മരണമാസ്സുമായി ബേസിൽ; നിർമാണം ടൊവീനോ; ഫസ്റ്റ്ലുക്ക്
Friday, February 14, 2025 9:55 AM IST
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണ മാസ്സ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് ലഭ്യമാകുന്ന വിവരം. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്. കുറച്ചുദിവസങ്ങളായി എത്തുന്ന പരിപാടികളിലെല്ലാം തൊപ്പി ധരിച്ചാണ് ബേസില്‍ എത്തിയിരുന്നത്.
തൊപ്പി ഊരാന്‍ ആവശ്യപ്പെട്ടെങ്കിലും ബേസില്‍ ഊരാന്‍ തയാറായിരുന്നില്ല. കാണിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മുടിയെന്നാണ് താരം മറുപടി നല്‍കിയിരുന്നത്. 'മരണമാസ്സി'ന്റെ പോസ്റ്റര്‍ വന്നതോട് കൂടി ബേസിലിന്റെ തലയുടെ സസ്പെന്‍സും പുറത്തുവന്നു.
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, കള, വഴക്ക്, അദൃശ്യജാലകങ്ങൾ എന്നിവക്ക് ശേഷം ടൊവീനോ തോമസ് നിർമാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണ മാസ്സിനുണ്ട്.
ബേസിൽ ജോസഫിനെ കൂടാതെ രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.