നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം: സുരേഷ് കുമാറിനെ തള്ളി മോഹൻലാൽ, ആന്റണിയ്ക്കൊപ്പമെന്ന് പോസ്റ്റ്
Saturday, February 15, 2025 8:32 AM IST
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ.
‘‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ട് മോഹൻലാലിന്റെ പ്രതികരണം. ഇതോടെ മോഹൻലാൽ തന്റെ ബാല്യകാല സുഹൃത്തായ സുരേഷ് കുമാറിനെ തള്ളിയെന്നു ഉറപ്പായി.
നേരത്തെ മലയാള സിനിമയിലെ യുവതാരങ്ങളെ അടക്കം വിമർശിച്ചെത്തിയ സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ആന്റണിക്കു പിന്തുണയുമായി പൃഥ്വിരാജ് അടക്കമുളള താരങ്ങൾ രംഗത്തുവന്നിരുന്നു.
‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തി.
എന്നാൽ സംഘടനയുടെ വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ പരസ്യപ്രതികരണം നടത്തിയ ആന്റണി പെരുമ്പാവൂരിന്റെ നടപടി അനുചിതമായിപ്പോയെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം.
ഇതോടെ നിർമാതാക്കളുടെ സംഘടന ഒരു ഭാഗത്തും നടീ നടന്മാരും കുറച്ചു നിർമാതാക്കളുമടങ്ങുന്നവർ മറുഭാഗത്തുമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ മോഹൻലാലും പരസ്യ നിലപാട് പ്രഖ്യാപിച്ചതോടെ മറ്റൊരു തുറന്ന പോരിന് കളമൊരുങ്ങിയിരിക്കുകയാണ്.