ കൊടുത്ത് വിവാഹം കഴിപ്പിച്ചാലും നമ്മൾ പലതും കാണുകയും കേൾക്കുകയിമൊക്കെ ചെയ്യുന്നില്ലേ. കല്ല്യാണം കഴിക്കാതെ ഇരിക്കുമ്പോൾ പല തരത്തിലുള്ള പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് കേട്ടിട്ടുണ്ട്. 30 വയസ് വരെയൊക്കെ ആണുങ്ങൾക്ക് പെണ്ണ് കാണാനെങ്കിലും കിട്ടും.
കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. ഗവൺമെന്റ് ജോലിയൊക്കെ ആണ് ആളുകൾക്ക് താത്പര്യം. എന്തായാലും വിവാഹത്തെ കുറിച്ച് ഇപ്പോൾ ഞാൻ ആലോചിച്ചിട്ടല്ല. കുടുംബവും കുട്ടികളുമൊക്കെ വേണമെന്ന മനസുള്ള ആൾ തന്നെയാണ് ഞാൻ. എന്നെ മനസിലാക്കുന്നൊരാളാണ് ഞാൻ.’’–ചിത്രയുടെ വാക്കുകൾ.
കാസർഗോട് നീലേശ്വരം കുന്നുംകൈ സ്വദേശിയാണ് ചിത്ര നായർ. അധ്യാപികയായിരുന്ന ചിത്ര കൊവിഡ് കാലത്താണ് അധ്യാപന ജോലി ഉപേക്ഷിച്ച് സിനിമ ഓഡിഷനുകളിൽ പങ്കെടുത്ത് തുടങ്ങിയത്. മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചു.