കാലിന് ബുദ്ധിമുട്ടാണ് നടക്കാൻ കഴിയില്ലെന്ന് പറഞ്ഞു, എങ്കിൽ കഥാപാത്രത്തെയും അങ്ങനെയാക്കമെന്ന് രാജു പറഞ്ഞു
Wednesday, February 19, 2025 12:25 PM IST
എന്പുരാനിൽ സായി കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മഹേഷ് വർമ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ പതിനേഴാമത്തെ ക്യാരക്ടറായാണ് സായികുമാറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
‘‘നമസ്കാരം ഞാൻ നിങ്ങളുടെ സായികുമാർ. ലൂസിഫർ എന്ന സിനിമയില്‍ മഹേഷ വർമയ്ക്ക് നിങ്ങൾ തന്ന ആ സ്വീകാര്യത രണ്ടാമത്തെ ഭാഗമായ എമ്പുരാനിലും നൽകും എന്നുള്ള പ്രതീക്ഷ നിലനിൽക്കെ തന്നെ ഞാനും സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ടിട്ട് അഞ്ച് വർഷമായി. അദ്ദേഹത്തിന്റെ മുമ്പോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് നിങ്ങളെപ്പോലെ തന്നെ ആകാംക്ഷയോടെ ഞാനും നോക്കി ഇരിക്കുകയാണ്.
ലൂസിഫർ സിനിമയ്ക്കു വേണ്ടി അതിന്റെ എക്സിക്യൂട്ടിവ് സിദ്ദു പനയ്ക്കൽ വിളിക്കുമ്പോൾ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തോടു പറയുകയും നമുക്ക് അടുത്ത സിനിമയിൽ കാണാം എന്ന വാഗ്ദാനത്തോടെ ഫോണ്‍ വയ്ക്കുകയും ചെയ്തു.
പക്ഷേ അതേ നമ്പറിൽ നിന്നും വീണ്ടും നമ്മുടെ പ്രിയപ്പെട്ട രാജു, സുകുവേട്ടന്റെ മകൻ എന്നു പറയുമ്പോൾ നമുക്കൊരു പ്രത്യേക വാത്സല്യമുണ്ട്. സുകുവേട്ടനുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഫോൺ വന്നപ്പോൾ ഞാൻ എടുത്തു.
പൃഥ്വി ചോദിച്ചു, എന്താ ചേട്ടാ കാരണം. കാലിന് ബുദ്ധിമുട്ടുണ്ട്, നടക്കാൻ കുറച്ച് പ്രയാസമാണെന്ന് ഞാൻ പറഞ്ഞു. നടക്കാൻ വയ്യാത്ത രീതിയിലാണെങ്കിൽ അങ്ങനെയാണ് നമ്മുടെ ക്യാരക്ടർ. നമ്മുടെ വർമ സർ അങ്ങനെയാണ്. ഇനി അതല്ല വീൽ ചെയറിലാണെങ്കിൽ അങ്ങനെയാണ് വര്‍മ സർ. എന്നു പറഞ്ഞാണ് ലൂസിഫറിലേക്ക് എന്നെ വിളിച്ചത്.’’–സായി കുമാർ പറഞ്ഞു.