നിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കം: അടിയന്തര ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് സാന്ദ്ര തോമസ്
Tuesday, February 18, 2025 12:10 PM IST
നിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന് സ്റ്റീഫന്റെ പത്രസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന് ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സുരേഷ് കുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ "വെടക്കാക്കി തനിക്കാക്കുക' എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജയന് ചേര്‍ത്തല രംഗത്തെത്തിയിരുന്നു.
കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്സ് അസോസിയേഷന് അധിക്ഷേപിക്കുകയാണെന്ന് അമ്മ പ്രതിനിധിയായ ജയന് ചേര്‍ത്തല പ്രതികരിക്കുകയുണ്ടായി. താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കേണ്ടിവരുമെന്നും വ്യക്തമാക്കി.
അതിനിടെ ആന്റണി പെരുമ്പാവൂരിനെ തള്ളി ജി. സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷന് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. നാഥനില്ലാ കളരിയല്ലെന്നും അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും വ്യക്തമാക്കിയാണ് ജയന് ചേര്‍ത്തല പ്രൊഡ്യുസേഴ്സ് അസോസിയേഷനെതിരേ തുറന്നടിച്ചത്.
നടീനടന്മാര് പണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന് നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടം കയറിയ പ്രൊഡ്യുസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയത് അമ്മയാണ്. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷമാണ് നിര്‍മാതാക്കള്‍ താരസംഘടനയെ താഴ്ത്തിക്കെട്ടുന്നതെന്നും ജയന് ചേര്‍ത്തല വിമര്‍ശിച്ചു.