അച്ഛന് പലതവണ കാൻസറിനെ നേരിടേണ്ടി വന്നിട്ടുണ്ട്, അമ്മ കാൻസറിനെ ധൈര്യത്തോടെ നേരിട്ടു: മഞ്ജു വാര്യർ
Thursday, February 6, 2025 11:32 AM IST
കാൻസർ എന്ന് കേൾക്കുമ്പോൾ അതിനപ്പുറത്തേക്ക് ജീവിതം ഒന്നുമില്ല എന്ന് വിചാരിച്ചിരിക്കുന്ന പലരും നമ്മുക്കിടയിലുണ്ടെന്നും എന്നാൽ അങ്ങനെയല്ല ചിന്തിക്കേണ്ടെതെന്നും നടി മഞ്ജു വാര്യർ. തന്റെ അമ്മയ്ക്കും അച്ഛനും കാൻസർ ബാധിച്ചതാണെന്നും അതിനെ പുഞ്ചിരോയോടെ നേരിടുകയാണ് ഇരുവരും ചെയ്തതെന്നും മഞ്ജു പറയുന്നു.
കാന്സര് നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് നടത്തുന്ന ‘ആരോഗ്യം ആനന്ദം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മഞ്ജു. ആരോഗ്യം ആനന്ദം പരിപാടിയുടെ അംബാസിഡറാണ് മഞ്ജു.
""ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട വീണാ മാഡം, മറ്റ് ബഹുമാനപ്പെട്ട മന്ത്രിമാർ, വേദിയിലും സദസിലും ഉള്ള മറ്റെല്ലാവർക്കും എന്റെ നമസ്കാരം, സ്നേഹം. ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്.
ഇതിന്റെ ഒരു ക്യാപ്ഷൻ പറയുന്നതുപോലെ ആരോഗ്യം, ആനന്ദം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഊർജവും തെളിച്ചവും ആനന്ദവും ഒക്കെ നമുക്കുള്ള നല്ല ആരോഗ്യമാണ്. നമുക്ക് ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ നിക്ഷേപം എന്ന് പറയുന്നത് ആരോഗ്യമുള്ള ഒരു ശരീരമാണ്. ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുക എന്ന് എന്നതാണ് നമുക്ക് നമ്മളോട് തന്നെ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഒരുപാട് മഹാമാരികളെ നമ്മൾ നേർക്കുനേർ നോക്കി ഒരുമയോടെ നിന്ന് ചെറുത്തു തോൽപ്പിച്ച ഒരു ജനതയാണ് നമ്മൾ. പക്ഷേ എന്നാലും കാൻസർ എന്ന പേര് കേൾക്കുമ്പോൾ പലപ്പോഴും ഭയത്തോടെ, സംശയത്തോടെ കാണുന്ന കണ്ണുകൾ നമുക്ക് ചുറ്റും നമ്മൾ പലപ്പോഴും കണ്ടിട്ടുമുണ്ട്.
എനിക്ക് തോന്നിയിട്ടുള്ളത് കാൻസർ എന്ന രോഗത്തേക്കാൾ കൂടുതൽ അപകടകാരി ആ രോഗത്തെക്കുറിച്ചുള്ള തെറ്റായിട്ടുള്ള അറിവുകളാണ്. എന്റെ സ്വന്തം അനുഭവത്തിൽ തന്നെ പലപ്രാവശ്യം ഈ രോഗത്തിന്റെ അവസ്ഥ നേരിട്ട് അറിഞ്ഞിട്ടുണ്ട്.
എന്റെ അച്ഛനും അമ്മയ്ക്കും കാൻസർ വന്നിട്ടുണ്ട്. അച്ഛൻ പലപ്രാവശ്യം കാൻസറിനെ അഭിമുഖീകരിക്കേണ്ടി വന്നു. കാൻസർ എന്ന് കേൾക്കുമ്പോൾ അതിനപ്പുറത്തേക്ക് പിന്നെ ജീവിതം ഒന്നുമില്ല എന്ന് വിചാരിച്ചിരിക്കുന്ന പലരും നമ്മുടെ ഇടയിൽ ഉണ്ട്. പക്ഷേ എന്റെ മുന്നിൽ ബ്രെസ്റ്റ് കാൻസർ വന്ന്, അതിനെ ധൈര്യത്തോടെ, ഒരു ചിരിയോടെ ചെറുത്തു തോൽപ്പിച്ച് വീണ്ടും പഴയതിലും ഭംഗിയായി ജീവിതത്തിലേക്ക് തിരിച്ചുവന്ന്, കൂടുതൽ ആക്ടീവ് ആയി, കൂടുതൽ സന്തോഷത്തോടെ, കൂടുതൽ സുന്ദരിയായി ജീവിതത്തെ ആസ്വദിക്കുന്ന ഒരു അമ്മ എന്റെ വീട്ടിലുണ്ട്.
ആ അമ്മയാണ് എനിക്ക് എന്നെ സംബന്ധിച്ച് മുന്നിലേക്ക് നോക്കുമ്പോൾ വളരെ പ്രതീക്ഷയോടെ വലിയൊരു പ്രചോദനമായി ഞാൻ നോക്കി കാണുന്നത്. വലിയൊരു മാതൃകയായി, ഒരു ഉദാഹരണമായി ഞാൻ നോക്കി കാണുന്ന ഒരാളാണ് എന്റെ അമ്മ.
അമ്മയുടെ കാര്യത്തിൽ കൃത്യമായ സമയത്ത് അത് കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകാൻ സാധിച്ചു എന്നുള്ളതാണ് അമ്മയ്ക്ക് ഈ രോഗത്തെ ചേർത്ത് തോൽപ്പിക്കാൻ സഹായിച്ച വലിയൊരു ഘടകം. കാൻസറിനെ സംബന്ധിച്ചുള്ള അങ്ങനെയുള്ള പല പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒന്ന് നമുക്ക് സമയത്ത് കണ്ടുപിടിക്കാൻ സാധിക്കുക എന്ന് പറയുന്നത്.
പിന്നെ ഇപ്പോഴത്തെ ഒരു ആധുനിക സൗകര്യങ്ങൾക്ക് അനുസരിച്ച് നമുക്ക് ഇത് വരാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ വരെ ഇപ്പോൾ ഉണ്ട്. പിന്നെ ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണം, ഇത് വരാതിരിക്കാൻ നമ്മെ കൊണ്ട് ചെയ്യാൻ കഴിയുന്ന ജീവിതശൈലിയിൽ വരുത്താവുന്ന നല്ല മാറ്റങ്ങൾ എന്തൊക്കെയാണ് എന്നൊക്കെയുള്ള അറിവും അതിനെക്കുറിച്ചുള്ള ബോധവൽക്കരണവും ഒക്കെ ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.
അങ്ങനെയുള്ള കാര്യങ്ങളിലാണ് ഇന്നിപ്പോ ഇവിടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആരോഗ്യം ആനന്ദം എന്ന് പറയുന്ന പദ്ധതികളുടെ ഒക്കെ പ്രസക്തി. ഇവിടെ സർക്കാർ തന്നെ നമ്മുടെ മുമ്പിലേക്ക് ഏറ്റവും ആധുനികമായ സൗകര്യങ്ങളോടുകൂടി ഇത് കണ്ടുപിടിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യങ്ങൾ നമ്മുടെ മുന്നിലേക്ക് വച്ച് തരുമ്പോൾ അത് പരമാവധി പൂർണമായും അത് ഉപയോഗിക്കുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഈ ഒരു വലിയ ഒരു പദ്ധതിക്ക് മുൻകൈ എടുക്കുകയും പ്രചോദനം നൽകുകയും ഒക്കെ ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ഏറെ പ്രിയപ്പെട്ട വീണ മാഡത്തിനോടും നന്ദി.
വീണ മാഡത്തിനെ എനിക്ക് കുറെ വർഷങ്ങളായുള്ള സ്നേഹവും അടുപ്പവും ബഹുമാനവും ഒക്കെയാണ് എനിക്ക് മനസ്സിലുള്ളത്. അപ്പൊ ഇവർക്കും ഒപ്പം നിൽക്കുന്ന വലിയ ഈ ആരോഗ്യവകുപ്പ് എന്ന് പറയുന്ന വലിയൊരു കുടുംബത്തിനും ഏറ്റവും മനസ് നിറഞ്ഞ ഏറ്റവും വിനയപൂർവമായ നന്ദിയും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ഇതിന്റെ ഗുഡ്വിൽ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉണ്ട്. എന്റെ പരിപൂർണമായ ആത്മാർഥമായ സേവനം ഈ ഒരു കോഴ്സിനു വേണ്ടി ഞാൻ നൂറ് ശതമാനം ആത്മാർഥതയോടെ പ്രോമിസ് ചെയ്യുകയാണ്. നിങ്ങൾക്കെല്ലാവർക്കും ആരോഗ്യവും മനസമാധാനവും ഉള്ള ജീവിതം ഉണ്ടാകട്ടെ. എല്ലാവർക്കും ഒരുപാട് ഒരുപാട് സ്നേഹം.’’–മഞ്ജുവിന്റെ വാക്കുകൾ.