മലയാളസിനിമ തകർച്ചയുടെ വക്കിൽ; ജനുവരിയിൽ മാത്രമുണ്ടായത് 110കോടിയുടെ നഷ്ടം, വിജയിച്ചത് ഒരു സിനിമ മാത്രം
Friday, February 7, 2025 8:36 AM IST
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടിലാണെന്നും വെളിപ്പെടുത്തി നിർമാതാവ് ജി. സുരേഷ് കുമാർ. കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു.
നിർമാതാക്കളുടെ സംഘടനയോടൊപ്പം ഫെഫ്ക, എക്സിബിറ്റേഴ്സ്, വിതരണക്കാർ തുടങ്ങിയ യൂണിയനുകളുമായി നടന്ന സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ്.
""ഈ ജനുവരിയിലെ കണക്ക് പ്രകാരം, പുറത്തിറങ്ങിയ 28 ചിത്രങ്ങളിൽ ഒരു സിനിമ മാത്രമാണ് സാമ്പത്തികമായി വിജയിച്ചു എന്ന് നമുക്ക് പറയാൻ കഴിയുന്നത്. ബാക്കിയെല്ലാം നഷ്ടം. ഇപ്പോൾ ഇറങ്ങിയ രണ്ടു ചിത്രങ്ങൾ തരക്കേടില്ലാതെ പോകുന്നുണ്ട്, അതിന്റെ കണക്കുകൾ അടുത്ത മാസമേ കിട്ടൂ.
ഈ കഴിഞ്ഞ മാസത്തെ നഷ്ടം മാത്രം 110 കോടി രൂപ വരും. ഇങ്ങനെ മുൻപോട്ട് പോയിക്കഴിഞ്ഞാൽ ഇൻഡസ്ട്രി തകർന്നടിഞ്ഞു പോകും. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ പറ്റാത്ത അവസ്ഥയാണ് വരുന്നത്. പ്രൊഡക്ഷൻ കോസ്റ്റ് ക്രമാതീതമായി വർദ്ധിച്ചു, ആർട്ടിസ്റ്റുകളുടെ പ്രതിഫലം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത നിലയിലേക്ക് വർധിച്ചു.
ഏറ്റവും വലിയ പ്രശ്നം ആർട്ടിസ്റ്റുകളുടെ പ്രതിഫലമാണ്. വലിയൊരു ഭീകരാവസ്ഥയാണ്. ഇവരൊക്കെ വാങ്ങുന്ന പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാൻ കഴിയുന്നതിന്റെ പത്തിരട്ടിയാണ്. ഇവർക്കൊന്നും യാതൊരു പ്രതിബദ്ധതയും ഈ ഒരു ഇൻഡസ്ട്രിയോട് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അമിതമായ പ്രതിഫലമാണ് ഇവർ വാങ്ങുന്നത് ആ പ്രതിഫലം കുറക്കാതെ നമുക്ക് മുൻപോട്ട് പോകാൻ കഴിയില്ല. ഇതെല്ലാം കൂട്ടി നോക്കുമ്പോൾ മലയാളം സിനിമാ മേഖല തകർന്നു കിടക്കുന്ന അവസ്ഥയാണ്.
നമ്മുടെ അസോസിയേഷനിൽ പണ്ട് ഒരു മാസം 25-30 പ്രോജക്റ്റ് വന്നിട്ടുണ്ടെങ്കിൽ ഇന്ന് വരുന്നത് അഞ്ചും ആറും പ്രോജക്ടാണ്. പല സാങ്കേതിക പ്രവർത്തകരും വീട്ടിൽ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്.
താഴെക്കിടയിലുള്ള 60 ശതമാനത്തിൽ അധികം ടെക്നീഷ്യൻസ് ജോലിയില്ലാതെ ഇരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു രീതിയിലുള്ള സഹകരണവും ഇല്ല. നമ്മൾ സിനിമയ്ക്ക് നികുതി ഇളവുകൾ നൽകാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല.
നാളെ നടക്കുന്ന ബജറ്റിലും ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ല. ഒരു രാജ്യം ഒരു നികുതി എന്നത് നടപ്പാക്കിയതിനു കേരളത്തിലും തമിഴ്നാട്ടിലും വിനോദ നികുതി ഏർപ്പെടുത്തി. ഈ രണ്ടു സംസ്ഥാനങ്ങളിൽ മാത്രമേ അത് ഏർപ്പെടുത്തിയുള്ളൂ.
വിനോദ നികുതിയുടെ പുറത്ത് ജിഎസ്ടി കൂടി ഏർപ്പെടുത്തി 30 ശതമാനമാണ് നികുതി വരുന്നത്. അതായത് ഒരു രൂപ കിട്ടിയാൽ 30 പൈസ അവിടെ പോവുകയാണ്. സർക്കാരിന് ഇത്രയും പണം കിട്ടിയിട്ടും അഞ്ചു നയാപൈസയുടെ സഹായം ഇൻഡസ്ട്രിക്ക് വേണ്ടി ചെയ്യുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം.''സുരേഷ് കുമാർ പറഞ്ഞു.
ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം ഉണ്ടാകുമെന്നു സംഘടന അറിയിച്ചു. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്നെല്ലാം മലയാള സിനിമ കരകയറി വരുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും സിനിമ സമരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.