സുരേഷ് കുമാറിനൊപ്പം നിൽക്കാൻ നിർമാതാക്കളുടെ സംഘടന; ആന്റണിക്കൊപ്പം ബേസിലും അപർണ ബാലമുരളിയും
Friday, February 14, 2025 10:27 AM IST
സിനിമയ്ക്കുള്ളിലെ വാക്പോരുകൾ മുറുകുന്നതിനിടിയിൽ സുരേഷ് കുമാറിനൊപ്പം നിൽക്കാൻ തീരുമാനിച്ച് നിർമാതാക്കളുടെ സംഘടന. സിനിമ സമരം അടക്കം രണ്ട് ദിവസം മുന്‍പ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാർ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറയുന്നത്.
സുരേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഇന്ന് പുറത്തുവിടും. ആന്റണി പെരുമ്പാവൂരിനെ നേരിൽ കാണാനും ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് വിവരം.
അതേ സമയം ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന് ബേസിൽ ജോസഫും നടി അപർണ ബാല മുരളിയും രംഗത്ത് എത്തിയിട്ടുണ്ട്.
മലയാള സിനിമ പ്രതിസന്ധിയിലാണെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടത് വലിയ വിമർശനത്തിനു വഴിയൊരുക്കിയിരുന്നു. പിന്നാലെ സുരേഷ് കുമാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ആന്റണി പെരുമ്പാവൂർ പ്രതികരണവുമായി രംഗത്തെത്തി. ആന്റണിയുടെ പോസ്റ്റ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവീനോ, അജു വർഗീസ് തുടങ്ങി നിരവധി പേരാണ് ഷെയർ ചെയ്തത്.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളാണെന്നും പ്രസ് മീറ്റിൽ സുരേഷ് കുമാർ തുറന്നു പറഞ്ഞിരുന്നു. യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നുവെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ടൊവീനോ തോമസ് നായകനായെത്തിയ ഐഡന്റിറ്റി വലിയ നഷ്ടമാണ് നിർമാതാവിന് ഉണ്ടാക്കിയതെന്നും 30 കോടി മുടക്കിയ ചിത്രം വെറും മൂന്നര കോടി രൂപയാണ് തിയറ്ററിൽ നിന്ന് നേടിയതെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
സുരേഷ് കുമാറിന്റെ വാദങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്. സുരേഷ് പറഞ്ഞത് സ്വന്തം തീരുമാനമാണെന്നും സംഘടനയുടെ കൂട്ടായ തീരുമാനം പ്രസിഡന്റ് അറിയിക്കുമെന്നും ആന്റണി പറഞ്ഞു.
കുറിപ്പ് ചർച്ചയായതോടെ ആന്റണിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ അഭിപ്രായമാണെന്ന് സെക്രട്ടറി ബി.രാകേഷ് പ്രതികരിച്ചു. നിർമാതാവ് സിയാദ് കോക്കറും സുരേഷ് കുമാറിനെ പിന്തുണച്ചു.