സുരേഷ് കുമാറിനെതിരെ ആന്റണി പറഞ്ഞതിനോട് യോജിക്കുന്നു; വിനയൻ
Thursday, February 13, 2025 3:51 PM IST
ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള വാക്ക്പോരിൽ പിന്തുണ ആന്റണിക്കാണെന്ന് വ്യക്തമാക്കി സംവിധായകൻ വിനയൻ.
നിർമാതാക്കളുടെ സംഘടന ജൂൺ മാസം മുതൽ സമരം ചെയ്യുന്നു എന്നു പറയണ്ടേത് സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ അല്ലേയെന്നും സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
""മലയാള സിനിമാ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടന്നുളളത് സത്യമാണ് പ്രത്യേകിച്ച് സർക്കാരിന്റെ വിനോദ നികുതി പോലുള്ളവ..അതിനെപ്പറ്റിയൊക്കെ നിർമാതാവ് സുരേഷ്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല.
അദ്ദഹം ഒരു സീനിയർ നിർമാതാവാണ്. വ്യക്തിപരമായി അഭിപ്രായം പറയാം. പക്ഷേ നിർമാതാക്കളുടെ സംഘടന ജൂൺ മാസം മുതൽ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറൽബോഡി വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ അല്ലേ? ആണ് എന്ന കാര്യത്തിൽ സംശയമില്ല..അവർ സജീവമായി ഇവിടുണ്ടല്ലോ? നിർമാതാവ് ശ്രീ ആന്റണി പെരുന്പാവൂർ ഈ എഫ് ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പലകാര്യത്തോടും അതുകൊണ്ടു തന്നെ ഞാൻ യോജിക്കുന്നു..''വിനയൻ കുറിച്ചു.
സിനിമാ മേഖല ജൂണ്‍ ഒന്നു മുതൽ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിനെതിരെ ആന്റണി പെരുന്പാവൂർ രംഗത്തെത്തിയതോടെ വലിയ വിവാദങ്ങളിലേയ്ക്കാണ് സിനിമ മേഖല കടക്കുന്നത്.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തുവന്നത്.
ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാർ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നും ആന്റണി കുറിപ്പിലൂടെ പറഞ്ഞു.