മിഥുനിൽ നിന്നും മാപ്പെഴുതി വാങ്ങി, തർക്ക പരിഹാരമായി ചെയ്തുകൊടുത്ത സിനിമയാണ് ‘ആട്’: സാന്ദ്രയ്ക്കെതിരെ സിബി മലയിൽ
Saturday, February 1, 2025 12:52 PM IST
നിർമാതാവ് സാന്ദ്ര തോമസിന് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് ഫെഫ്ക അല്ലെന്ന് സംവിധായകൻ സിബി മലയിൽ.
ബി. ഉണ്ണിക്കൃഷ്ണനെതിരെ ഉണ്ടായ കേസ് അദ്ദേഹം വ്യക്തിപരമായി നേരിടുമെന്നും ഉണ്ണികൃഷ്ണൻ പങ്കെടുക്കാത്ത നിർമാതാക്കളുടെ സംഘടനാചർച്ചയിൽ നടന്ന പ്രശ്നത്തിൽ ഉണ്ണിക്കൃഷ്ണനെതിരെ പരാതി പറഞ്ഞു എന്നുള്ളതുകൊണ്ട് അദ്ദേഹത്തെ ഫെഫ്കയിൽ നിന്നും പുറത്താക്കേണ്ട ആവശ്യമില്ല എന്നും സിബി മലയിൽ പറഞ്ഞു.
കൂടാതെ മിഥുൻ മാനുവൽ, ജൂഡ് ആന്തണി എന്നിവരുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചും സിബി മലയിൽ പറഞ്ഞു.
""ബി. ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്തുകൊണ്ട് ഒരു തെറ്റിദ്ധാരണ വരുത്തുന്ന നീക്കം നടക്കുന്നുണ്ട്. അത് ഉണ്ണികൃഷ്ണനെ മാത്രമല്ല ഉണ്ണികൃഷ്ണൻ വഴി ഫെഫ്ക എന്ന സംഘടനയെയാണ് ടാർഗറ്റ് ചെയ്യുന്നത്. അതിന്റെ പുറകിൽ ആരൊക്കെയാണെന്നുള്ളത് നമുക്ക് വളരെ വ്യക്തമാണ്.
ഉണ്ണികൃഷ്ണനെതിരെ ഉണ്ടായ കേസും കാര്യങ്ങളും ഒക്കെ അദ്ദേഹം തന്നെ നേരിടട്ടെ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്, അത് അദ്ദേഹം നേരിടും. പക്ഷേ, സംഘടന എന്ന നിലയിൽ ഈ ആരോപണം ഉന്നയിച്ച കേസ് കൊടുത്ത സാന്ദ്ര തോമസ് ഞങ്ങളുടെ സംഘടനയുടെ അംഗമല്ല. അവർക്കുണ്ടാകുന്ന പരാതികൾ അവർ നിർമാതാക്കളുടെ സംഘടനയാണ് കൊടുക്കേണ്ടത്.
പക്ഷേ അവര് അതിനുപകരം എല്ലാ ആരോപണങ്ങളും ഉണ്ണികൃഷ്ണന്റെ മേലേക്കാണ് വയ്ക്കുന്നത്. ഉണ്ണികൃഷ്ണൻ അവരുടെ ഒരു വിഷയങ്ങളിലും ഇടപെടുകയോ അവരുടെ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നടക്കുന്ന ചർച്ചകളിൽ ഒന്നും ഇടപെട്ടിട്ടുള്ള ആളല്ല.
അവരുടെ നിരവധിയായ പരാതികൾ ഞങ്ങളുടെ സംഘടനയുമായിട്ട് അവർക്കുണ്ടായിരുന്ന തർക്കങ്ങളോ അല്ലെങ്കിൽ പരാതികളോ വലിയ രീതിയിലുള്ള ചർച്ചകളും കാര്യങ്ങളും ഒക്കെയും അവരുമായിട്ട് നടത്തി പരിഹാരം കണ്ടത് ഉണ്ണികൃഷ്ണനാണ്, ഫെഫ്കയുടെ നേതൃത്വമാണ്.
അതുമായിട്ട് ബന്ധപ്പെട്ട ആൾക്കാരൊക്കെ നമ്മുടെ കൂടെ ഉണ്ട് ഇപ്പോൾ. നമ്മൾ ഒരു ഘട്ടത്തിലും അവരോട് നിസഹരണം പ്രഖ്യാപിച്ചിട്ടില്ല മറിച്ച് അവർക്ക് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുത്തിട്ടേ ഉള്ളൂ.
പല കേസുകളിലും അവർ ആവശ്യപ്പെട്ട അവർക്ക് നഷ്ടപരിഹാരം ഡിമാൻഡ് ചെയ്തുകൊണ്ടുവന്ന പല ഘട്ടങ്ങളും അതിന്റെ ന്യായങ്ങൾ മനസിലാക്കിയിട്ട് അത് മേടിച്ചു കൊടുക്കുന്ന രീതി തന്നെയാണ് തുടർന്ന് വന്നത്. ജൂതൻ എന്ന സിനിമയുമായിട്ട് ബന്ധപ്പെട്ട ഒരു മീറ്റിംഗിനെ കുറിച്ച് അവര് പലയിടത്തും പറയുന്നുണ്ട്.
ജൂതൻ, ഭദ്രൻ സംവിധാനം ചെയ്യേണ്ട സിനിമയാണ്, അതിന്റെ നിർമാതാവ് ഇവരല്ല. എന്നിട്ട് പോലും ആ സിനിമ നടക്കാതെ പോയത് കാരണം അവർ ആവശ്യപ്പെടുന്നത് ഒരു കോടി രൂപ നഷ്ടപരിഹാരമാണ്. അതിന്റെ നിർമാതാവ് അല്ലെങ്കിൽ പോലും അതിന്റെ നിർമാതാവ് ആയ വ്യക്തി ഇനിയും ആ സിനിമ ചെയ്യുകയാണെങ്കിൽ സംവിധായകൻ ഭദ്രൻ 15 ലക്ഷം രൂപ അവർക്ക് നഷ്ടപരിഹാരം ആയി കൊടുക്കണം എന്നുള്ള ഒരു ധാരണ ആയിക്കഴിഞ്ഞിട്ടാണ് ആ പ്രശ്നം പരിഹരിക്കപ്പെട്ടത്.
അതുപോലെതന്നെ ഇവിടെ ജൂഡ് ആന്റണിക്ക് എത്താൻ കഴിഞ്ഞിട്ടില്ല, മിഥുൻ മാനുവൽ തോമസ് ഉണ്ട്. ‘ഓം ഓം ശാന്തി ഓശാന’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു തർക്കത്തിൽ സാന്ദ്ര നിർമാതാവ് എന്ന നിലയിൽ പിന്മാറേണ്ട സാഹചര്യം ഉണ്ടാവുകയും മിഥുനും ജൂഡും അതിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയും ചെയ്തു.
ഇവരും ഞാനും പങ്കെടുത്ത ഒരു മീറ്റിംഗിൽ ആ കേസിൽ ധാരണയാകുകയും മിഥുൻ മാനുവൽ തോമസിന്റെ ഏഴു ലക്ഷം രൂപയും അവർ തിരികെ വാങ്ങുകയുമായിരുന്നു.
പിന്നീട് ഓം ശാന്തി ഓശാനയ്ക്ക് ഒരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം പുതിയ പ്രൊഡ്യൂസർക്ക് വേണ്ടി ആ സിനിമ ചെയ്തു. അതുതന്നെയാണ് ജൂഡ് ആന്റണിക്കും ഉണ്ടായ അനുഭവം. അദ്ദേഹത്തിന് ഇന്ന് വ്യക്തിപരമായ തടസങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. ജൂഡിന്റെ കൈയിൽ നിന്നും ഏഴ് ലക്ഷം രൂപ തിരിച്ചു വാങ്ങി കൊടുത്തു.
അതുകൊണ്ടുതന്നെ മിഥുൻ മാനുവൽ തോമസ് പിന്നീട് അവർക്ക് വേണ്ടി ഒരു സിനിമ ചെയ്തു കൊടുത്തു. ‘ആട്’ എന്ന അവർ നിർമിച്ച സിനിമ അതിന് പരിഹാരമായി ചെയ്തു കൊടുത്ത ആളാണ് മിഥുൻ. മിഥുനിൽ നിന്നും അവർ അതുകൂടാതെ ഒരു മാപ്പ് അപേക്ഷ ആവശ്യപ്പെട്ടു. അതും നമ്മൾ വാങ്ങി കൊടുത്തു. ആദ്യമായി സിനിമ ചെയ്യാൻ വന്ന ഒരാളെ കൊണ്ട് അയാളിൽ നിന്നും മാപ്പ് അപേക്ഷ വാങ്ങിയ ശേഷമാണ് ആ സിനിമ ചെയ്തു കൊടുത്തത്.
ഇത്രയും പരാതികൾ ഫെഫ്കയ്ക്കെതിരെയും ഫെഫ്കയിലേക്കും കൊണ്ടുവരുന്ന സാന്ദ്ര ഇതുവരെയും ഒരു പരാതി പോലും പ്രൊഡ്യൂസർ അസോസിയേഷന് കൊടുത്തിട്ടില്ല. ഇടക്കാട് ബെറ്റാലിയൻ എന്ന സിനിമയുടെ വിഷയവുമായിബന്ധപ്പെട്ടിട്ടുണ്ടായിരുന്ന ഒരു തർക്കപരിഹാരത്തിലും ജനറൽ സെക്രട്ടറി ഇടപെടുകയും അതും പരിഹരിച്ചു കൊടുക്കുകയും ചെയ്തു. പത്താം വളവ് എന്ന സിനിമയുടെ സംവിധായകനായ പത്മകുമാറിൽ നിന്നും അവർ 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ഏറ്റവും ഒടുവിലായിട്ട് അവരുടെ ‘ലിറ്റിൽ ഹാർട്സ്’ എന്ന സിനിമയുടെ കാര്യത്തിലും ഇത്തരത്തിലുള്ള പരാതികളും കാര്യങ്ങളും വരികയും ചെയ്തു. ഞാൻ പറഞ്ഞു വരുന്നത് ഈ സാന്ദ്ര തോമസുമായിട്ട് ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അവർക്ക് അനുകൂലമായ പരിഹാരം കണ്ടെത്തിക്കൊടുത്ത ഒരു വ്യക്തിയാണ് ബി. ഉണ്ണികൃഷ്ണനും ഫെഫ്ക എന്ന സംഘടനയും.
ഇതിനകത്ത് ഒരു ഗൂഢാലോചന സംഭവിക്കുന്നു എന്നുള്ളതാണ് പറയുന്നത്. അതുമായിട്ട് ബന്ധപ്പെടുത്തി പറയുന്ന ഒരു കാര്യം നേരത്തെ ഷാലു പേയാടിന്റെ കാര്യം പറഞ്ഞപ്പോഴും ബെന്നി സൂചിപ്പിച്ച പ്രൊഡ്യൂസറും ഈ വിധത്തിൽ ബന്ധപ്പെടുന്നതാണ്. മൂന്ന് പെൺകുട്ടികൾ സമരം ചെയ്ത് ഇരിക്കുന്ന കാര്യം ഇന്നലെ രാത്രി അറിഞ്ഞപ്പോൾ തന്നെ നമ്മുടെ സംഘടനയുടെ വർക്കിങ് സെക്രട്ടറി സോഹൻ ഉൾപ്പെടെയുള്ളവർ അവിടെ എത്തിയിരുന്നു.
രാത്രിയിൽ അധികം ആൾസഞ്ചാരം ഇല്ലാത്ത ഒരു വഴിയാണ് നിങ്ങൾക്കറിയാം, അവിടെ അവർക്കൊരു സുരക്ഷയ്ക്കു വേണ്ടിയിട്ട് ഇവര് മൂന്നാല് പേര് ആ പരിസരത്ത് നിന്നിരുന്നു. അവിടേക്ക് രണ്ട് ഡബ്ല്യുസിസി അംഗങ്ങൾ വന്നിരുന്നു. ഒന്ന് ഒരു പ്രമുഖ നടിയും മറ്റൊരാൾ ആ സംഘടനയുടെ അംഗമായ ഈ നഗരത്തിലെ തന്നെ ഒരു പ്രമുഖ കോളജിലെ ഡീനായ ഒരു വ്യക്തിയും.
രാത്രിയിൽ അവിടെ ഇരിക്കുന്നത് സുരക്ഷിതമല്ല നിങ്ങൾ രാത്രിയിൽ വീട്ടിൽ പോകു, നാളെ വന്ന് വീണ്ടും നിങ്ങൾ ഇരുന്നോളൂ, അതിനുശേഷം നാളെ പ്രശ്നം പരിഹരിക്കുന്ന ചർച്ച ഉണ്ടാകും എന്ന് അവരോട് ഫെഫ്ക അംഗങ്ങൾ തന്നെ പറഞ്ഞതാണ്. പക്ഷേ അവരെ അവിടെ നിന്ന് പോകാൻ സമ്മതിക്കാതെ അവർ നിർബന്ധിച്ച് ആ ഇരുട്ടിൽ കൊതുകുകടി കൊണ്ട് അവിടെ ഇരുത്താനുള്ള നിർബന്ധം ഈ വന്ന രണ്ടുപേർക്കായിരുന്നു.
പിന്നീട് ഈ പെൺകുട്ടികളെ നമ്മുടെ ഓഫിസിൽ തന്നെ വിളിച്ചുവരുത്തി അവിടെ അവർക്ക് സുരക്ഷ ഉറപ്പാക്കിയതും നമ്മൾ തന്നെയാണ്. ഈ വിഷയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവരെല്ലാം ഡബ്ല്യുസിസിയുടെ അംഗങ്ങളാണ്. ഇത്തരത്തിൽ വലിയൊരു ഗൂഢാലോചന ഫെഫ്കയ്ക്കു എതിരായി ഫെഫ്കെയുടെ നേതൃത്വത്തിനെതിരായിട്ട് പ്രത്യേകിച്ച് ബി. ഉണ്ണികൃഷ്ണനു എതിരെ നടക്കുന്നുണ്ട് എന്നുള്ളതിന്റെ വളരെ വ്യക്തമായ സൂചനയാണ്.
ഈയൊരു ഗൂഢാലോചന വളരെ വ്യക്തമായി നമ്മുടെ മുമ്പിൽ ഉള്ളപ്പോൾ എന്താണ് കേസിനു പുറകിൽ ഉള്ള പ്രേരകമായ കാര്യം എന്താണെന്നുള്ളത് വ്യക്തമാണ്. ഈ വിഷയങ്ങളിലെല്ലാം കമന്റ് ഇടുകയും പോസ്റ്റ് ഇടുകയും ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഇവരുടെ അംഗങ്ങൾ തന്നെയാണ്.
സാന്ദ്രാ തോമസ് നമ്മുടെ സംഘടനയിൽ അംഗമല്ലെങ്കിൽ പോലും നമ്മുടെ മുന്നിലേക്ക് അവർ കൊണ്ടുവന്ന പരാതികൾ എല്ലാം ഞങ്ങൾ പരിഹരിച്ചു. ഞങ്ങളുടെ അംഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഞമ്മൾ പരിഹാരം നടത്തി കൊടുത്തിട്ടുണ്ട്.
അവർ എന്തുകൊണ്ട് നിർമാതാക്കളുടെ സംഘടനയിൽ അവർ പരാതികൾ ഉന്നയിക്കുന്നില്ല എന്നുള്ളതാണ് ഞാൻ ചോദിക്കുന്നത്. ആരോപിച്ച പ്രശ്നം നടന്ന പ്രൊഡ്യൂസർ അസോസിയേഷനുമായിട്ടുള്ള ചർച്ചയിൽ ഉണ്ണികൃഷ്ണൻ പങ്കെടുത്തിട്ടേ ഇല്ല.
അപ്പോൾ അദ്ദേഹത്തിനുള്ള എതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. അവര് ഉണ്ണികൃഷ്ണനെതിരെ കേസ് കൊടുത്തെങ്കിൽ ഒരു എഫ്ഐആർ അതിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് നിയമപരമായ നടപടികളിലൂടെ പോകേണ്ടതാണ്.
ഞങ്ങളുടെ സംഘടനയ്ക്ക് അവർ തന്ന പരാതികൾ, ഞങ്ങളുടെ അംഗങ്ങളുമായിട്ടുള്ള പരാതികൾ നമ്മൾ പരിഹാരം കണ്ടെത്തി കൊടുത്തതാണ്. പിന്നെ എന്തിനാണ് പിന്നെയും ടാർഗറ്റ് ചെയ്യുന്നത് എന്നതാണ് മനസ്സിലാകാത്തത്. അവർക്ക് പ്രൊഡ്യൂസർമാരുമായി വിഷയം ഉണ്ടെങ്കിൽ അത് അവിടെയല്ലേ തീർക്കേണ്ടത്.
അതിൽ ഞങ്ങൾക്കെതിരായി എന്തിനാണ് ഒരു നിലപാട് എടുക്കുന്നത് എന്നുള്ളത് മനസ്സിലാകുന്നില്ല. ബി. ഉണ്ണികൃഷ്ണൻ പോകാത്ത ഒരു സ്ഥലത്ത് ഒരു പ്രശ്നം ഉണ്ടായി എന്ന് ആരോപണം ഉന്നയിച്ചു എന്നുകരുതി അദ്ദേഹത്തിനെതിരെ ഒരു സംഘടനാതലത്തിൽ നടപടി എടുക്കേണ്ട ആവശ്യമില്ല.’’-സിബി മലയിൽ പറയുന്നു.