ഒരു സിനിമ ഭ്രാന്തന്റെ ഡെഡിക്കേഷന്റെ പേരുകൂടിയാണ് ഈ ചിത്രം; ദാവീദിനെ പ്രശംസിച്ച് എ.എ. റഹീം
Monday, February 17, 2025 12:55 PM IST
ആന്റണി വർഗീസിന്റെ ദാവീദ് സിനിമയെ പ്രശംസിച്ച് രാജ്യസഭ എംപി എ.എ. റഹീം. ദാവീദ് ഒരു സിനിമാ ഭ്രാന്തന്റെ ഡെഡിക്കേഷന്റെ പേര് കൂടിയാണെന്നും സംവിധാനം-ഗോവിന്ദ് വിഷ്ണു എന്ന് സ്ക്രീനിൽ തെളിഞ്ഞപ്പോൾ തന്റെ മനസിൽ പാപ്പനംകോട് എസ് സി ടി എഞ്ചിനിയറിംഗ് കോളേജിലെ പഴയ ആ സിനിമാ ഭ്രാന്തന്റെ മുഖം തെളിഞ്ഞെന്നും റഹീം കുറിച്ചു.
ദാവീദ് ഒരു സിനിമാ ഭ്രാന്തന്റെ ഡെഡിക്കേഷന്റെ പേര് കൂടിയാണ്. സിനിമയിറങ്ങി രണ്ടാം നാൾ ഇന്നലെ രാത്രി തിരുവനന്തപുരത്തെ കൈരളി തിയറ്റർ ഏതാണ്ട് ഫുൾ ആണ്. നിറഞ്ഞ തിയറ്ററിൽ ദാവീദിന്റെ ടൈറ്റിൽ, സംവിധാനം-ഗോവിന്ദ് വിഷ്ണു-എന്ന് സ്ക്രീനിൽ തെളിഞ്ഞപ്പോൾ എന്റെ മനസിൽ പാപ്പനംകോട് എസ് സി ടി എഞ്ചിനിയറിംഗ് കോളേജിലെ പഴയ ആ സിനിമാ ഭ്രാന്തന്റെ മുഖം തെളിഞ്ഞു.
ഞങ്ങളുടെ എസ് എഫ് ഐ കാലത്തെ സംഘർഷഭരിതമായ പാപ്പനംകോട് എഞ്ചിനിയറിംഗ് കോളേജിലെ മിടുക്കരായ ഒരുസംഘം എസ്എഫ്ഐക്കാർ ഭീഷണികൾക്ക് മുന്നിൽ തോൽക്കാൻ മനസില്ലാത്ത ഒരു കൂട്ടം വിദ്യാർഥികൾ.
അതിലൊരാളായിരുന്നു കൊല്ലം ജില്ലയിലെ ചവറയിൽ നിന്നും വന്ന ഗോവിന്ദ് വിഷ്ണു. ബയോടെനോളജി ക്ലാസിൽ പഠിക്കുമ്പോഴും അവന്റെ മനസ് നിറയെ സിനിമയായിരുന്നു. ദീർഘമായ കാലം ആ സ്വപ്നം കൈവിടാതെ ലക്ഷ്യത്തിലേയ്ക്ക് ഗോവിന്ദ് യാത്ര ചെയ്തു.
അവരുടെ പഠനകാലം കഴിഞ്ഞു പതുക്കെപ്പതുക്കെ അവനുമായുള്ള തുടർച്ചയായ ബന്ധങ്ങൾ ഇല്ലാതെയായി. ഇക്കഴിഞ്ഞ കേരളീയം തിരുവന്തപുരത്തു നടക്കുമ്പോൾ ഫുഡ് ഫെസ്റ്റിവലിന്റെ ചുമതല നിർവഹിക്കുന്നതിനിടയിൽ ഫുഡ്ബ്രാന്റിംഗിന് വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിന് സമയം വൈകിയപ്പോൾ ഉദ്യോഗസ്ഥരോട് നിശ്ചയിച്ച സമയത്തിനുള്ളിൽ പരസ്യം ചിത്രീകരിച്ചേ മതിയാകൂ എന്ന് കർശനമായി നിർദേശിച്ചു.
അന്ന് പി ആർ ഡിയിലെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു, സർ ഉദ്ദേശിച്ച ക്വാളിറ്റിയിൽ കൃത്യ സമയത്തിനുള്ളിൽ ഷൂട്ടിംഗ് പൂർത്തീകരിക്കാൻ കഴിവുള്ള ആളെ ചുമതലപ്പെടുത്തിയിട്ടുണ്ട്, അടുത്ത ദിവസം ഓൺലൈൻ മീറ്റിംഗ് വിളിച്ചു, മീറ്റിംഗിൽ ഒരാൾ ഗോവിന്ദ് വിഷ്ണു.
വർഷങ്ങൾക്ക് ശേഷം ആഡ് ഫിലിം മേക്കാറായി ഞാൻ കൂടി പങ്കെടുക്കുന്ന ഔദ്യോഗികമായ യോഗത്തിൽ അവനെ വീണ്ടും കണ്ടുമുട്ടി. പറഞ്ഞപോലെ നിശ്ചയിച്ച ദിവസം മനോഹരമായ പരസ്യ ചിത്രങ്ങൾ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ പ്രദർശനം നടന്നു.
ചടങ്ങ് കഴിഞ്ഞു ഒരുമിച്ചിരുന്നപ്പോൾ ഗോവിന്ദ് എന്നോട് പറഞ്ഞു, ലക്ഷ്യത്തിലേക്ക് എത്താറായിരിക്കുന്നുവെന്ന്. ദാവീദിനെ കുറിച്ച് ആന്റണി പെപ്പയെ വച്ചു ബോക്സിംഗ് പ്രമേയമായി ഒരു സിനിമ.ചിത്രീകരണം ഉടൻ തുടങ്ങാൻ പോകുന്നു,അന്ന് അത് പറയുമ്പോൾ അവനിലെ ആത്മ വിശ്വാസം ഇന്നലെ തിയറ്ററിൽ നിർത്താതെയുയർന്ന കയ്യടികളിൽ ഞാൻ വീണ്ടുമോർത്തു.
#spoiler alert
ദാവീദ് മനോഹരമായ മേക്കിംഗ്, ആന്റണി പെപ്പയുടെ ഗംഭീരമായ പെർഫോമൻസ്. സിനിമയിലെ കാസ്റ്റിംഗിൽ ഗോവിന്ദ് പൂർണമായും വിജയിച്ചു.നായകന്റെ മകളായി എത്തുന്ന ജെസ് ‘കുഞ്ഞിയായി’ എത്ര തന്മയത്വത്തോടെയാണ് അഭിനയിച്ചത്.
ജെസ്സ് എന്ന കൊച്ചു മിടുക്കി മുതൽ വിജയരാഘവൻ വരെ ചലച്ചിത്രത്തിന്റെ ഓരോ കാസ്റ്റിംഗും അളന്നു മുറിച്ചു നടത്തിയ സംവിധായകന്റെ മികവിന് അഭിനന്ദനങ്ങൾ. ഓരോ മുഹൂർത്തങ്ങളിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമ.
ബോക്സിംഗ് റിംഗും ആക്ഷൻ സ്വീക്വൻസുകൾക്കും അപ്പുറത്ത് ദാവീദ് പറയുന്ന മനുഷ്യരുടെ കഥയാണ് സിനിമയുടെ ലൈഫ്. പുറമ്പോക്കിൽ ജീവിക്കുന്ന മനുഷ്യർ.പണയം വയ്ക്കാൻ ആധാരം പോലും സ്വന്തമായിട്ടില്ലാത്തവർ, അവർക്ക് ആത്മാഭിമാനം ഉണ്ട്.അതിനു നേർക്ക് ആരു പഞ്ച് ചെയ്താലും അവർക്കത് സഹിക്കാനാകില്ല.
അബുവിന്റെ ഭാര്യയോട് ജോലി വിട്ടുപോകാൻ പറയുന്ന ഒരു രംഗമുണ്ട്, ആകെയുള്ള വരുമാനം അപ്രതീക്ഷിതമായി നിലയ്ക്കുന്ന നിമിഷം അവൾ കരയുകയല്ല, തന്റേടത്തോടെ തലയുയർത്തി നേരിടുന്ന പെണ്ണ്. അബുവിന്റ പഞ്ചിന്റെ കരുത്തിനേക്കാൾ ഒരൽപ്പം മുന്നിൽ നിൽക്കുന്ന പെണ്മനസിന്റെ ആ കരുത്തിനെ രൂപപ്പെടുത്തിയത് അവരുടെ ആത്മാഭിമാനമാണ്.
അരികുവൽക്കരിക്കപ്പെട്ടവന്റെ ആത്മാഭിമാനം. കുഞ്ഞിയുടെ സ്കൂളിൽ അവളുടെ വാപ്പിയെ ഗുണ്ടയെന്ന് വിളിച്ചവനെ ചുവരിൽ ചാരി നിർത്തുന്ന കുഞ്ഞിക്കൈയികളിൽ, അവളുടെ കുഞ്ഞു മുഖത്ത് ഇതേ ആത്മാഭിമാനം കാണാം.
അബുവിന് പേടിയാണ്,അവൻ പേടിക്കുന്നത് അവനെത്തന്നെയാണ്. കൈയടികൾ എനിയ്ക്കുള്ളത് മാത്രമാണ്. എതിരാളികൾക്ക് കിട്ടുന്ന ഓരോ കൈയടിയും അവനിൽ ജയിക്കാനുള്ള ഇന്ധനം പകരും. തോൽക്കുന്നത് ഇഷ്ടപ്പെടാത്ത മനസ് അബുവിൽ ഉണ്ടാകുന്നത് അവൻ ജീവിക്കുന്നചുറ്റുപാടുകളിൽ നിന്നാണ്. എന്നാൽ ചേരികളിലെ മനുഷ്യരുടെ കരുത്തിനെ ഗുണ്ടയെന്ന് വിളിക്കാനാണ് സമൂഹത്തിനിഷ്ടം.
വാർത്തകളിൽ ഈ മനുഷ്യരുടെ സ്ഥാനം ദാവീത് അടയാളപ്പെടുത്തുന്നുണ്ട്-ഗുണ്ട, ക്രിമിനൽ കൈവിട്ടുപോകുന്ന, ജീവിതം താറുമാറാകുന്ന വാർത്താ നരേഷനുകൾ.....
ക്രിസ്തുവിനും മുൻപാണ് ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ. ആട്ടിടയനിൽ നിന്നു രാജാവായി മാറിയ ദാവീദ്..... എവിടെയും തോൽക്കാത്ത ഗോലിയത്തിനെ വീഴ്ത്തുന്ന ആട്ടിടയനായ ദാവീദ്.
ജീവിതത്തിലും റിംഗിലും പരുക്കൻ സാഹചര്യങ്ങളോട് നിരന്തരം പൊരുതുന്ന ദാവീത്മാരുടെ കഥയാണ് ഈ സിനിമ, തോൽക്കാൻ മനസില്ലാത്ത മനുഷ്യരുടെ കഥ. ചില മനുഷ്യരും ദേശവും ഉണ്ട്
ചില കായിക വിനോദങ്ങൾ അവർക്ക് ജീവനാണ്, ജീവിതമാണ്. ബോക്സിംഗിനു വേണ്ടി ജീവിതം മാറ്റിവച്ച ഒരു കോഴിക്കോടൻ ഗ്രാമവും കുറെ മനുഷ്യരും ഈ സിനിമയുടെ ജീവനാണ്.
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവനും ചേർന്ന് എഴുതിയതാണ് തിരക്കഥ. തിരക്കഥയുടെ കരുത്തും സംവിധാനത്തിന്റെ കൈവഴക്കവും ഒരുമിച്ചു ചേർന്നതാണ് ദാവീദിന്റെ വിജയം. ഈ സംവിധായകന്റെ ആദ്യ സിനിമയാണെന്ന് പറയുകയേ ഇല്ല.
ആന്റണി പെപ്പയുടെ ഗംഭീര പെർഫോമൻസ്. ലിജോ മോളുടെ പ്രകടനം ജയ് ഭിംമിലും, പൊൻമാനിലും ഇപ്പോൾ ദാവീദിലും എന്നെ ഒരുപോലെ ആകർഷിച്ചു.
വിജയരാഘവൻ പതിവുപോലെ ഗംഭീരമായി.സൈജു കുറുപ്പ്,അജു വർഗീസ് മുതൽ കഥാപാത്രങ്ങൾ,വരികൾ, സംഗീതം, ഛായഗ്രഹണം, എഡിറ്റിംഗ് തുടങ്ങി ദാവീദിന്റെ ടീം വർക്ക് പ്രേക്ഷകർക്ക് നല്ല തിയറ്റർ എക്സ്പീരിയൻസ് നൽകുന്നു.
ദാവീദ് അടുത്ത കാലത്തിറങ്ങിയ ആസ്വസ്ഥപ്പെടുത്തുന്ന തീവ്രമായ വയലൻസ് പടങ്ങളുടെ കൂട്ടത്തിൽപെടുത്തേണ്ട സിനിമയല്ല. ജീവിതവും,മനുഷ്യ ബന്ധങ്ങളും പറയുന്ന ഹൃദ്യമായ സിനിമയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമ. ഗോവിന്ദ് വിഷ്ണുവിന് ഇനിയും നല്ല സിനിമകൾ ക്രാഫ്റ്റ് ചെയ്യാൻ കഴിയട്ടെ എന്ന് സ്നേഹപൂർവം ആശംസിക്കുന്നു.