സംവിധാനം അനൂപ് മേനോൻ; പ്രണയനായകനായി മോഹൻലാൽ
Wednesday, February 19, 2025 4:03 PM IST
നടൻ അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ മോഹൻലാൽ. പ്രണയവും വിരഹവും സംഗീതവും ഇഴ ചേർന്ന റൊമാന്റിക് എന്റർടെയ്നറാകും ചിത്രമെന്നാണ് സൂചന. സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനൂപ് മേനോന് തന്നെയാണ്.
തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ടൈംലെസ് മൂവീസ് നിർമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ്. എന്നിവരാണ് ടൈംലെസ് മൂവീസിന്റെ പ്രതിനിധികൾ.
അനൂപ് മേനോൻ തന്റെ കരിയറിൽ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ പകൽ നക്ഷത്രങ്ങളിൽ നായകനായെത്തിയത് മോഹൻലാൽ ആയിരുന്നു. പിന്നീട് ഇരുപതോളം സിനിമകൾക്ക് തിരക്കഥ എഴുതി. 2022ൽ റിലീസ് ചെയ്ത ‘കിംഗ് ഫിഷ്’ ആണ് അനൂപ് മേനോൻ അവസാനമായി സംവിധാനം ചെയ്ത സിനിമ.