എട്ടുകൊല്ലമായി അദ്ദേഹവുമായുള്ള ബന്ധം തുടങ്ങിയിട്ട്, മമ്മൂട്ടി കമ്പനി നിര്‍മിച്ച ഒരു സിനിമയിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല; രമേഷ് പിഷാരടി
Wednesday, February 19, 2025 10:09 AM IST
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രമേഷ് പിഷാരടി. എട്ടുകൊല്ലമായി മമ്മൂട്ടിയുമായുള്ള സൗഹൃദം തുടങ്ങിയിട്ടെന്നും കുട്ടികാലത്ത് ദൂരെ നിന്ന് കണ്ട മമ്മൂട്ടിയെ കാണാനും അദ്ദേഹത്തിന്റെ കൂടെ നടക്കാനും കഴിഞ്ഞത് വലിയ കാര്യമാണെന്നും പിഷാരടി പറയുന്നു. താനും ധര്‍മജനും ഇരുപത് വര്‍ഷം ഒന്നിച്ച് നടന്നിട്ടും ഇത്തരം ചോദ്യങ്ങൾ ആരും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
""ഒരാൾ ഒരാളോടു നന്നായി പെരുമാറിയാൽ പോലും സംശയത്തോടെ നോക്കുന്ന ഒരു കാലമാണ്. നമ്മള് കാണുന്ന പല സൗഹൃദങ്ങളിലും എന്താണ് ലാഭം എന്നാണ് പലരും ചിന്തിക്കുന്നത്. ആളുകളെ സംബന്ധിച്ചിടത്തോളം എന്റെ ഭാഗത്തുനിന്നും ഒരു ഉത്തരം കിട്ടുന്നുണ്ടാകും. അവന് വേഷം കിട്ടാനും ജീവിക്കാൻ വേണ്ടിയെന്നൊക്കെ പറഞ്ഞ് എന്റെ ഭാഗത്തുനിന്നും നോക്കിയാൽ ഇതുപോലുള്ള ഉത്തരങ്ങൾ കിട്ടുന്നുണ്ടാകും.
പക്ഷേ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആളുകൾ നോക്കിയാൽ ഇതിനൊരുത്തരം കിട്ടുന്നുമില്ല. ഞങ്ങളുടെ പ്രൊഫൈൽ തമ്മിൽ മാച്ച് ആകാത്തതുകൊണ്ടായിരിക്കും, ഇതിനെ ഒരു സംശയത്തോടെ നോക്കി കാണുന്നത്. ഇപ്പോൾ എട്ടുകൊല്ലമായി അദ്ദേഹവുമൊത്തുള്ള ബന്ധം തുടങ്ങിയിട്ട്. ഒരു ചോദ്യത്തിന്റെ പോലും പ്രസക്തിയുള്ള കാര്യം അവിടെ സംഭവിക്കുന്നില്ല.
മമ്മൂട്ടി കമ്പനി നിര്‍മിച്ച ഒരു സിനിമയിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. പക്ഷേ എല്ലാ ലൊക്കേഷനിലും പോയിട്ടുമുണ്ട്. സംവിധാനം ചെയ്ത രണ്ട് സിനിമകളിലും ഞാൻ കയറി അഭിനയിച്ചിട്ടില്ല. ഇതൊന്നും ആളുകൾക്ക് ഒരു വിഷയമല്ല.
ഞാനും ധര്‍മനും ഇരുപത് വര്‍ഷം ഒന്നിച്ച് നടന്നിട്ടും ആരും ചോദിച്ചിട്ടില്ലാ നിങ്ങള്‍ ഒന്നിച്ചാണല്ലോ എന്ന്, ഞാന്‍ എന്റെ ഇഷ്ടം ചെയ്യുന്നതെയുള്ളു. അത് ഭരണഘടനാ വിരുദ്ധമായ കാര്യമൊന്നുമല്ലല്ലോ? കുട്ടികാലത്ത് ദൂരെ നിന്ന് കണ്ട മമ്മൂട്ടിയെ കാണാനും അദ്ദേഹത്തിന്റെ കൂടെ നടക്കാനും കഴിഞ്ഞത് വളരെ വലിയ കാര്യമാണ്.
എല്ലാ ടൂറിസ്റ്റുകേന്ദ്രങ്ങളിലും ആളുകൾ പോകുന്നതെന്തുകൊണ്ടാണ്, ഇവർ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് കാണാൻ പോകുന്നത്. എന്നെ സംബന്ധിച്ച് ഞാൻ ചെറുപ്പം മുതൽ പലരും പറഞ്ഞുകേട്ടിട്ടുള്ള വലിയൊരു ടൂറിസ്റ്റ് സ്പോട്ട് ആണത്.
അവിടെ എനിക്കൊരു എൻട്രി ഉണ്ടെന്നത് സന്തോഷത്തോടെ ആസ്വദിക്കുന്ന കാര്യമാണ്. മമ്മൂക്കയെ വച്ച് ഞാന്‍ ഇനിയും സിനിമ ചെയ്യുന്നുണ്ട്. എന്ന് എപ്പോൾ എന്ന് പറയാനാകില്ല.’’–രമേശ് പിഷാരടി പറഞ്ഞു.