കുഞ്ഞിന് പേരിടുക എന്റെ അമ്മ; ദിയ കൃഷ്ണ പറയുന്നു
Tuesday, February 18, 2025 9:13 AM IST
ജനിക്കാൻ പോകുന്ന കുഞ്ഞിന് അനുയോജ്യമായ പേരിടുക തന്റെ അമ്മ സിന്ധു കൃഷ്ണ ആയിരിക്കുമെന്ന് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ആണിനും പെണ്ണിനുമുള്ള പേര് അമ്മ കണ്ടുവച്ചിട്ടുണ്ടാകുമെന്നും സമയമാകുന്പോൾ ആ പേരിടുമെന്നും ദിയ പറഞ്ഞു.
പെൺകുട്ടി ജനിക്കണം എന്നാണ് ആഗ്രഹം. ആൺകുട്ടി ആയാലും കുഴപ്പമില്ല. എങ്ങനെയായാലും ആരോഗ്യമുള്ള കുട്ടി ജനിക്കണമെന്നാണ് ഈ സമയത്തെ ആഗ്രഹം എന്നും ദിയ കൂട്ടിച്ചേർത്തു.
‘‘കുഞ്ഞിനുള്ള പേര് ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ആ ജോലി എന്റെ അമ്മയെ ഏൽപ്പിച്ചിരിക്കുകയാണ്. അമ്മയാണ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുട്ടികൾക്കും നല്ല അസൽ സംസ്കൃതം പേരുകൾ നൽകിയത്.
അപ്പോൾ കുഞ്ഞ് ജനിക്കുമ്പോൾ അമ്മ നല്ല പേരു നൽകും എന്ന് ഉറപ്പാണ്. ആണിനും പെണ്ണിനുമുള്ള പേരുകൾ അമ്മ ഇപ്പോൾ നോക്കി വച്ചിട്ടുണ്ടാകും. ആ സമയത്ത് അമ്മ ഒരു പേര് പറയും. ഞങ്ങൾ അത് കുഞ്ഞിനെ വിളിക്കും,’’ ദിയ കൃഷ്ണ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. ദീർഘകാലസുഹൃത്തായിരുന്നു അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്വയർ എഞ്ചിനീയർ ആണ് അശ്വിൻ. കൃഷ്ണകുമാർ – സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ.