ഞാൻ ഒരു മണ്ടനല്ല, ആന്റണി സിനിമ കണ്ടുതുടങ്ങിയപ്പോൾ സിനിമ നിർമിച്ച ആളാണ് ഞാൻ; ആന്റണിയോട് സുരേഷ് കുമാർ
Thursday, February 13, 2025 3:41 PM IST
ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമിച്ചയാളാണ് താനെന്നും താൻ ഒരു മണ്ടനല്ലെന്നും നിർമാതാവ് ജി. സുരേഷ് കുമാർ. എന്പുരാന്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ് പറഞ്ഞതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖല ജൂണ്‍ ഒന്നു മുതൽ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിനെതിരെ ആന്റണി പെരുന്പാവൂർ രംഗത്തെത്തിയതോടെ വലിയ വിവാദങ്ങളിലേയ്ക്കാണ് സിനിമ മേഖല കടക്കുന്നത്.
സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു.
ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമിച്ച ആളാണ് താൻ. ഞാൻ ഒരു മണ്ടൻ അല്ല. തമാശ കളിയ്ക്കാൻ അല്ല സംഘടന. എമ്പുരാന്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ്. അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും സുരേഷ് കുമാർ പറഞ്ഞു.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തുവന്നത്.
ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാർ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നും ആന്റണി കുറിപ്പിലൂടെ പറഞ്ഞു.