10 വർഷമായി പത്മവ്യൂഹത്തിൽപെട്ടു കിടന്നു, ഷൈൻ നിരപരാധി: പിതാവ് ചാക്കോ പറയുന്നു
Wednesday, February 12, 2025 11:31 AM IST
ലഹരിക്കേസിൽ ഷൈൻ ടോമിനെ മനഃപൂർവം കുടുക്കിയതാണെന്ന് നടന്റെ പിതാവ് സി.പി. ചാക്കോ. ഷൈൻ ലഹരികേസിൽ പെട്ടത് സിനിമാ മേഖലയെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കിയെന്നും സിനിമയിൽ മുഴുവൻ ലഹരി ഒഴുകുകയാണെന്നു പറഞ്ഞു പരത്തിയെന്നും ചാക്കോ പറയുന്നു.
‘‘ചെയ്യാത്ത തെറ്റിനാണ് പത്തുവർഷം മകൻ പഴികേട്ടത്. പത്തുവർഷമായി തങ്ങളും മകനും പത്മവ്യൂഹത്തിൽ പെട്ടു കിടക്കുകയായിരുന്നു.’’–കൊക്കെയ്ൻ കേസിൽ ഷൈൻ ടോം കുറ്റവിമുക്തനാക്കപ്പെട്ടതിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാക്കോ.
‘‘ചെയ്യാത്ത തെറ്റിന് പത്തുവർഷമായി അവനും ഞങ്ങളും പത്മവ്യൂഹത്തിൽ പെട്ടു കിടക്കുകയായിരുന്നു. ഇപ്പോൾ പുറത്തേക്ക് വന്നിട്ടേ ഒള്ളൂ. ലഹരി കേസിൽ പെട്ടു എന്ന് കരുതി ആരും അവനെ മാറ്റി നിർത്തുകയോ അവസരങ്ങൾ ഇല്ലാതാവുകയോ ചെയ്തിട്ടില്ല. അവൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം അതുകൊണ്ടാണ്. നമ്മളോട് ആരും ഇതുവരെ മോശമായിട്ട് സംസാരിച്ചിട്ടില്ല, പ്രവർത്തിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് അവന് ഈ 10 വർഷവും സിനിമയിൽ നല്ല അവസരങ്ങൾ കിട്ടിയത്. വെറുതെ ഇരിക്കാൻ പറ്റാത്ത തിരക്കാണ് അവനുള്ളത്.
ഇൻഡസ്ട്രിയിൽ അടക്കം അവനെ പറ്റി നന്നായി അറിയുന്നതിന്റെ പേരിലാണ് പടം കിട്ടുന്നതും അവന്റെ പടം കാണാൻ ജനങ്ങൾ പോകുന്നതും. ജയിലിൽ കിടക്കുന്ന സമയത്ത് ഷൂട്ട് തുടങ്ങാനിരുന്ന ഒരു സിനിമ വേണ്ടെന്ന് വച്ചിരുന്നു.
അതിനു ശേഷം അവനു പടം കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടില്ല, അഭിനയിക്കാൻ സമയമില്ലാത്ത കുഴപ്പമേ ഉള്ളൂ. ഇനിയിപ്പോ അവനും ഞാനും ഒക്കെ കൂടിയിട്ട് ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. അതിൽ ആദ്യത്തെ പടം ഏപ്രിൽ മാസം റിലീസ് ആവുകയാണ്. അതിൽ ഷൈനും ഷൈനിന്റെ സഹോദരൻ ജോ ജോണും അഭിനയിച്ചിട്ടുണ്ട്.
ആ കേസ് അവനെ മാത്രമല്ല ബാധിച്ചത്. സിനിമ മേഖല അടക്കം പ്രതിയായി നിൽക്കുകയുണ്ടായി. ലഹരി മരുന്ന് എവിടെ പിടിച്ചാലും പറയും സിനിമ മേഖലയിൽ ആകെ ലഹരിയാണ് ആകെ ലഹരിയാണ്. ആൾക്കാർക്ക് ചൂണ്ടിക്കാണിക്കാനുള്ളതും 10 വർഷം മുമ്പ് ഷൈനിനെതിരെ ഉണ്ടായ ഒരു കേസാണ്.
സിനിമാ മേഖലയിൽ ആകെ ലഹരിയാണ് എന്നാണ് പറയുന്നത്. ആയിരക്കണക്കിന് ആൾക്കാരെ ഒരു ദിവസം കേരളത്തിൽ പിടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പലയിടത്തും ലഹരി വരുന്നു അതൊന്നും പ്രശ്നമല്ല, 10 വർഷം മുമ്പ് ഷൈനിനെ പിടിച്ചു എന്ന് പറഞ്ഞിട്ടാണ് സിനിമാ മേഖലയിൽ ആകെ ലഹരി ഒഴുകുകയാണെന്ന് പറയുന്നത്. സിനിമ മേഖലയിൽ ലഹരി ഒഴുകുന്നു എന്ന് പറയുന്നത് ഇതോടെ നിർത്തണം.
അവൻ ഈ കേസിൽ കുടുങ്ങിയത് ബന്ധുക്കളും നാട്ടുകാരും എല്ലാവർക്കും വിഷമം തന്നെയായിരുന്നു. അതിനൊക്കെ ദൈവം ഇപ്പൊ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതിൽ നിന്നൊക്കെ രക്ഷപ്പെട്ടു. ഇപ്പോൾ ഈ കേസിൽ അവൻ നിരപരാധി ആണെന്ന് തെളിഞ്ഞല്ലോ. ഇനി ഞങ്ങൾ അന്വേഷണം തുടങ്ങാൻ പോകുന്നുള്ളൂ. ഇതിനു പിന്നിൽ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ ഇനി നമ്മൾ അന്വേഷിക്കും. വിധി പകർപ്പ് കിട്ടിയതിന് ശേഷം അതിനനുസരിച്ച് അതിനുവേണ്ട നടപടികൾ സ്വീകരിക്കും.’’സി.പി. ചാക്കോയുടെ വാക്കുകൾ.