അമ്മ നാഥനില്ലാക്കളരിയാണെന്ന് പറയുന്നത് ശുദ്ധ വിവരക്കേട്; സുരേഷ് കുമാറിനെതിരെ അമ്മ സംഘടന
Friday, February 14, 2025 3:57 PM IST
താരങ്ങൾ ഉയർന്ന പ്രതിഫലം വാങ്ങുന്നതാണ് മലയാളസിനിമയുടെ പ്രതിസന്ധിയെന്ന് പറഞ്ഞ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ അഭിനേതാക്കളുടെ സംഘടനയായ അമ്മ രംഗത്ത്. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി പുറത്തുവിട്ട കത്തിലാണ് സുരേഷ്കുമാറിനെതിരെ വിമർശനം ഉന്നയിച്ചത്.
താരങ്ങൾ ഉയർന്ന പ്രതിഫലം വാങ്ങുന്നതാണ് പ്രശ്നമെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും അമ്മയുടെ അംഗങ്ങൾ നിർമാതാക്കൾ ആകരുത് എന്നു പറയുന്നത് ശരിയല്ലെന്നും സംഘടന വ്യക്തമാക്കി. അമ്മ നാഥനില്ല കളരിയാണെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണെന്നും അമ്മ കൂട്ടിച്ചേർത്തു.
കത്തിന്റെ പൂർണരൂപം
ഒരു മുഖവുരയുടെ ആവശ്യമില്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടക്കാമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം താങ്കൾ നേതൃത്വം കൊടുക്കുന്ന മലയാള സിനിമാ നിർമാതാക്കൾ നടത്തിയ ഒരു വാർത്ത സമ്മേളനം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി.
അതിൽ താങ്കളുടെ സംഘടന മുന്നോട്ടുവെച്ച വിഷയങ്ങൾ അല്ല ഈ എഴുത്തിനു നിദാനം, മറിച്ച് താങ്കളുടെ സംഘടനയിലുള്ളവരിൽ ചിലർ പ്രസ്തുത വാർത്ത സമ്മേളനത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സംഘടനയിലെ അംഗങ്ങൾക്ക് വിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു എന്ന പറയട്ടെ.
അഞ്ഞൂറിലധികം അംഗങ്ങളുള്ള, നല്ല രീതിയിൽ നടന്നു വരുന്ന മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ ‘‘അമ്മ” യെ വളരെ മോശമായ രീതിയിൽ പരാമർശിച്ചതിൽ ഞങ്ങൾക്കുള്ള പ്രതിഷേധം അറിയിക്കട്ടെ.
ധാർമ്മികമായ ചില തീരുമാനങ്ങളെ മുൻനിർത്തി നിലവിലുണ്ടായിരുന്ന ഭരണ സിമിതി പിരിച്ച് വിട്ട് അതേ ഭരണസിമിതി തന്നെ ഒരു അഡ്ഹോക്ക് കമ്മിറ്റിയായി അടുത്ത ജനറൽ ബോഡി മീറ്റിംഗ് വരെ പ്രവർത്തിക്കുക എന്നത് സംഘടനാ പ്രവർത്തന പരിചയം ഉള്ളവരോട് പ്രത്യേകം മനസിലാക്കിത്തരേണ്ട ആവശ്യമില്ലല്ലോ .
മുൻപൊന്നുമില്ലാത്തവിധം പ്രസ്തുത അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനമാണ് “‘അമ്മ” സംഘടന കഴിഞ്ഞ മാസങ്ങളിൽ കാഴ്ചവെച്ചത് എന്നത് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അറിയാം.
അമ്മ അംഗങ്ങളുടെ കുടുംബസംഗമവും റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച സൗജന്യ വൈദ്യസഹായ പദ്ധതിയും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയ്ക്കും സങ്കൽപ്പിക്കാൻ പോലുമാകാത്തതാണ്. ഇങ്ങനെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഞങ്ങളുടെ സംഘടനയെ “നാഥനില്ലാ കളരി” എന്നെല്ലാം വിശേഷിപ്പിക്കാൻ തോന്നിയ അപക്വബുദ്ധിയെ ഞങ്ങൾ അപലപിക്കുന്നു.
സംഘടനയുടെ നേതൃത്വത്തിലുള്ള ആൾ എന്ന നിലക്ക് മേലിൽ അത്തരം അനൗചിത്യപരമായ പ്രസ്താവനകൾ താങ്കളുടെ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല എന്ന് ഉറപ്പുതരേണ്ടതും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ താങ്കളുടെ ധാർമ്മികമായ ഉത്തരവാദിത്തമാണ് എന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ.
മലയാള സിനിമ പ്രതിസന്ധിയിലാണെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടത് വലിയ വിമർശനത്തിനു വഴിയൊരുക്കിയിരുന്നു. പിന്നാലെ സുരേഷ് കുമാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ആന്റണി പെരുമ്പാവൂർ പ്രതികരണവുമായി രംഗത്തെത്തി. ആന്റണിയുടെ പോസ്റ്റ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവീനോ, അജു വർഗീസ് തുടങ്ങി നിരവധി പേരാണ് ഷെയർ ചെയ്തത്.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളാണെന്നും പ്രസ് മീറ്റിൽ സുരേഷ് കുമാർ തുറന്നു പറഞ്ഞിരുന്നു. യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നുവെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ടൊവീനോ തോമസ് നായകനായെത്തിയ ഐഡന്റിറ്റി വലിയ നഷ്ടമാണ് നിർമാതാവിന് ഉണ്ടാക്കിയതെന്നും 30 കോടി മുടക്കിയ ചിത്രം വെറും മൂന്നര കോടി രൂപയാണ് തിയറ്ററിൽ നിന്ന് നേടിയതെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തിരുന്നു.
സുരേഷ് കുമാറിന്റെ വാദങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്. സുരേഷ് പറഞ്ഞത് സ്വന്തം തീരുമാനമാണെന്നും സംഘടനയുടെ കൂട്ടായ തീരുമാനം പ്രസിഡന്റ് അറിയിക്കുമെന്നും ആന്റണി പറഞ്ഞു.
കുറിപ്പ് ചർച്ചയായതോടെ ആന്റണിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ അഭിപ്രായമാണെന്ന് സെക്രട്ടറി ബി.രാകേഷ് പ്രതികരിച്ചു. നിർമാതാവ് സിയാദ് കോക്കറും സുരേഷ് കുമാറിനെ പിന്തുണച്ചു. ആന്റണിയുടെ പോസ്റ്റ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവീനോ, അജു വർഗീസ് തുടങ്ങി നിരവധി പേരാണ് ഷെയർ ചെയ്തത്.