നിവിൻ പോളിയുടെ സൂപ്പര്‍ ഹീറോ ചിത്രം, ഇനി മൾട്ടിവേഴ്സ് മന്മഥൻ ഭരിക്കും
Monday, February 17, 2025 9:58 AM IST
ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പർഹീറോ സിനിമയുമായി നിവിൻ പോളി. ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന മൾട്ടിവേഴ്സ് മന്മഥൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
കോമഡി-ആക്ഷൻ-ഫാന്റസി എന്റർടെയ്നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതരായ അനന്ദു എസ്. രാജും നിതിരാജും ചേർന്നാണ് സഹ രചന നിർവഹിച്ചിരിക്കുന്നത്. ക്രിയേറ്റീവ് കൊളാബ്രേഷൻ അനീഷ് രാജശേഖരൻ. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ‘മൾട്ടിവേർസ് മന്മഥൻ’ ഒരുങ്ങുന്നത്. നിലവിൽ ഈ ചിത്രത്തിന്റെ പ്രി- പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
അടുത്തിടെ ശാരീരികമായി ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തിയ നിവിൻ പോളിയുടെ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ‘മൾട്ടിവേർസ് മന്മഥൻ’ ഉൾപ്പെടെ ഒരുപിടി ഗംഭീര ചിത്രങ്ങളാണ് ഈ വർഷം നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്.