എന്റെ തീയ്യത്തിയുടെ ബന്ധുവാണ് വധു; റോബിനും ആരതിക്കും ആശംസ നേർന്ന് വി.കെ. ശ്രീരാമൻ
Wednesday, February 19, 2025 8:49 AM IST
ആരതി പൊടിയുടെയും റോബിൻ രാധാകൃഷ്ണന്റെയും വിവാഹത്തിൽ പങ്കെടുത്ത് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. വി.കെ. ശ്രീരാമന്റെ ഭാര്യയുടെ ബന്ധുവിന്റെ മകളാണ് ആരതി പൊടി.
വി.കെ. ശ്രീരാമന്റെ വാക്കുകൾ
‘ഇന്ന് ഗുരുവായൂര്‍ ഒരു കല്യാണത്തിന് പോയി. ന്റെ തീയ്യത്തീടെ കസിന്റെ മോളാണ് കല്യാണപ്പെണ്ണ്. പൊടീസ് എന്ന പേരിലുള്ള വസ്ത്രാലങ്കാര അല്ലെങ്കിൽ അലങ്കാരവസ്ത്ര പ്രസ്ഥാനത്തിന്റെ പെരുന്തച്ചനാണ് (പെരുന്തച്ചന്റെ സ്രീലിങ്കം എന്താന്ന് നിശ്ശല്ല) ആരതി പൊടി. പോടീസ് ബുട്ടീക്കിന്റെ പുത്യാപ്ല ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഒരു ബിഗ് ബോസുമാണ്.
ഫാഷൻ ഡിസൈനിംഗും റിയാലിറ്റി ഷോയും നമുക്ക് കേട്ടുകേൾവിയല്ലാതെ കണ്ടു കാണിയല്ല. അതിനാൽ ആ മേഖലയിലേക്ക് നോം പ്രവേശിക്കുന്നില്ല. ഈ വൈവാഹികത്തിൽ തൃശൂക്കാരൻ ഇമ്മട്ടിയെന്ന ടോമിന്റെ റോൾ എന്തെന്നറിയില്ലെങ്കിലും റോളിംഗ് സ്റ്റോൺ ഗേദേഴ്സ് നോ മോസ് എന്നാണല്ലോ ? പായലേ വിട പൂപ്പലേ വിട എന്നാണ് ഏഷ്യൻ പെയ്ന്റ്സും പറയുന്നത്. അതിനാലും മംഗലം കേമായി.
ഉർസുല വന്ന് എന്നോടെന്തോ പറഞ്ഞു. ഞാനതു കേട്ട പോലെ ഇരുന്നു. എന്റെ ശരീരത്തിൽ നിന്ന് ഇളം കൂണുകളുടെ ഗന്ധം ഉയർന്നിരുന്നു. അതാരും അറിഞ്ഞില്ലെന്നു തോന്നുന്നു. ആയതിനാലുമിന്ന് കോഴിക്കോട്ടേക്കു പോണം. വട്ടാമ്പോയിൽ ചോയിക്കുട്ടി വൈദ്യരേയും മടത്തിൽ മൂപ്പരേയും കാണണം. പാഠം 8 നൃത്തം ചെയ്യുന്ന മലയാളമാണ്.’