ലൂസിഫറിനേക്കാളും സ്ക്രീൻ ടൈം കുറവാണ് എന്പുരാനിൽ; പക്ഷേ, പികെആർ പറയുന്നു
Thursday, February 20, 2025 9:08 AM IST
ലൂസിഫറിലെ പ്രധാനപ്പെട്ട കഥാപാത്രമായ പികെആർ അഥവാ പി.കെ. രാംദാസ് എമ്പുരാനിൽ വീണ്ടുമെത്തുന്നു. ബോളിവുഡ് താരം സച്ചിൻ ഖേഡേക്കർ ആണ് ലൂസിഫറിൽ പി.കെ. രാംദാസ് ആയി വേഷമിട്ടത്.
ഈ കഥാപാത്രത്തിന്റെ മരണത്തോടെയാണ് സിനിമ തുടങ്ങുന്നത് തന്നെ. എന്നാൽ ചില ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ പികെആർ എത്തുന്നുമുണ്ടായിരുന്നു. രണ്ടാം ഭാഗത്തിലും തന്റെ സാന്നിധ്യം ഉണ്ടെന്നു പറയുകയാണ് സച്ചിൻ ഖേഡേക്കർ. ചിത്രത്തിലെ പതിനാറാം കഥാപാത്രമായാണ് പികെആറിന്റെ ക്യാരക്ടർ അണിയറക്കാർ വെളിപ്പെടുത്തിയത്.
നെടുമ്പളളിയിൽ നിന്നും വന്ന നീതിക്കു വേണ്ടി നിലകൊണ്ട ആദരണീയനായ നേതാവ് പി.കെ. രാംദാസ് ആയി വീണ്ടും നിങ്ങളുടെ മുന്നിലെത്തുന്നു. പികെആർ ആയി നിങ്ങൾ എന്നെ ഓർക്കുന്നുണ്ടാകും. ലൂസിഫറിൽ എന്റെ സ്ക്രീന്‍ ടൈം വളരെ കുറവായിരുന്നെങ്കിലും അഭിനയിച്ചതെല്ലാം അവിസ്മരണീയമായ ഭാഗങ്ങളിലായിരുന്നു.
ആ കഥാപാത്രത്തിലൂടെ എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചു. എവിടെയെങ്കിലും യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ മലയാളികള്‍ എന്റെ അടുത്തു വന്ന് ചോദിക്കും, ‘പികെആർ’ അല്ലേ എന്ന്.
രണ്ടാം ഭാഗം എന്നെ ആവേശഭരിതനാക്കുന്നു. ഇത്തവണ എന്റെ സ്ക്രീൻ ടൈം ആദ്യ ഭാഗത്തേക്കാളും കുറവാണ്. പക്ഷേ എന്റെ സാന്നിധ്യം എല്ലായിടത്തും അനുഭവപ്പെടും. സിനിമയിൽ അടുത്തതായി നടക്കാനിരിക്കുന്ന നിർണായക സംഭവങ്ങളുടെ ഗതി നിശ്ചയിക്കുന്ന മനോഹരമായ രംഗത്തിൽ ലാൽ സാറിനൊപ്പം പ്രവർത്തിക്കാൻ വീണ്ടും ഒരവസരം ലഭിച്ചു.
എന്റെ പ്രിയ സുഹൃത്ത് പൃഥ്വിക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിലും സന്തോഷം. ഈ സിനിമയുടെ സ്കെയിലില്‍ തന്നെ ആ വളർച്ച നിങ്ങൾക്കനുഭവപ്പെടും. മലയാള സിനിമയിൽ പുതിയ വഴിവെട്ടി വരുന്ന ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലും എനിക്ക് വളരെയേറെ സന്തോഷമുണ്ട്.’’സച്ചിൻ ഖേഡേക്കറുടെ വാക്കുകൾ.