റാം ചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന് എനിക്ക് പേടിയുണ്ട്; പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണം
Thursday, February 13, 2025 9:22 AM IST
തന്റെ കുടുംബ പാരമ്പര്യം നിലനിർത്താനായി തനിക്ക് ഒരു കൊച്ചുമകനില്ലെന്ന നടൻ ചിരഞ്ജീവിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
പേരക്കുട്ടികളിൽ എല്ലാവരും പെൺകുട്ടികളായിപ്പോയെന്ന് വിഷമത്തോടെ പരാമർശം നടത്തിയ ചിരഞ്ജീവി വീട് ലേഡീസ് ഹോസ്റ്റൽ പോലെയാണെന്നും തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലെന്നുമായിരുന്നു പറഞ്ഞത്. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
ബ്രഹ്മ ആനന്ദം എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കവേയാണ് ചിരഞ്ജീവി ഈ പരാമർശം നടത്തിയത്.
ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍, എനിക്ക് ചുറ്റും കൊച്ചുമക്കൾ ഓടിക്കളിക്കും. അപ്പോൾ, ഞാനൊരു ലേഡീസ് ഹോസ്റ്റല്‍ വാര്ഡന് ആണെന്ന് തോന്നാറുണ്ട്. ചുറ്റും ലേഡീസ് മാത്രം. എപ്പോഴും രാം ചരണിനോട് പറയുന്നത്, ഇത്തവണയെങ്കിലും നമ്മുടെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടി ഉണ്ടാകണം എന്നാണ്.
അതിനായി ഞാൻ ഏറെ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ അവന്റെ മകള്‍ അവന്റെ കണ്ണിലെ കൃഷ്ണമണിയാണ്. അവന് വീണ്ടും ഒരു പെണ്‍കുട്ടി ഉണ്ടാകുമോ എന്ന പേടിയാണ് എനിക്ക്!"
രാം ചരണിനെ കൂടാതെ രണ്ടു പെൺമക്കളാണ് ചിരഞ്ജീവിക്കുള്ളത്. ഇവർക്കെല്ലാവർക്കും പെൺമക്കളാണ്. രാം ചരണിന് ഒന്നും സഹോദരിമാർക്ക് രണ്ടു വീതം പെൺമക്കളുണ്ട്. അഞ്ചു പേരക്കുട്ടികൾ ഉണ്ടെങ്കിലും കുടുംബത്തിന്റെ ‘പാരമ്പര്യം’ മുമ്പോട്ടു കൊണ്ടു പോകാൻ ഒരു ആൺകുട്ടി വേണമെന്നാണ് ചിരഞ്ജീവിയുടെ ആഗ്രഹം. ഇതിനെക്കുറിച്ചുള്ള തുറന്നു പറച്ചിലാണ് വ്യാപക വിമർശനത്തിന് വഴിയൊരുക്കിയത്.
അദ്ദേഹത്തെപ്പോലെ ഒരു സെലിബ്രിറ്റി ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, താരത്തെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. വീട്ടിൽ നിറയെ പെൺകുട്ടികളാണെങ്കിൽ ഒരു ആൺകുട്ടി വേണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നാണ് അവരുടെ പക്ഷം.