കോടികൾ വാങ്ങുന്ന മകൾ ഒരു രൂപയെങ്കിലും ഇന്നുവരെ കുറച്ചിട്ടുണ്ടോ? സുരേഷ് കുമാറിനോട് ജയൻ ചേർത്തല
Saturday, February 15, 2025 9:55 AM IST
താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിർമാതാവ് സുരേഷ് കുമാർ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടൻ ജയൻ ചേർത്തല. സുരേഷ് കുമാറിന്റെ മകൾ നടിയല്ലേയെന്നും അവർ കോടികൾ മേടിച്ചല്ലേ അഭിനയിക്കുന്നതെന്നും ഇന്നുവരെ ഒരു രൂപ കുറച്ച് ഒരു അവർ സിനിമ ചെയ്തതായിട്ട് അറിവില്ലെന്നും ജയൻ പറയുന്നു.
നിർമാതാക്കളുടെ സംഘടന മാടമ്പിത്തരം കാണിക്കുകയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉണ്ടാക്കിയ കടം തീർക്കാൻ ‘അമ്മ’ സംഘടനയാണ് പണം നൽകിയതെന്നും അതിനുവേണ്ടി ‘അമ്മ’യിലെ താരങ്ങൾ പൈസ വാങ്ങാതെ ഷോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജയൻ ചേർത്തലയുടെ വാക്കുകൾ
നിർമാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനം നടത്തി പറയുകയുണ്ടായി, സിനിമ നഷ്ടത്തിലാണെന്നും ജൂൺ ഒന്നാം തീയതി മുതൽ സമരത്തിലോട്ട് പോവുകയാണെന്നും. അതിനവർ മുന്നോട്ടുവച്ച കാരണങ്ങളാണ് മനസിലാകാത്തത്. അവർ പറഞ്ഞിരിക്കുന്നത് താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം, താരങ്ങളാണ് സിനിമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഏതു ഭാഷയിലാണെങ്കിലും ഒരു സിനിമ കൊമേഴ്ഷ്യലി ഹിറ്റ് ആവാൻ വേണ്ടിയിട്ടാണ് താരങ്ങളെ അഭിനയിപ്പിക്കുന്നത്. സൂപ്പർസ്റ്റാറുകളും സൂപ്പർ ഹിറ്റുകളും ഉണ്ടാകുന്നത് താരങ്ങൾ ഉള്ളതുകൊണ്ടല്ലേ?
ഈ താരങ്ങളെ വച്ചുകൊണ്ട് ലാഭമുണ്ടാക്കിയിട്ടുള്ള കുറെ പ്രൊഡ്യൂസർമാർ തന്നെയാണ് ഇന്നത്തെ പ്രൊഡ്യൂസർ അസോസിയേഷന്റെ തലപ്പത്ത് ഉള്ളത്. അവർ തന്നെയാണ് താരങ്ങൾക്ക് വില കുറയ്ക്കണം എന്ന് പറയുന്നത്.
അത് ന്യായമായ ഒരു കാര്യമല്ല. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് കൊണ്ട് ഒരു സിനിമ ലാഭത്തിൽ ആകുമോ? താരങ്ങൾക്കാണോ മുഴുവൻ പൈസയും കൊടുക്കുന്നത്? അത് തികച്ചും താരങ്ങൾക്കെതിരെയും താര സംഘടനയ്ക്കെതിരെയും കോർണർ ചെയ്യാൻ വേണ്ടിയുള്ള പ്ലാൻ ചെയ്ത ഒരു ആരോപണം മാത്രമാണ്. സത്യവിരുദ്ധമായ കാര്യമാണത്.
ഇവർക്ക് അത്രയ്ക്കും ചങ്കുറപ്പ് ഉണ്ടെങ്കിൽ താരങ്ങൾ ഇല്ലാതെയും ഒരു സിനിമ ഹിറ്റാക്കാൻ സാധിക്കുമല്ലോ? പക്ഷേ അവർ അതിനു മുതിരുന്നില്ല. അപ്പോൾ നായകനായും നായികയായും മറ്റ് നടന്മാരുമായി ഒക്കെ താരങ്ങളെ വേണം.
ഒപ്പം അവർക്ക് പൈസ കൊടുക്കാനും പറ്റില്ല. അതൊരു ഇരട്ടത്താപ്പാണ്. ഒരു ബൂർഷ്വാ കാഴ്ചപ്പാടുമാണത്.
മറ്റൊരു കാരണമായി പറയുന്നത്, താരങ്ങൾ സിനിമ നിർമിക്കാൻ പാടില്ല എന്നാണ്. എന്ത് വൃത്തികേടാണ് ആ പറയുന്നത്. ഇവിടെ സിനിമ ഇൻഡസ്ട്രി ഉള്ളത് കൊണ്ട് എത്ര പേര് ആണ് ജീവിച്ചു പോകുന്നത്.
ഒരു സിനിമയുമായി ബന്ധപ്പെട്ട് ഏതാണ്ട് 150 ഓളം പേർ പ്രവർത്തിക്കുന്നുണ്ട്. താരങ്ങളും സിനിമയിൽ അഭിനയിക്കുന്നവരും ടെക്നീഷ്യന്മാരും എല്ലാവരും സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണല്ലോ ജീവിക്കുന്നത്.
സിനിമയുടെ കൂട്ടായ്മയ്ക്കും നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവരും, സിനിമയുടെ മുഖ്യ കാരണങ്ങൾ ആയിട്ടുള്ളവരും സിനിമ നിർമിക്കുന്നതിൽ എന്താണ് തെറ്റ്? അവർ മുഖ്യ കാരണങ്ങൾ ആയതുകൊണ്ടാണല്ലോ പ്രൊഡ്യൂസർമാർ അവരുടെ ഡേറ്റ് അന്വേഷിച്ച് നടക്കുന്നത്.
ആ താരങ്ങൾ സിനിമ നിർമിക്കാൻ പാടില്ല എന്നുപറയുന്നത് പഴയ കാലത്തെ വ്യവസ്ഥിതിയാണ്. നിങ്ങളൊക്കെ അടിയാന്മാർ ഞങ്ങൾ മുതലാളിമാർ എന്ന കാഴ്ചപ്പാടാണത്.
മുതലാളിത്ത വ്യവസ്ഥയുടെ കാഴ്ചപ്പാട് നിർമ്മാതാക്കളുടെ ഇപ്പോഴത്തെ നിലപാട്. അവർ മാത്രമേ നിർമാതാക്കൾ ആവാൻ പാടുള്ളൂ എന്നും അവർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രങ്ങൾ മാത്രമേ തിയറ്ററിൽ ഓടാൻ പാടുള്ളൂ, അതു മാത്രമേ ജനങ്ങൾ കാണാൻ പാടുള്ളൂ എന്നുമാണ്.
ആ അഹങ്കാരം അംഗീകരിച്ചു കൊടുക്കാൻ പറ്റുന്നതല്ല. ‘അമ്മ’യിലെ താരങ്ങളായ 25 പേരുടെ പടങ്ങൾ മാത്രമാണോ ഒരു വർഷം ഇവിടെ ഇറങ്ങുന്നത്? പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെ പറയുന്നുണ്ട് 140 മുതൽ 160 വരെ സിനിമകൾ ഒരു വർഷം ഇറങ്ങുന്നുണ്ടെന്നും. ഈ 160 പടങ്ങളും താരങ്ങളല്ലല്ലോണോ നിർമിക്കുന്നത്?
ചില സിനിമകളുടെ കോസ്റ്റ് വളരെ കൂടുതലാണ് എന്ന് കേൾക്കുമ്പോൾ അത് നിർമിക്കാൻ പല പ്രൊഡ്യൂസർമാരും തയ്യാറാകുന്നില്ല. ഈ അടുത്ത സമയത്ത് തന്നെ നടന്ന സിനിമയുടെ ഷൂട്ടിങ് നമുക്കറിയാം.
ക്ലൈമാക്സിനായി 50 ആർട്ടിസ്റ്റുകളെ വേണ്ടയിടത്ത് പ്രൊഡ്യൂസർ ഡയറക്ടറുമായി വഴക്കിട്ടിട്ട് അവിടെ തർക്കം ഉണ്ടായി. അങ്ങനെ ആ സിനിമ ഒരു അവിയൽ പരുവത്തിൽ ആയി. കാരണം പൈസ മുടക്കേണ്ടിടത്ത് പൈസ മുടക്കണമെന്ന കാഴ്ചപ്പാട് പ്രൊഡ്യൂസേഴ്സിന് ഉണ്ടായില്ലെങ്കിൽ അത് സിനിമയെ ബാധിക്കും, സിനിമയുടെ വിജയത്തെയും ബാധിക്കും.
അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആണ് ഹൈ കോസ്റ്റ് ആയിട്ടുള്ള പടങ്ങൾ ഇന്ന് ആർടിസ്റ്റുകൾ തന്നെ ഏറ്റെടുക്കുന്നത്. അങ്ങനെ ലോകോത്തര നിലവാരമുള്ള വലിയ സിനിമകൾ മലയാളത്തിൽ വരണം എന്നുള്ള ആഗ്രഹമുള്ളതുകൊണ്ടാണ് നിർമാതാക്കൾ തയാറായില്ലെങ്കിൽ പോലും ആർടിസ്റ്റുകൾ ചെയ്യാൻ തയാറാകുന്നതും.
സുരേഷ് കുമാറിന്റെ നിർമാണ കമ്പനിയുടെ പേര് രേവതി കലാമന്ദിർ എന്നാണ്. നിർമാതാവിന്റെ പേരായി അദ്ദേഹം വയ്ക്കുന്നത് മേനക സുരേഷ് കുമാർ എന്നുമാണ്. മേനക ചേച്ചി നടി ആയിരുന്നല്ലോ. ചേച്ചി ‘അമ്മ’യുടെ മെംബറും ആണ്.
അതുകൊണ്ട് ചേച്ചിയെ കുറ്റപ്പെടുത്താനും പോകുന്നില്ല. അദ്ദേഹം അത് ആലോചിച്ചിട്ട് വേണമായിരുന്നു സംസാരിക്കാൻ. അദ്ദേഹത്തിന്റെ മകൾ നടിയല്ലേ? അവർ കോടികൾ മേടിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപ കുറച്ച് ഒരു അവർ സിനിമ ചെയ്തതായിട്ട് നമ്മുടെ അറിവിൽ ഇല്ലല്ലോ?
‘അമ്മ’യ്ക്കെതിരായ ആരോപണങ്ങളിൽ ഇതുവരെ മിണ്ടാതിരുന്നത് അതൊരു കൂട്ടായ്മയാണ്, ഒരു ഫ്രട്ടേണിറ്റി ആണ് എന്നുള്ളതുകൊണ്ടാണ്. അതിനകത്ത് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നോർത്തിട്ടാണ്. ഇതിപ്പോൾ അതിരു കടന്നിരിക്കുകയാണ്. ‘അമ്മ’ നാഥനില്ല കളരിയാണ് എന്നാണ് സുരേഷ് കുമാർ പറഞ്ഞിരിക്കുന്നത്.
അത് പറയാൻ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്? മുൻപ് മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടത്തിലാണ് പൈസയില്ല എന്ന് പറഞ്ഞപ്പോൾ അവർക്ക് ഒരുകോടി രൂപ കടം കൊടുത്തത് ‘അമ്മ’ അസോസിയേഷൻ ആണ്. അതിന് തെളിവുകളും രേഖകളും ഉണ്ട്.
ആ ഒരു കോടിയിൽ 60 ലക്ഷം രൂപയാണ് അവർ തിരികെ തന്നിട്ടുള്ളത്. ബാക്കി 40 ലക്ഷം ഇപ്പോഴും കടത്തിലാണ്. കഴിഞ്ഞവർഷം അവർ കടത്തിലാണ് എന്ന് പറഞ്ഞപ്പോൾ താരങ്ങളെ വച്ച് ഷോ ചെയ്യണമെന്ന് അവർ ‘അമ്മ’യോട് ആവശ്യപ്പെട്ടിരുന്നു.
ലാലേട്ടനും മമ്മൂക്കയും ഉൾപ്പെടെ ഉള്ള താരങ്ങൾ തന്നെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി നിലനിന്നതും ഷോ ചെയ്യാൻ തയാറായതും.
പൈസ ഒന്നും മേടിക്കാതെയാണ് ഷോയ്ക്ക് എല്ലാവരും തയാറായത്. അന്ന് അവർക്ക് രണ്ടര കോടിയോളം രൂപ കടമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലനിർത്തേണ്ടത് സിനിമയുടെ ആവശ്യമാണെന്ന നിലപാടിനോട് താരങ്ങൾ യോജിച്ച് അത് ചെയ്യാൻ തയാറായതാണ് അമ്മ സംഘടനയും അതിന്റെ പ്രവർത്തകരും. ‘അമ്മ’യുടെ എല്ലാ മെമ്പേഴ്സും ഫ്രീ ആയിട്ടാണ് ഫ്ലൈറ്റിൽ കയറി ഖത്തറിൽ ചെന്ന് ഷോയ്ക്ക് തയാറായത്.
അമേരിക്കയിൽ നിന്നും ലാലേട്ടൻ സ്വന്തം പൈസ മുടക്കിയാണ് ടിക്കറ്റ് എടുത്ത് ഖത്തറിലേക്ക് എത്തിയത്. പക്ഷേ ആ ഷോ അന്ന് നടന്നില്ല.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അത് ഓർഗനൈസ് ചെയ്യുന്നതിന് സാധിച്ചില്ല. അവിടുന്ന് പിരിഞ്ഞതിനുശേഷം കടം തീർത്തു തരണം എന്നു പറഞ്ഞ് അവർ അമ്മയുടെ അടുത്ത് വീണ്ടും എത്തി.
അങ്ങനെയാണ് മനോരമ ചാനലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 19, 20 തിയതികളിൽ എറണാകുളത്ത് വച്ച് ഷോ നടത്തിയത്.
അഞ്ചു പൈസ മേടിക്കാതെ ‘അമ്മ’യുടെ താരങ്ങൾ, മോഹൻലാൽ മമ്മൂക്ക ഉൾപ്പെടെ എല്ലാവരും വന്ന് അവിടെ സഹകരിച്ച് ഷോ ചെയ്തത്.
ആ ഷോയ്ക്ക് കിട്ടിയ നാല് കോടി രൂപയിൽ ഏതാണ്ട് 70 ശതമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കടം തീർക്കാൻ വേണ്ടി ആണ് നൽകിയത്. രണ്ട് കോടി നാൽപത് ലക്ഷം രൂപ അവർക്കു കൊടുത്തു.
‘പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാൽ കൂരായണ’ എന്നതുപോലെ പണം ഉണ്ടാക്കാൻ മാത്രം താരങ്ങൾ വേണം പടമെടുത്ത് കഴിഞ്ഞാൽ താരങ്ങൾക്ക് അയിത്തം ആണ്, അവർ കൊള്ളരുതാത്തവർ ആണ് എന്ന നിലപാടാണ് ഇപ്പോൾ ഉള്ളത്. ‘അമ്മ’ സംഘടനയുടെ അഡ്ഹോക് കമ്മറ്റിയിൽ ഇരുന്നവരാണ് രണ്ടുകോടി 40 ലക്ഷം രൂപ പ്രൊഡ്യൂസർ അസോസിയേഷന് ഒപ്പിട്ടു നൽകിയത്.
എന്നിട്ടാണ് ‘അമ്മ’ നാഥനില്ല കളരിയാണ് എന്നു പറയുന്നത്. ഇതൊക്കെ പറയുന്നതിൽ അവർക്ക് നാണമോ നന്ദിയോ ഉണ്ടോ? മനുഷ്യത്വം ഇല്ലാതെയാണ് ഇവരൊക്കെ സംസാരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന് സിനിമയെക്കുറിച്ച് നന്നായി അറിയാം. അദ്ദേഹം പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്. ‘അമ്മ’യിലെ അംഗങ്ങൾ നിർമിക്കുന്ന സിനിമകള് തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നാണ് പറയുന്നത്, ഞാനൊരു കാര്യം വെറുതെ പറയാം.
ഇതേ ‘അമ്മ’യിലെ അംഗങ്ങൾ നിർമാതാക്കളുടെ സംഘടനയിലെ ആളുകൾ നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കില്ലെന്നു തീരുമാനിച്ചാൽ ഇവരെന്തു ചെയ്യും.
അതുകൊണ്ട് അങ്ങനെയുള്ള മണ്ടത്തരങ്ങൾ പറയാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്. ഇനിയും വെറുതെ ഒരുദിവസം രാവിലെ കുത്തിയിരുന്ന് വന്ന് ‘അമ്മ’യെ കുറ്റം പറഞ്ഞാൽ ഉള്ള സത്യം മുഴുവൻ ഞങ്ങൾ പുറത്തുപറയും.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കടം തീർത്തുകൊടുത്തത് ഈ ‘അമ്മ’യാണ്. താരങ്ങളാണ് മലയാള സിനിമയെ നിലനിർത്തുന്നത്. അദ്ദേഹത്തിന് ഡേറ്റ് കിട്ടുന്നില്ലെന്നോർത്ത് താരങ്ങളെ കുറ്റം പറയാൻ തുടങ്ങിയാൽ ഞങ്ങൾ അത് അംഗീകരിച്ചു കൊടുക്കില്ല.
ലോക സിനിമയിൽ താരങ്ങളെ ആവശ്യമാണ്. പ്രേക്ഷകർ അവരെ കാണാൻ തിയറ്ററിൽ കയറുന്നത്. ഇവർ ധൈര്യമുണ്ടെങ്കിൽ പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യട്ടെ. അത് ഹിറ്റാക്കി കാണിക്കട്ടെ, ഒന്നോ രണ്ടോ പടങ്ങൾ ഓടുമായിരിക്കും. താരങ്ങളുടെ സഹായമില്ലാതെ ഒരു പടമെടുത്ത് കമേഴ്സ്യലി ഹിറ്റാക്കാന് പറ്റുമോ? ഇവർ എടുത്ത സിനിമകളെല്ലാം ഹിറ്റാണോ? ഇത് പഴയ മാടമ്പിത്തരം തന്നെയാണ്. പുതിയ തലമുറയുടെ കാഴ്ചപ്പാടുകളോട് അവർക്ക് ഒത്തുചേരാൻ പറ്റുന്നില്ല അതാണ് സത്യം.
മറ്റൊരു പ്രധാനകാര്യം കൂടിയുണ്ട്, താരങ്ങൾക്ക് പ്രതിഫലം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ ഇവർ ഉണ്ടാക്കിയിരുന്നു.
ഒരു താരത്തിനുള്ള പ്രതിഫലം നാലായി പങ്കുവച്ചാണ് നൽകിയിരുന്നത്. അഡ്വാൻസ് 25 ശതമാനം, പടം തുടങ്ങുമ്പോൾ 25 ശതമാനം, പടം തീരുമ്പോൾ 25 ശതമാനം, ബാക്കി 25 ശതമാനം ഡബ്ബിങിനു ശേഷം.
കഴിഞ്ഞ പത്തു വർഷമായി ഈ നിയമമാണ് അനുവർത്തിച്ചുപോകുന്നത്. ഇപ്പോൾ അവർ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ്.
മലയാള സിനിമ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പുതിയ നിയമമെന്നുമാണ് അവരുടെ ന്യായം. 25 ശതമാനം അഡ്വാൻസ്, അഭിനയിച്ചു കഴിയുമ്പോൾ 35 ശതമാനം, ബാക്കി 40 ശതമാനം സെൻസറിംഗിനു ശേഷം.
ലോക സിനിമയിൽ തന്നെ ഏതെങ്കിലും ഒരു ആർടിസ്റ്റിന് താൻ അഭിനയിച്ച സിനിമയുടെ സെൻസറിംഗ് എന്നു നടക്കുമെന്ന് അറിയാൻ കഴിയുമോ? അതിന്റെ ഉള്ളടക്കം, ഈ 40 ശതമാനം ആർക്കും തരില്ല എന്നാണ്.
കൃത്യമായ പ്രതിഫലം ഇവർ നൽകുന്നുണ്ടെന്ന് നെഞ്ചത്ത് കൈവച്ച് നിർമാതാക്കൾക്ക് പറയാൻ കഴിയുമോ? നമ്മൾ മലന്ന് കെടന്ന് തുപ്പരുത് എന്നു വിചാരിച്ചാണ് ഇവർക്കെതിരെ ഒരു കുറ്റവും പറയാതെ ഇരുന്നത്.