ഇത്തരം പോസ്റ്റർ ഷെയർ ചെയ്യുന്ന ആളുകളോട് സഹതാപം മാത്രം: രൂക്ഷ പ്രതികരണവുമായി പെപ്പെ
Wednesday, February 19, 2025 9:19 AM IST
ദാവീദ് സിനിമയുടേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് നടൻ ആന്റണി വർഗീസ്. ‘ദാവീദിന്റെ പഞ്ചിൽ ബ്രോയുടെ കിളി പറന്നു’ എന്ന അടിക്കുറിപ്പോടു കൂടിയുളള പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പ്രതികരണം.
""ദാവീദ് സിനിമയുടെ പോസ്റ്റർ എന്ന വ്യാജേന ഒരു പോസ്റ്റർ കാണാൻ ഇടയായി. ഈ പോസ്റ്ററിന് ‘ദാവീദ്’ ടീമുമായി യാതൊരുവിധ ബന്ധവുമില്ല. ഇത്തരം പോസ്റ്ററുകൾ ഒരു സിനിമാ പ്രവർത്തകരും മറ്റൊരു സിനിമയെ തകർക്കാനോ അപകീർത്തിപെടുത്താനോ ഉപയോഗിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഇതുപോലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുവരുടെ മനോരോഗ സ്വഭാവം നമുക്കു മനസിലാക്കാം. എന്നാൽ ഈ ഒരു കാലത്തും ഇതൊക്കെ വിശ്വസിച്ചു മേൽപറഞ്ഞ പോസ്റ്റർ ഷെയർ ചെയ്യുന്ന ആളുകളോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നല്ല സിനിമകൾ എന്നും വിജയിക്കുക തന്നെ ചെയ്യും.’’
ബ്രൊമാൻസ് എന്ന ചിത്രത്തെയും പൈങ്കിളിയെയും ഉദേശിച്ചുകൊണ്ടായിരുന്നു വ്യാജപോസ്റ്റർ ഇറങ്ങിയത്.
ആഷിഖ് അബു എന്ന ബോക്സർ ആയാണ് ‘ദാവീദി’ൽ ആന്റണി പെപ്പെ ചിത്രത്തിൽ എത്തുന്നത്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഗോവിന്ദ് വിഷ്ണുവും ദീപുരാജീവും ചേര്‍ന്നാണ്. സെഞ്ച്വറി മാക്സ്, ജോണ്‍ മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.