മുൻകാമുകൻമാർക്ക് സത്യസന്ധതയില്ലായിരുന്നു; നിക്കിനെ കിട്ടിയില്ലായിരുന്നവെങ്കിൽ വിവാഹമേ വേണ്ടെന്നുവെച്ചേന: പ്രിയങ്ക ചോപ്ര
Wednesday, February 5, 2025 3:08 PM IST
മുൻകാമുകന്മാരിൽ പലർക്കും സത്യസന്ധതയില്ലാതിരുന്നെന്നും അത് തന്നെ ആഴത്തിൽ മുറിവേൽപിച്ചിട്ടുണ്ടെന്നും തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര. അത്തരം അനുഭവം വീണ്ടും ഉണ്ടാകരുതെന്നു താൻ ആഗ്രഹിച്ചിരുന്നെന്നും അതിനാൽത്തന്നെ തന്റെ സങ്കൽപത്തിലെ പങ്കാളിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
കുടുംബത്തോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു പങ്കാളിയെ ആയിരുന്നു തനിക്ക് ആവശ്യമെന്നും നടി കൂട്ടിച്ചേർത്തു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര മനസ് തുറന്നത്.
നിക്കുമായി പ്രണയത്തിലായതിന്റെ ആദ്യകാരണം സത്യസന്ധത ആയിരുന്നു. എന്റെ മുൻപ്രണയബന്ധങ്ങളിലുണ്ടായിരുന്നവർ അവിശ്വസ്തരായിരുന്നു. അവരുടെ നെറികേട് എന്റെ മനസിനെ മുറിപ്പെടുത്തി.
നിക്കിൽ വലിയ സത്യസന്ധത എനിക്കു കണ്ടെത്താൻ കഴിഞ്ഞു. രണ്ടാമത്തെ എന്റെ ആവശ്യം കുടുംബത്തെ വിലമതിക്കണമെന്നതായിരുന്നു. നിക് അങ്ങനെയാണ്. സ്വന്തം തൊഴിലിനെ വളരെ ഗൗരവത്തോടെ കാണണമെന്നതായിരുന്നു എന്റെ മറ്റൊരു ആവശ്യം. കാരണം ഞാൻ എന്റെ ജോലി മേഖലയെ അത്രത്തോളം പ്രാധാന്യത്തോടെയാണു കാണുന്നത്.
എന്നോടൊപ്പം വലിയ സ്വപ്നങ്ങൾ കാണാനുള്ള സർഗാത്മകതയും ഭാവനയും ഉള്ള ഒരാളെ ഞാൻ ആഗ്രഹിച്ചു. എന്റെ ഈ സങ്കൽപങ്ങൾക്കൊക്കെ തികച്ചും അനുയോജ്യനായ, യോഗ്യനായ വ്യക്തിയാണ് നിക്. അവനെ കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ വിവാഹമേ വേണ്ടെന്നു വയ്ക്കുമായിരുന്നു.
നിങ്ങളെ ബഹുമാനിക്കുന്ന ഒരാളെയാണ് നിങ്ങൾ പങ്കാളിയായി സ്വീകരിക്കേണ്ടത്. അങ്ങനെയൊരാളെ അന്വേഷിച്ചു കണ്ടുപിടിക്കണം. ബഹുമാനം എന്നത് സ്നേഹത്തിൽ നിന്നും വാത്സല്യത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ്. യഥാർഥ രാജകുമാരനെ കണ്ടെത്തും വരെ നിങ്ങൾ വികൃതമായ പല ബന്ധങ്ങളിലും ഉൾപ്പെട്ടേക്കാം. ഞാനും അങ്ങനെ തന്നെയായിരുന്നു. പ്രിയങ്ക ചോപ്ര പറഞ്ഞു.
2017 ലെ മെറ്റ് ഗാല പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.
2018 ഡിസംബർ ഒന്നിന് നിക്കും പ്രിയങ്കയും വിവാഹിതരായി. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. നാല് കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്. 2022 ജനുവരി 22ന് ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് താരദമ്പതികൾ മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.