എമ്പുരാൻ ബജറ്റിനെക്കുറിച്ച് സുരേഷ് കുമാറിന് എങ്ങനെ അറിയാം: പരസ്യമായി പറഞ്ഞതിന്റെ ഔചിത്യം എന്താണ്; ആഞ്ഞടിച്ച് ആന്റണി പെരുമ്പാവൂർ
Thursday, February 13, 2025 2:52 PM IST
മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ച നിർമാതാവ് ജി. സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ വെറും നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ആന്റണി ആഞ്ഞടിച്ചത്.
ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാർ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ
എനിക്ക് പറയാനുള്ളത്...? കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാ വ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിർമാതാവും നടനുമൊക്കെയായ സുരേഷ് കുമാര്‍ മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതു കൊണ്ടാണ് ഈ കുറിപ്പ്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്.
എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിക്കുമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ.
സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണ്.
ജൂണ്‍ ഒന്ന് മുതല്‍ നിര്‍മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ സുരേഷ്കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്.
ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്.
കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്‍ എനിക്കു തോന്നി.
എതെങ്കിലും നിക്ഷിപ്ത താല്പര്യക്കാരുടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി. നൂറു കോടി ക്ലബ്ബില്‍ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു.
സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്ലബ്ബുകളില്‍ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇന്‍ഡസ്ട്രകളില്‍ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവില്‍ മൊത്തം കലക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിക്കന്നെയാണ്. തിയറ്ററില്‍ നിന്നു മൊത്തം വരുന്ന കലക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളില്‍ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്.
നിർമാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെ തന്നെയാണു താനും. അതിനെ നിര്‍മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമര്‍ശിക്കുന്നതിന്റെ പൊരുള്‍ ദുരൂഹമാണ്.
പിന്നെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയിലുള്ളവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ ഇങ്ങനെ നൂറുകോടി ക്ലബ്ബിലും 200 കോടി ക്ലബ്ബിലും ഇടം നേടിയ വിശേഷണങ്ങള്‍ പ്രചരിപ്പിക്കുന്നതും.
മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് ചുരുങ്ങിയ നാള് കൊണ്ട് അത്രയ്ക്കു കളക്ഷന്‍ കിട്ടു, അവ മറ്റുനാടുകളിലെ അതിലും വലിയ സിനിമകള്‍ക്കൊപ്പമെത്തുകയും ചെയ്യുന്നതില്‍ സന്തോഷിക്കുകയും ആ സന്തോഷം പങ്കിടുകയും ചെയ്യുന്നതില്‍ അപാകതയില്ലെന്നാണ് എന്റെ അഭിപ്രായം. അതിനെയൊക്കെ ചോദ്യം ചെയ്തും അധിക്ഷേപിച്ചും അപരാധമെന്നോണം വ്യാഖ്യാനിച്ചും സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ചേതോവികാരവും അവ്യക്തമാണ്.
സംഘടനയുടെ പ്രസിഡന്റ് ആയിരിക്കെ ശ്ളാഘനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ കഴിവുറ്റ ഒരാളാണ് സുരേഷ്കുമാര്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, സുഹൃത്തും നിര്‍മാതാവുമായ ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ, സുരേഷ്കുമാര്‍ ഇങ്ങനെ സഹജീവികള്‍ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയുമുള്ള ആരോപണങ്ങളുമായി മുന്നോട്ടുവന്നതെന്തുകൊണ്ട്, എങ്ങനെ എന്നു മനസിലാവുന്നില്ല.
അവരൊന്നും ഇതേപ്പറ്റി യാതൊന്നും പറഞ്ഞതായി കേട്ടില്ല. സുരേഷ്കുമാറിന്റേത് സംഘടനയുടെ ഭാഷ്യമാണെങ്കില്‍ ആന്റോ ജോസഫിനെപ്പോലുള്ളവരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവരേണ്ടതായിരുന്നില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ തെറ്റില്ല.
സംഘടനയിലെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി പറയാന്‍ ഞാനളല്ല. പക്ഷേ ആന്റോയെ പോലുള്ളവരുടെ മൗനത്തില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് അവര്‍ക്കും സുരേഷ്കുമാര്‍ പറഞ്ഞ കാര്യങ്ങളോടും രീതിയോടും അഭിപ്രായവ്യത്യാസമുണ്ടായിരിക്കുമെന്നാണ്.
ഇതൊക്കെ സംഘടനയുടെ തീരുമാനങ്ങളാണെങ്കില്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ദീര്‍ഘകാല അംഗമായ ഞാനടക്കമുള്ളവര്‍ അത്തരം നിര്‍ണായകമായ തീരുമാനങ്ങളെപ്പറ്റി അറിയേണ്ടതാണ്. കാലാകാലങ്ങളില്‍ പിന്തുടരുന്ന സംഘടാനതല കീഴ് വഴക്കമതാണ്. അത്തരത്തില്‍ ചര്‍ച്ചചെയ്ത് ഭിന്നസ്വരങ്ങള്‍ കൂടി കണക്കിലെടുത്തും അഭിപ്രായസമന്വയമുണ്ടാക്കിയും മുന്നോട്ടു പോവുക എന്നതാണ് ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും കാതല്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഒരു നടന് ഒരു സിനിമ നിർമിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്‍ ആരാണ് പിന്തുണയ്ക്കെത്തുക? അതൊന്നുമോര്‍ക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയര്‍ത്താന്‍ തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്.
ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിർമാതാവാണ് സുരേഷ്കുമാര്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരത്തില്‍ ബാലിശമായി പെരുമാറുമ്പോള്‍, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോള്‍ അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്.
ഇത്രയും സംഘടനാപരമായിട്ടുള്ളത്. ഇനി വ്യക്തിപരമായ ചിലതു കൂടി. ആശിര്‍വാദ് സിനിമാസിന്റെ എമ്പുരാന് എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല;
എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ലിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.