ആന്റണിയോ, സുരേഷ് കുമാറോ, ആരാണ് ശരി?; ദാസേട്ടന്റെ സൈക്കിളുമായി ഹരീഷ് പേരടി
Thursday, February 20, 2025 12:34 PM IST
നിർമാതാക്കളുടെയും അഭിനേതാക്കളുടെയും തർക്കം നിലനിൽക്കുന്നതിനിടെ പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു.
സിനിമയിലെ ഒരു പ്രശ്സതരെയും ബുദ്ധിമുട്ടിക്കാതെ താന് തന്നെ ഈ സിനിമയുടെ റിലീസ് പോസ്റ്റർ പങ്കുവയ്ക്കുക്കുകയാണെന്ന് ഹരീഷ് പറയുന്നു. താരം ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. അഖിൽ കാവുങ്കൽ ആണ് ദാസേട്ടന്റെ സൈക്കിളിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകൾ
‘ദാസേട്ടന്റെ സൈക്കിൾ’, ഈ സിനിമ മാർച്ച് 14ന് കേരളത്തിലെ കുറെ തിയറ്ററുകളിൽ റിലീസാവുകയാണ്. ആന്റണി പെരുമ്പാവൂരാണോ ശരി ? അതോ സുരേഷ് കുമാറാണോ ശരി? എന്ന തർക്കം സിനിമയെ സ്നേഹിക്കുന്ന ഒരോ മനുഷ്യ മനസുകൾക്കിടയിലും നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ദാസേട്ടനും മൂപ്പരുടെ സൈക്കിളിനും വലിയ പ്രസക്തിയുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു.
അതുകൊണ്ടു തന്നെയാണ് സിനിമയിലെ ഒരു പ്രശ്സതരെയും ബുദ്ധിമുട്ടിക്കാതെ ഞാൻ തന്നെ ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ മാർച്ച് 14ലെ ഈ റിലീസിംഗ് പോസ്റ്റർ നിങ്ങളിലേക്ക് എത്തിക്കുന്നത്. ‘ദാസേട്ടന്റെ സൈക്കിളി’ന്റെ ടയർ എന്തിനുവേണ്ടിയാണ്. ആർക്കുവേണ്ടിയാണ് തേഞ്ഞ് തീർന്നത് എന്ന് ഈ സിനിമ ഉറക്കെ സംസാരിക്കുന്നുണ്ട്.
കലയ്ക്ക് വേണ്ടി മാത്രം തേഞ്ഞ് തീർന്നവരുടെ വഴികളെ ഈ സിനിമ ഓർമപ്പെടുത്തുന്നുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഈ സിനിമ കാണുകയെന്നതും നിങ്ങളുടെ ഇഷ്ടവും അനിഷ്ടവും തുറന്ന് പ്രഖ്യാപിക്കുകയെന്നതും ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സാംസ്കാരിക പ്രവർത്തനമാണ്...നല്ല രാഷ്ട്രീയമാണ്...നല്ല ജീവിതമാണ്.