ഞാൻ സൂപ്പർസ്റ്റാർ അല്ലല്ലോ, സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, നോട്ടിസിൽ ‘അമ്മ’ ഇടപെടും: ജയൻ ചേർത്തല
Tuesday, February 18, 2025 10:18 AM IST
നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടിസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി ‘അമ്മ’യുടെ അഡ്-ഹോക് കമ്മിറ്റി ഭാരവാഹി ജയന് ചേര്‍ത്തല. നിർമാതാക്കളുടെ സംഘടനയുമായി ബന്ധപ്പെട്ട് താന്‍ സത്യമേ പറഞ്ഞിട്ടുള്ളൂവെന്നും മാറ്റിപ്പറയേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ ബലത്തിലാണ് താന്‍ സംസാരിച്ചത്. വക്കീല്‍ നോട്ടിസിന് ‘അമ്മ’യുടെ അഭിഭാഷകന് പ്രതികരിക്കുമെന്നും ജയൻ വ്യക്തമാക്കി.
‘‘ഞാന്‍, ജയനെന്ന വ്യക്തി സംഘടനയെ പ്രതിനിധാനം ചെയ്യുന്ന ആളാണ്. നമുക്ക് ആ സംഘടനയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. എന്റെ അറിവില്‍ അതെല്ലാം സത്യസന്ധമായ കാര്യങ്ങളാണ്.
അങ്ങനെയൊരു പ്രശ്നത്തിൽ വക്കീല്‍ നോട്ടീസ് ലഭിക്കുമ്പോള്‍ ആദ്യം സംഘടന ഇടപെടുന്നത് തന്നെയാണ്. സംഘടന അത് ഏറ്റെടുക്കും. സംഘടന അറിയാത്ത ഒന്നും ജയന് എന്ന സാധാരണക്കാരനോ അഭിനേതാവോ സ്വന്തം ഭാഷയില്‍ ഒന്നും നിര്മിച്ചെടുത്തിട്ടില്ല എന്ന് 'അമ്മ'യ്ക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ സംഘടന ആ വിഷയം കൈകാര്യം ചെയ്തോളും എന്ന് എനിക്ക് ഉറപ്പു തന്നിട്ടുണ്ട്.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒരിക്കലും സിനിമ മേഖലയ്ക്ക് നല്ലതല്ല. സിനിമയില്‍ നിര്‍മാതാക്കളുടെ സംഘടന വേണം, എക്സിബിറ്റര്‍മാരുടെ സംഘടന വേണം, ടെക്നീഷ്യന്‍സിന്റെയും അഭിനേതാക്കളുടേയും സംഘടന വേണം.
പക്ഷേ, അത് പരസ്പര ബഹുമാനത്തോടെ പോകണം. എവിടെയൊക്കെയോ വച്ച് പരസ്പരബഹുമാനം ഇല്ലാതായി. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എല്ലാവരും സിനിമയെ ആവശ്യമുള്ളവരാണ്. ഇപ്പോഴത്തേത് വികാരത്തിന് പുറത്തുള്ള പ്രശ്നമാണ്. അത് തണുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ വിഷയത്തിൽ തര്‍ക്കം പാടില്ലാത്തതാണ്. ചിലര്‍ ചില കാര്യങ്ങള്‍ പറയുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റാത്തതുകൊണ്ട് പ്രതികരിച്ചുപോവുന്നതാണ്. പറഞ്ഞ വസ്തുതകള്‍ സത്യം തന്നെയാണ്. സംഘടനയുടെ നേതാക്കളുമായി സംസാരിച്ചാണ് പ്രതികരിച്ചത്. സംഘടനയ്ക്ക് വക്കീലുണ്ട്. വക്കീല്‍ പ്രതികരിക്കും.
ഞാനൊരു സൂപ്പര്‍സ്റ്റാര്‍ പോലും അല്ലാത്ത ആളാണ്. എന്നെ എന്തിനാണ് ടാർഗറ്റ് ചെയ്യുന്നത്. വ്യക്തിപരമായ ആക്രമണമായി കാണുന്നേയില്ല. എനിക്കെതിരെയുള്ള അജന്ഡയായൊന്നും ഞാന്‍ കാണുന്നില്ല. സത്യമേ പറഞ്ഞിട്ടുള്ളൂ, മാറ്റിപ്പറയേണ്ട കാര്യങ്ങളില്ല. ജയൻ ചേർത്തല വ്യക്തമാക്കി.