ഒടുവിൽ ആഗ്രഹം സഫലീകരിച്ച് ഉണ്ണിക്കണ്ണൻ; വിജയ്യെ നേരിൽകണ്ട് ആരാധകൻ
Wednesday, February 5, 2025 12:35 PM IST
ഒടുവിൽ ഉണ്ണിക്കണന്റെ ആഗ്രഹത്തിന് സഫലീകരണം. ഇളയദളപതി വിജയ്യെ നേരിൽ കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന ഉണ്ണിക്കണ്ണന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒടുവിൽ നേരിട്ട് വിജയ്യെ കണ്ട സന്തോഷം ഉണ്ണിക്കണ്ണന് വീഡിയോയിലൂടെ പങ്കുവച്ചു.
ചെന്നൈയിലെ പുതിയ സിനിമയുടെ ലൊക്കേഷനിലായിരുന്നു ഇഷ്ടതാരത്തിനൊപ്പമുളള കൂടിക്കാഴ്ച നടന്നത്. മംഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് ഇഷ്ടതാരത്തെ കാണാൻ ഇറങ്ങിത്തിരിച്ചത്.
യാത്ര ആരംഭിച്ച് 35-ാം ദിവസം വിജയ്യെ കണ്ടു എന്ന വിവരം ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയാണ് ഉണ്ണിക്കണ്ണന് പങ്കുവയ്ക്കുകയായിരുന്നു.
‘‘വിജയ് സാറിനെ കണ്ടു. ലൊക്കേഷനിൽ കോസ്റ്റ്യൂം ആയതിനാൽ മൊൈബലൊന്നും കൊണ്ടുപോകാൻ പാടില്ലായിരുന്നു. അവർ വീഡിയോ എടുത്തിട്ടുണ്ട്, ഫോട്ടോയും ഉണ്ട്. എന്റെ തോളില്‍ കൈ ഇട്ടുകൊണ്ടാണ് അദ്ദേഹം എന്നെ കാരവനിലേക്കു കൂട്ടിക്കൊണ്ടുപോയത്. കുറേനേരെ വിജയ് സർ സംസാരിച്ചു.
എന്തിന് ഇങ്ങനെ കാണാന്‍ വന്നു, വേറെ എത്രയോ വഴിയുണ്ട്? അതിലൂടെ വന്നുകൂടെ എന്നാണ് വിജയ് സർ ചോദിച്ചത്. കുറേ ശ്രമിച്ചണ്ണാ പറ്റിയില്ലെന്നു മറുപടിയായി ഞാൻ പറഞ്ഞു. 10 മിനിറ്റോളം അദ്ദേഹത്തിനൊപ്പം കാരവനില്‍ ഇരുന്ന് സംസാരിച്ചു. ഞാനിന്ന് ഒരുപാട് സന്തോഷവാനാണ്. ഫോട്ടോയും വീഡിയോയും അവർ അയച്ചു തരാമെന്നാണ് പറഞ്ഞിരിക്കുന്നത്. ബിഗിലേ കപ്പ് മുഖ്യം, നെനച്ച വണ്ടികിട്ടി.
വാർത്ത അറിഞ്ഞ് രാത്രി ബാല ചേട്ടൻ വിളിച്ചിരുന്നു. ‘ഉണ്ണി എങ്കെ ഇറുക്കെ’ എന്നു ചോദിച്ചു. ചെന്നൈയിലാണെന്നു പറഞ്ഞപ്പോൾ ഒന്നു നേരിട്ടു കാണണമെന്നു പറഞ്ഞു. അദ്ദേഹം എനിക്കൊരു ഗിഫ്റ്റ് തരുന്നുണ്ട്. ആ ഗിഫ്റ്റും വാങ്ങി ഇന്ന് ഉച്ചയ്ക്ക് കേരളത്തിലേക്കുവരും. പാലക്കാടേക്കാണ് വരുന്നത്.’’ഉണ്ണിക്കണ്ണൻ പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് ഫോണ്‍ വിളി വന്നിരുന്നു. വിഡിയോകള്‍ കാണിച്ചു. ഓഫിസിലേക്ക് വിളിപ്പിച്ചു. അങ്ങനെയാണ് ലോക്കേഷനിലേക്ക് എത്തിയതെന്ന് ഉണ്ണിക്കണ്ണന് പറയുന്നു.
നേരത്തെ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഉണ്ണിക്കണ്ണന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സമ്മേളന വേദിയിൽ വച്ച് വിജയ്യെ നേരിട്ടു കാണാനാകാതെ ഉണ്ണിക്കണ്ണൻ പാതിവഴിയിൽ മടങ്ങുകയായിരുന്നു. അമിതമായ ചൂടു നിമിത്തം സമ്മേളനം തുടങ്ങുന്നതിനു മുമ്പ് തന്നെ ഉണ്ണിക്കണ്ണൻ അവിടെനിന്നും തിരികെ പോന്നു. എന്നാൽ ഇത്തവണ യാത്ര രണ്ടും കൽപിച്ചായിരുന്നു. കഴുത്തിലും കൈയിലുമെല്ലാം വിജയ്യുടെ ഫോട്ടോ തൂക്കിയായിരുന്നു ഉണ്ണിക്കണ്ണന്റെ കാൽനടയാത്ര.
വിജയ്യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. നടനോടുള്ള ആരാധന മൂലം ഇയാൾ ഏഴ് വർഷത്തോളമായി മുടിയും താടിയും വെട്ടാതെ നടക്കുകയായിരുന്നു. ചെന്നൈയില്‍ വിജയ്യുടെ വീടിന്റെ മുന്നില്‍ മണിക്കൂറുകളോളം പോയി ഇരുന്നും ഉണ്ണി വൈറലായിരുന്നു.