വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനെക്കുറിച്ച് സിനിമ
Friday, February 14, 2025 12:11 PM IST
ഏപ്രിൽ 27ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട കാർസോ അക്കുത്തിസിനെക്കുറിച്ച് സിനിമ വരുന്നു. ‘കാർലോ അക്കുത്തിസ്; റോഡ്മാപ് ടു റിയാലിറ്റി’ എന്ന പേരിലുള്ള സിനിമ നാമകരണച്ചടങ്ങ് നടക്കുന്ന ദിവസമാണ് ലോകമെങ്ങും റിലീസ് ചെയ്യുക. തത്കാലം മൂന്നു ദിവസത്തേക്കായിരിക്കും പ്രദർശനം.
ന്യൂയോർക്ക് ആസ്ഥാനമായ കാസിൽടൗൺ മീഡിയയാണു കത്തോലിക്കാ ചലച്ചിത്ര സംവിധായകനായ ജിം വാൾബർഗിന്റെ സഹകരണത്തോടെ സിനിമ നിർമിച്ചത്. അമേരിക്കയിലെ ഫാതോം ഇവന്റ്സാണു വിതരണക്കാർ.
കാർലോ അക്കുത്തിസിന്റെ ജീവിതവും ഡിജിറ്റൽ ലോകത്തിന്റെ വെല്ലുവിളികളെക്കുറിച്ച് യുവാക്കൾക്ക് അദ്ദേഹം നൽകുന്ന പാഠങ്ങളും സിനിമ വരച്ചുകാട്ടുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസിനെയും നാം ജീവിക്കുന്ന സാങ്കേതികലോകത്തെയുംകുറിച്ചുള്ള അടിയന്തര ചോദ്യങ്ങൾക്ക് ഉത്തരം തേടി അക്കുത്തിസിന്റെ കുടുംബം, സുഹൃത്തുക്കൾ, സാങ്കേതിക വിദഗ്ധർ, പണ്ഡിതന്മാർ എന്നിവരുമായുള്ള ലൈവ് ആക്ഷൻ, ആനിമേഷൻ, ഡോക്യുമെന്ററി ശൈലിയിലുള്ള അഭിമുഖങ്ങൾ എന്നിവ സിനിമയിൽ സംയോജിപ്പിക്കുന്നു.
അക്കുത്തിസിന്റെ കബറിടം സന്ദർശിക്കുന്നതിനായി അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിൽനിന്ന് ഇറ്റലിയിലേക്ക് രണ്ടാഴ്ചത്തെ തീർഥാടനത്തിനു പുറപ്പെടുന്ന ഒരുകൂട്ടം ഹൈസ്കൂൾ വിദ്യാർഥികളുടെ യാത്രയിലൂടെയും സിനിമ കടന്നുപോകുന്നു.
ഇറ്റലി സ്വദേശികളായ മാതാപിതാക്കളുടെ മകനായി ലണ്ടനിൽ 1991 മേയ് മൂന്നിനു ജനിച്ച കാർലോ അക്കുത്തിസ് അർബുദരോഗം ബാധിച്ച് 15-ാം വയസിൽ മിലാനിൽ വച്ച് മരിച്ചു. സുവിശേഷ മൂല്യങ്ങൾക്കനുസൃതമായി ജീവിച്ച കാർലോയെ 2018 ജൂലൈ അഞ്ചിന് ഫ്രാൻസിസ് മാർപാപ്പ ധന്യനായി ഉയർത്തി.
കംപ്യൂട്ടർ പ്രതിഭയായിരുന്ന കാർലോയ്ക്ക് നവീനമായ ആശയവിനിമയ സംവിധാനങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കാനും മൂല്യങ്ങളെ പകർത്താനും കഴിഞ്ഞുവെന്ന് മാർപാപ്പ തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കാറിസ്റ്റ്’ എന്ന വിശേഷണമുള്ള കാർലോ അക്കുത്തിസ് വെബ്സൈറ്റ് വഴി അഞ്ച് ഭൂഖണ്ഡങ്ങളിൽ ദിവ്യകാരുണ്യഭക്തി പ്രചരിപ്പിച്ചു. താൻ അനുഭവിച്ചറിഞ്ഞ ഈശോയുടെ സാന്നിധ്യത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ ലോകം മുഴുവനിലും നടന്ന ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ഒരു വെര്‍ച്വല്‍ ലൈബ്രറിയും നിർമിച്ചു. 2020 ഒക്ടോബർ പത്തിന് ഇറ്റലിയിലെ അസീസിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
ആദ്യ മില്ലേനിയൽ വിശുദ്ധനായ കാർലോ അക്കുത്തിസിന്റെ നാമകരണത്തീയതി കഴിഞ്ഞ നവംബർ 20നാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത്. ഏപ്രിൽ 27ന് പ്രാദേശികസമയം രാവിലെ 10.30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് നാമകരണച്ചടങ്ങ്.