കുഞ്ഞുജോബി ഇനി വലിയവനാകും; തണലിടമായ "ചില്ല' ഇനി അഭയവും
പ്രശാന്ത്
Monday, February 3, 2025 10:45 AM IST
കാഴ്ചയില്‍ കുഞ്ഞന്‍ ജോബി. പക്ഷേ ആകാശത്തോളം ഉയരമുണ്ട് ആ മനസിന്. നടന് ജോബിയുടെ വലിയ മനസിലുദിച്ച സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് "ചില്ല.' ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തിരുവനന്തപുരം മഠത്തുനട മുക്കോലയ്ക്കല്‍ വാര്‍ഡിലാണ് "ചില്ല' എന്ന പേരില്‍ ചലച്ചിത്ര താരം ജോബി അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്. രോഗികള്‍ക്കും അശരണര്‍ക്കുമായി കരുതല്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ആദ്യ ബാച്ചില്‍ 10 കുട്ടികള്‍ക്കാണ് "ചില്ല'യില്‍ പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് 2023-ല്‍ വിരമിച്ച ശേഷം ജോബിയുടെ മനസുനിറയെ "ചില്ല'യെപ്പറ്റിയുള്ള സ്വപ്നങ്ങളായിരുന്നു. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഒരു തണലിടം ഒരുക്കുക- കഴിഞ്ഞ വര്‍ഷമാണ് ജോബി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മുക്കോലയ്ക്കല്‍ ഭാഗത്തെ വിശാലമായ കെട്ടിടത്തില്‍ "ചില്ല'യുടെ വിത്തുപാകിയത്.
ജോബിയും കൂട്ടരും ഹൃദയത്തോടു ചേര്‍ത്തുവച്ച "ചില്ല' ഇപ്പോള്‍ തളിരിട്ടുതുടങ്ങി. സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവരെ സൗജന്യമായി പരിശീലിപ്പിച്ച് തൊഴിലിടം കണ്ടെത്തി നല്‍കുകയാണ് ലക്ഷ്യം. "ചില്ല' ഇവിടെ തളിര്‍ക്കുകയാണ്. ഈ "ചില്ല' ഇനി തളിര്‍ത്ത് വളര്‍ന്ന് മരമാകും. നിരാലംബര്‍ക്ക് തണലേകുന്ന വന്മരം!