‘സ്റ്റീഫന്റെ ഷർട്ടിൽ ചോര’; എമ്പുരാനിലെ അരുന്ധതിയായി നൈല ഉഷ
Thursday, February 13, 2025 12:36 PM IST
എമ്പുരാനിൽ നൈല ഉഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ 31ാം ക്യാരക്ടർ പോസ്റ്ററായാണ് അണിയറ പ്രവർത്തകർ നൈല ഉഷയുടെ കഥാപാത്രമായ അരുന്ധതിയുടെ ലുക്ക് പുറത്തുവിട്ടത്.
മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിച്ചത് ലൂസിഫറിൽ ആയിരുന്നു. ഏറെ വൈറലായ മോഹൻലാലിന്റെ ഡയലോഗിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും വീണ്ടും മോഹൻലാലിന്റെ അഭിനയം അടുത്തുനിന്ന് കണ്ട് ആസ്വദിക്കാൻ എമ്പുരാനിലൂടെ കഴിഞ്ഞെന്നും നൈല ഉഷ പറയുന്നു.
ലൂസിഫർ എന്ന സിനിമയിൽ ‘കർഷകനല്ലേ മാഡം ഒന്ന് കളപറിക്കാൻ ഇറങ്ങിയതാ’ എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗ് ഏറെ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ട്രോളുകളായും മീമുകളെയും പ്രത്യക്ഷപ്പെട്ട ആ രംഗത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചത് നൈല ഉഷ ആയിരുന്നു.
‘ഹായ് ഞാൻ നൈല ഉഷ; ലൂസിഫറിലെ അരുന്ധതി. സിനിമയിൽ വളരെ ചെറിയൊരു കഥാപാത്രം ആണ് എന്റേത്, പക്ഷേ ആ യാത്രയിൽ എനിക്ക് ഏറെ സ്പെഷൽ ആയ കഥാപാത്രമായിരുന്നു അരുന്ധതി.
കാരണം ലൂസിഫർ എന്ന സിനിമ അത്ര വലിയ സ്വാധീനം ഉണ്ടാക്കിയ സിനിമയാണ്, ഒരുപക്ഷേ, മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള ഒരുപാട് ആളുകൾ കണ്ടിട്ടുള്ള സിനിമയാണ്. കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ എന്നെ ഏറ്റവും കൂടുതൽ ആളുകൾ തിരിച്ചറിയുന്നത് ലൂസിഫറിലെ അരുന്ധതി എന്ന കഥാപാത്രമായാണ്. പിന്നെ ലാലേട്ടനൊപ്പമുള്ള എന്റെ ആദ്യ സിനിമ ലൂസിഫറായിരുന്നു. അങ്ങനെ പല കാരണങ്ങൾ കൊണ്ട് ലൂസിഫർ എനിക്ക് വളരെ പ്രത്യേകതയുള്ളതായിരുന്നു.
ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ അരുന്ധതി വളരെ ധീരയും ബുദ്ധിമതിയുമായ ഒരു കഥാപാത്രമാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ലൂസിഫർ.
നാട് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുള്ള ഒരു ടിവി ചാനലിന്റെ തലപ്പത്തിരിക്കുന്ന ഒരു കഥാപാത്രം. അപ്പോൾ ആ കഥാപാത്രത്തിന് ലൂസിഫറിൽ വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോൾ അഞ്ചു വർഷങ്ങൾ കഴിഞ്ഞു കാര്യങ്ങളൊക്കെ മാറി. അപ്പോൾ തീർച്ചയായും എൻപി ടിവിക്കും അരുന്ധതിക്കും ഒരുപാട് മാറ്റമുണ്ടായിക്കാനും. അതൊക്കെ തന്നെയാണ് എമ്പുരാനിലും നിങ്ങൾക്ക് കാണാൻ കഴിയുന്നത്.
സിനിമയെക്കുറിച്ചു പറയുമ്പോൾ തന്നെ ഞാൻ വളരെ വളരെ ആവേശത്തിലാണ്. കാരണം 2024 ൽ ഞാൻ ചെയ്ത ഒരേയൊരു സിനിമ എമ്പുരാനാണ്. സെറ്റിലേക്ക് മടങ്ങിയത്തിയത് വളരെ രസകരമായിരുന്നു. ലൂസിഫറിന്റെ ഷൂട്ടിംഗിനിടെ എനിക്കുണ്ടായിരുന്ന എല്ലാ ഓർമകളും പുനരുജ്ജീവിപ്പിക്കുന്ന അനുഭവമായിരുന്നു അത്.
ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ലാലേട്ടനോടൊപ്പമുള്ള എന്റെ ആദ്യ ചിത്രമായിരുന്നു ലൂസിഫർ. അതിൽ സ്റ്റീഫന്റെ ഷർട്ടില് ചോര എന്ന ഡയലോഗുമായി ബന്ധപ്പെട്ട ഒരുപാട് മീമും ട്രോളുകളും വന്നിരുന്നു. ആ ഒരു ഡയലോഗിന്റെ ഭാഗമാകാൻ എനിക്കും സാധിച്ചു എന്നുള്ളതാണ് എനിക്ക് ലൂസിഫറിൽ ലഭിച്ച ഏറ്റവും വലിയ ബോണസ്.
അദ്ദേഹം അഭിനയിക്കുമ്പോൾ സൈഡിൽ നിന്ന് അദ്ദേഹത്തെ കാണാനും നിരീക്ഷിക്കാനും കഴിഞ്ഞത് തന്നെ എനിക്ക് ഒരു മികച്ച പഠനാനുഭവമായിരുന്നു. അതിനാൽ ഒരു സിനിമാ ആരാധിക എന്ന രീതിയിലും ലൂസിഫർ കണ്ട് ഇഷ്ടപ്പെട്ട ഒരാൾ എന്ന നിലയിലും, ഒപ്പം അരുന്ധതിയും എൻപി ടിവിയും ഈ സിനിമയിലെ മറ്റ് കഥാപാത്രങ്ങളും എല്ലാം എമ്പുരാനിൽ വരുമ്പോൾ എങ്ങനെയുണ്ടെന്ന് കാണാൻ നിങ്ങളെപ്പോലെ ഞാനും കാത്തിരിക്കുന്നു.
കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. എമ്പുരാൻ 2025 മാർച്ച് 27 ന് തിയേറ്ററുകളിൽ എത്തുന്നു. എല്ലാവരെയും കാണാൻ ഞാനും കാത്തിരിക്കുന്നു.’’–നൈല ഉഷ പറഞ്ഞു.