സ്വാസിക നായികയാകുന്ന നേമം പുഷ്പരാജ് ചിത്രം രണ്ടാം യാമം; ട്രെയിലർ
Wednesday, February 19, 2025 12:54 PM IST
‘ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന സിനിമയുടെ ട്രെയിലർ എത്തി. സ്വാസിക മുഖ്യ വേഷത്തിലെത്തുന്നു. ധ്രുവൻ, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീർ കരമന, രാജസേനൻ, ഷാജു ശ്രീധർ, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ.
കാലങ്ങളായി സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടേയും വഞ്ചനയുടെയും അനാചാരങ്ങൾക്കുമെതിരേ വിരൽ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.
മോഹൻ സിത്താരയാണ് സംഗീതം. ‘ഈ രാവിൽ നോവും’ എന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മായ്ക്കുന്നു ഞാനെന്നെ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചത്.
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ ആർ.നിർമിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തിൽ അഴകപ്പൻ ഛായാഗ്രഹണവും വി.എസ്.വിശാൽ എഡിറ്റിംഗും നിർവഹിക്കുന്നു. എ.ആർ.കണ്ണൻ ആണ് പ്രോജക്ട് ഡിസൈനർ. ഫെബ്രുവരി 28ന് ‘രണ്ടാം യാമം’ പ്രദർശനത്തിനെത്തും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫോർച്യൂൺ ഫിലിംസും ഫിയോക്കും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- വാഴൂർ ജോസ്.