നടിയും നിര്‍മാതാവുമായ കൃഷ്ണവേണി അന്തരിച്ചു
Monday, February 17, 2025 10:59 AM IST
പഴയകാല നടിയും സിനിമാ നിര്‍മാതാവുമായ സി. കൃഷ്ണവേണി (102) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ ജനിച്ച കൃഷ്ണവേണി, 1938ല്‍ കച്ച ദേവയാനി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 40ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തെലുങ്കിലെ സൂപ്പര്‍താരവും പിന്നീട് മുഖ്യമന്ത്രിയുമായ എന്‍.ടി. രാമറാവുവിനെ സിനിമാരംഗത്ത് അവതരിപ്പിക്കുന്നത് കൃഷ്ണവേണിയാണ്. മാന ദേശം എന്ന ആ സിനിമയില്‍ കൃഷ്ണവേണിയും അഭിനയിച്ചിരുന്നു.
ഭീഷ്മ, ദക്ഷയാഗം തുടങ്ങി ഒരു ഡസനിലേറെ സിനിമകള്‍ കൃഷ്ണവേണി നിർമിച്ചിട്ടുണ്ട്. സിനിമാരംഗത്ത് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് ആന്ധ്ര സര്‍ക്കാര്‍ 2004ല്‍ രഘുപതി വെങ്കയ്യ അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്.