ആന്റണിയുടെ കുറിപ്പ് മോഹൻലാൽ പങ്കുവച്ചത് വേദനിപ്പിച്ചു; സുരേഷ് കുമാർ
Monday, February 17, 2025 11:23 AM IST
സിനിമാ ബജറ്റ് തര്‍ക്കത്തില്‍ ജി. സുരേഷ്കുമാര്‍-ആന്റണി പെരുമ്പാവൂര്‍ വാക്പോരിനു ശമനമില്ല. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് മോഹന്‍ലാല്‍ പങ്കുവച്ചത് വേദനിപ്പിച്ചുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
എമ്പുരാന്റെ ബജറ്റിനെക്കുറിച്ചു ഞാന്‍ പറഞ്ഞത് പിന്‍വലിച്ചിട്ടും എന്നെ വേദനിപ്പിച്ചു. അതേസമയം പരസ്യ പ്രതികരണത്തിനും ചര്‍ച്ചയ്ക്കുമില്ലെന്നാണ് സുരേഷ് കുമാറിന്റെ നിലപാട്. ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാടില്‍തന്നെയാണ് സുരേഷ് കുമാര്‍.
“ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങള്‍ ആരോ പറയിപ്പിക്കുന്നതാണ്. എനിക്ക് ഒരു താരത്തെയും പേടിയില്ല. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയാണ്. മോഹന്‍ലാല്‍ എന്നെ വിളിച്ചിരുന്നു.
ഞാന്‍ ഫോണ്‍ എടുത്തില്ല. ഇപ്പോള്‍ സംസാരിച്ചാല്‍ ശരിയാകില്ല. എനിക്ക് അവനുമായി പ്രശ്നമില്ല, സൗഹൃദക്കുറവില്ല. ആരേലും സ്ക്രൂ കയറ്റിയാല്‍ ലാല്‍ ചൂടാകും’’- സുരേഷ് കുമാര്‍ പറഞ്ഞു.
അതേസമയം സുരേഷ് കുമാറിന്റെ പരാമര്‍ശം തെറ്റെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.
ധാരണയില്ലാതെ പറഞ്ഞതു പിന്‍വലിക്കണമെന്ന ആവശ്യം സുരേഷ് അംഗീകരിച്ചില്ല. സുരേഷ് തിരുത്തുമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉറപ്പും ലംഘിക്കപ്പെട്ടെന്നാണ് ആന്റണി പെരുമ്പാവൂരിന്റെ നിലപാട്.