‘എമ്പുരാനി’ലെ സയീദ് മസൂദി അഥവാ പൃഥ്വിരാജിന്റെ അമ്മ; ബോളിവുഡ് നടി നയൻ ഭട്ട്
Saturday, February 15, 2025 3:07 PM IST
എമ്പുരാൻ സിനിമയുടെ 24ാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. എമ്പുരാൻ ഫ്രാഞ്ചൈസിയിലെ പുതിയൊരു അംഗത്തെയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. ബോളിവുഡ് സിനിമാ–സീരിയൽ താരം നയൻ ഭട്ട് ആണ് എമ്പുരാനിലെ ആ താരം.
സുരയ്യ ബിബി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നയൻ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദിന്റെ അമ്മയുടെ വേഷമാണ് നയൻ ഭട്ടിന്റേത്.
‘‘വളരെ ശക്തമായ കഥാപാത്രമാണ്. ജീവിതത്തിൽ ഒരുപാട് വിഷമഘട്ടത്തിലൂടെ കടന്നുപോയ അമ്മ. എത്രയൊക്കെ വലിയ വെല്ലുവിളികൾ വന്നാലും അവയെ എല്ലാം അവർ നിശബ്ദമായി നേരിടും. അതവരുടെ മുഖത്തും പ്രകടമാണ്. ഈ കഥാപാത്രത്തിന്റെ മേക്കപ്പിനായി മൂന്ന് മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നു.
കഴിഞ്ഞ 55 വർഷമായി സിനിമയിലുണ്ട്. ഇതിനിടെ ഒരുപാട് സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എന്നാൽ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കുന്നത് വേറിട്ടൊരു അനുഭവമായിരുന്നു. അദ്ദേഹം മികച്ച നടനും അതിനേക്കാൾ മികവുറ്റ സംവിധായകനുമാണ്. ഞങ്ങൾ നേരിട്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ തിയറ്ററുകളിൽ പുതിയൊരു അനുഭവം നിങ്ങൾക്കു സമ്മാനിക്കും.’’നയൻ ഭട്ട് പറയുന്നു.