നിരുപാധികം മാപ്പ് പറയണം; ജയൻ ചേർത്തലയ്ക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Monday, February 17, 2025 3:02 PM IST
നടനും അമ്മയുടെ മുൻ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തലയ്ക്കതിരെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. നടനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാണ് സംഘടനയുടെ തീരുമാനം.
ആന്റണി പെരുന്പാവൂർ-സുരേഷ് കുമാർ വിവാദങ്ങൾക്കിടയിൽ ജയൻ നടത്തിയ വാർത്തസമ്മേളനത്തിലെ പരമാർശത്തിലാണ് കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നടന് സംഘടന വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
കടക്കെണിയിലായ നിർമാതാക്കളുടെ സംഘടന ‘അമ്മ’യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിർമാതാക്കളുടെ സംഘടന പറയുന്നു. ‘അമ്മ’യും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും, ഇത് ‘അമ്മ’യുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിർമാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന് ചേര്‍ത്തലയുടെ പ്രസ്താവനയും തെറ്റാണെന്നും സംഘടന പറയുന്നു.
പ്രസ്താവനകൾ പിൻവലിച്ച് നിരുപാധിക മാപ്പ് പറയണമെന്നും അല്ലെങ്കില്‍ മാനനഷ്ടത്തിന് നിയമപരമായി നീങ്ങുമെന്ന് നിര്‍മ്മാതാക്കളുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നു. സിനിമ രംഗത്തെ തര്‍ക്കം പുതിയ ഘട്ടത്തില്‍ എത്തുന്ന സൂചനയാണ് നിര്‍മാതാക്കളുടെ സംഘടന ജയന് ചേര്‍ത്തലയ്ക്ക് അയച്ച വക്കീല്‍ നോട്ടീസ്.