ഗ്ലാമർ റോൾ ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതിൽ പശ്ചാത്താപമില്ല, ശ്രീലക്ഷ്മി എന്ന പേരും ഇഷ്ടമില്ല; ആരാധ്യ
Wednesday, February 19, 2025 11:51 AM IST
ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ പ്രസ്താവനയിൽ പശ്ചാത്തപമല്ലെന്ന് നടി ആരാധ്യ ദേവി. ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ടെന്ന് പിന്നീടാണ് മനസിലാക്കിയതെന്നും കഥാപാത്രമാണ് ഗ്ലാമർ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
നേരത്തെ അത്തരം റോളുകൾ ചെയ്യില്ലെന്ന് പറഞ്ഞത് തന്റെ സാഹചര്യം കൊണ്ടാണെന്നും സാരി സിനിമയുടെ പ്രെമോഷൻ വേളയിൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരാധ്യ.
‘‘അന്ന് ഞാൻ പറഞ്ഞ ആ വാക്കുകളിൽ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു.
അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമർ റോൾസ് ചെയ്യില്ലെന്നു പറഞ്ഞത്. എന്നാല് വൈവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയിൽ നമ്മുടെ ക്രാഫ്റ്റുകൾക്ക് ഊർജം പകരുകയെന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു.
അടുത്ത വീട്ടിലെ പെൺകുട്ടി എന്ന തരത്തിലുള്ള പെൺകുട്ടിയായാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒട്ടും ഗ്ലാമറസല്ലാത്ത കഥാപാത്രം. എന്നാൽ വില്ലന്റെ സാങ്കൽപിക ലോകത്തിൽ അയാളുടെ ഫാന്റസിയിൽ കരുതുന്നത് ഈ കുട്ടിയൊരു സെക്സി ഗേൾ എന്നാണെന്നാണ്. അത് കാണിക്കുന്നതിനായി മാത്രം ചില ഗ്ലാമറസ് രംഗങ്ങൾ സിനിമയിൽ കാണിക്കേണ്ടി വന്നു.
അതുകൊണ്ട് തന്നെ ഞാൻ പറഞ്ഞ വാക്കുകളിൽ ഖേദിക്കുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഗ്ലാമറിന് ഇന്ന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വസ്ത്രത്തിന് അതിൽ യാതൊരു പ്രസ്കതിയുമില്ല. ഇതൊരു വികാരമാണ്. ഓരോ വ്യക്തികളെയും അതു ബാധിക്കും.
ചിലർക്കതൊരു വസ്ത്രങ്ങളിലായിരിക്കാം, ചിലർക്ക് അത് ഇമോഷൻസിലാകാം. അന്ന് ഞാൻ പറഞ്ഞതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകൾ വരുന്നുണ്ട്. അന്നത്തെ 22കാരിയായ എന്നെ ഭാവിയിൽ ഞാൻ കുറ്റം പറയാനും പോകുന്നില്ല. ഭാവിയിൽ എന്തു തരത്തിലുള്ള വേഷം ചെയ്യാനും തയാറാണ്.
എന്റെ പേരു മാറ്റാനുള്ള കാരണത്തെക്കുറിച്ചും പറയാം. ശ്രീലക്ഷ്മിയെന്നുള്ള പേര് എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. ഞാനതൊരു കുറ്റമായി പറയുന്നതല്ല. സ്കൂളിൽ നമ്മുടെ ക്ലാസിൽ തന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മി ഉണ്ടായിരിക്കും. എനിക്ക് എപ്പോഴും വ്യത്യസ്തമാർന്ന പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനും അമ്മയോടും ഇതുമായി ബന്ധപ്പെട്ട് പരാതി പറയാറുമുണ്ടായിരുന്നു.
ഇങ്ങനെയൊരു അവസരം വന്നപ്പോൾ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന ചിന്ത വന്നു. ശ്രീലക്ഷ്മി പരമ്പരാഗത പേര് ആണ്. അങ്ങനെ മാതാപിതാക്കളും രാം ഗോപാൽ വർമ സാറും കുറച്ച് പേരുകൾ നിർദേശിച്ചു. അതിൽ നിന്നും ഞാൻ തിരഞ്ഞെടുത്തതാണ് ആരാധ്യ.
വലിയൊരു അനുഭവം തന്നെയായിരുന്നു രാം ഗോപാൽ വർമയുമൊത്തുള്ള സിനിമ. ഇതെന്റെ ആദ്യത്തെ സിനിമയാണ്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ഞാനൊരിക്കലും മോഡലിംഗ് ചെയ്തിട്ടില്ല.
പിജി പഠിക്കുന്ന സമയത്ത് വെറുതെ ചെയ്ത വീഡിയോ ഇദ്ദേഹം കണ്ട് എന്നെ വിളിക്കുകയായിരുന്നു. അല്ലാതെ മോഡലിംഗ് എന്റെ പാഷനേ അല്ലായിരുന്നു. അഭിനയം പണ്ടേ ഇഷ്ടമായിരുന്നു. സ്കൂളിൽ നാടകങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. എന്നാൽ സാധാരണ കുടുംബത്തിൽ നിന്നും വരുന്ന പെൺകുട്ടിയെന്ന നിലയ്ക്ക് നടിയാകുക എന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ആ സ്വപ്നം അന്നേ കുഴിച്ചു മൂടി.
പിന്നീടാണ് ഇതൊക്കെ ഒരു സ്വപ്നം പോലെ സംഭവിക്കുകയായിരുന്നു. ‘സാരി’ എന്ന സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതെന്നെ ബാധിക്കുകയില്ല. കാരണം ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഈ നിമിഷങ്ങളെ ഓർത്ത് സന്തോഷിക്കും, അത്രമാത്രം.’’–ആരാധ്യ പറഞ്ഞു.