സമാന്ത വീണ്ടും പ്രണയത്തിൽ? സംശയം കടുപ്പിച്ച് ആരാധകർ
Monday, February 3, 2025 8:51 AM IST
നടി സമാന്ത റൂത്ത് പ്രഭു വീണ്ടും പ്രണയത്തിലാണോയെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ഹണി ബണ്ണി എന്ന സീരിസിന്റെ സംവിധായകൻ രാജ് നിദിമൊരുവിന്റെ കൈപിടിച്ചുള്ള സമാന്തയുടെ ചിത്രങ്ങളാണ് ആരാധകരെ ഈ സംശയത്തിലേയ്ക്ക് നയിച്ചത്.
രാജുമായി സമാന്ത പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തിടെ ഒരു പരിപാടിയില്‍ നടിയെയും രാജ് നിദിമൊരുവിനെയും ഒന്നിച്ച് കണ്ടതോടെയാണ് ഈ ചര്‍ച്ച സജീവമായത്. എന്നാൽ ഇതേക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇപ്പോഴിതാ വീണ്ടും സാമന്തയും രാജും ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്.
ഒരു പിക്കിൾബോൾ ഇവന്റില്‍ ഒന്നിച്ചെത്തിയതോടെയാണ് വീണ്ടും അഭ്യൂഹങ്ങൾ ഉയർന്നത്. കൂടാതെ ഇരുവരും ഒന്നിച്ച് വേൾഡ് പിക്കിൾബോൾ ലീഗില്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ടൂര്‍ണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമാന്തയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
സാമന്ത തന്റെ ടീമിനായി ആര്‍ത്തുവിളിക്കുന്നത് കൗതുകത്തോടെ രാജ് നോക്കി നില്ക്കുന്നതും ചിത്രങ്ങളില്‍ കാണാം. വേൾഡ് പിക്കിൾബോൾ ലീഗില്‍ ചെന്നൈ ടീമിന്റെ സഹ ഉടമയാണ് സാമന്ത. മത്സരത്തിൽ പങ്കെടുത്ത ഒരു പിക്കിൾബോൾ ടീമിനെക്കുറിച്ച് സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. “സ്പോർട്സ് ലോകത്തേക്കുള്ള എന്റെ ആദ്യത്തെ സംരംഭം, പിക്കിൾബോൾ, വളരെ മാറ്റം വന്നിരിക്കുന്നു.
എനിക്ക് തോൽവി ഇഷ്ടമല്ലാത്തതിനാൽ ഞാൻ എല്ലായ്പ്പോഴും സ്പോർട്സ് ഒഴിവാക്കിയിരുന്നു. എന്നാല്‍ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ കാരണം അവസാനം സ്പോര്‍ട്സിലും എത്തി ചേര്‍ന്നു.”- സാമന്ത കുറിച്ചു.
ദ് ഫാമിലി മാന്‍, ഫാര്‍സി, സിറ്റാഡല്‍: ഹണി ബണി, ഗണ്‍സ് ആന്റ് ഗുലാബ്സ് എന്നിവയുടെയെല്ലാം സഹ സംവിധായകനാണ് രാജ് നിദിമൊരു. രാജും ഡികെയുമാണ് തന്നെ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകരെന്ന് സാമന്ത ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.