ഇതാണോ മോഹൻലാൽ എന്നു ചോദിച്ച 93കാരി ഏലിക്കുട്ടി മോഹൻലാലിനൊപ്പം തുടരും പോസ്റ്ററിൽ
Thursday, February 20, 2025 11:09 AM IST
ഇതാണോ മോഹൻലാൽ എന്നു ചോദിച്ച് തുടരും ലൊക്കേഷനിലെത്തിയ ഏലിക്കുട്ടി എന്ന 93കാരിയെ അധികമാരും മറക്കാനിടയില്ല. മോഹൻലാലിനൊപ്പമുള്ള ഏലിക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളലിടക്കം വൈറലായിരുന്നു.
'ഇതാണോ മോഹൻലാൽ?' എന്നായിരുന്നു ലൊക്കേഷനിൽ നിന്നും കാറിൽ കയറാനായി പോയ മോഹൻലാലിനോട് ഏലിക്കുട്ടി ചോദിച്ചത്. ‘അതേ ഞാനാണ് മോഹൻലാൽ, പോരുന്നോ?’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ മറുപടി.
ഇപ്പോഴിതാ അതേ ഏലിക്കുട്ടി ലാലേട്ടനൊപ്പം തുടരും സിനിമയുടെ പുതിയ പോസ്റ്ററിലും ഇടം പിടിച്ചിരിക്കുകയാണ്. മോഹൻലാലും ശോഭനയുമടങ്ങുന്ന താരനിര ചക്ക മുറിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണാനാകുക.
അതിൽ മോഹൻലാലിനോട് ചേർന്നിരിക്കുന്ന ഏലിക്കുട്ടിയെ കാണാം. ആദ്യസിനിമയുടെ പോസ്റ്ററിൽ തന്നെ മുഖം കാണിക്കാനായതിന്റെ സന്തോഷത്തിലാണ് ഏലിക്കുട്ടി.
മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അയൽക്കാരിയായാണ് ഏലിക്കുട്ടി സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ചില ഗാന രംഗങ്ങളിലും ഇവർ പ്രത്യക്ഷപ്പെടുന്നുണ്ട്.
കുമാരമംഗലം സ്വദേശിയായ ഏലിക്കുട്ടി മകൾ ആലീസ്, ഭർത്താവ് ജോൺ, പേരക്കുട്ടി അപ്പു തുടങ്ങിയവർക്കൊപ്പമാണ് താമസിക്കുന്നത്.