'എസ്തപ്പാനേ, ഇനി ഒരു മടങ്ങിവരവില്ലെങ്കിൽ ഒന്ന് കുമ്പസരിച്ച് മനസ് ശുദ്ധമാക്കിയിട്ട് പോ; നെടുന്പള്ളിയച്ചനായി ഫാസിൽ
Thursday, February 20, 2025 10:09 AM IST
എംപുരാനിലെ 15-ാമത്തെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ. ഫാസിൽ അവതരിപ്പിക്കുന്ന നെടുന്പള്ളി അച്ചന്റെ ക്യാരക്ടർ റിവീലിംഗ് ആണ് പുതിയ വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്.
ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് സെറ്റിൽ പോയതെന്നും എന്നാൽ സിനിമയുടെ ഡബ്ബിംഗ് സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ തൃപ്തി കിട്ടിയ റോൾ ആണ് 'നെടുമ്പള്ളി അച്ചൻ' എന്നും ഫാസിൽ വീഡിയോയിൽ പറഞ്ഞു.
ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തതിന് രാജുവിനോട് നന്ദി പറയണമെന്ന് തോന്നി. അത്ര മിടുക്കനായ ഒരു കാസ്റ്റിംഗ് ഡയറക്ടറാണ്, അഭിനയത്തെക്കുറിച്ച് ആഴത്തിൽ അറിയാവുന്ന ആളാണ്.
എല്ലാം പഠിച്ച് സിനിമ പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് പൃഥ്വിരാജെന്നും ഫാസിൽ പറഞ്ഞു. ലൂസിഫറിലും എംപുരാനിലും 'നെടുമ്പള്ളി അച്ചൻ' എന്ന കഥാപാത്രത്തെയാണ് ഫാസിൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ വളർത്തച്ഛൻ ഉപദേശകൻ എന്ന നിലയിലാണ് ലൂസിഫറിൽ നെടുമ്പള്ളി അച്ചനെത്തിയത്.
'എസ്തപ്പാനേ, ഇനി ഒരു മടങ്ങിവരവില്ലെങ്കിൽ ഒന്ന് കുമ്പസരിച്ച് മനസ് ശുദ്ധമാക്കിയിട്ട് പോ. ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ. ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ' എന്ന സ്റ്റീഫനും നെടുമ്പള്ളി അച്ചനും തമ്മിലുള്ള കോമ്പിനേഷൻ രംഗം തിയറ്ററുകളിൽ ശ്രദ്ധ നേടിയിരുന്നു.