പ്രണയദിനം ചുവപ്പിക്കാൻ മാർക്കോ; ഒടിടി റിലീസ് ഫെബ്രുവരി 14-ന്
Saturday, February 1, 2025 9:31 AM IST
ഉണ്ണി മുകുന്ദന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘മാർക്കോ’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. റെക്കോർഡ് തുകയ്ക്കാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം സോണി സ്വന്തമാക്കിയത്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷത്തെ സെൻസേഷനൽ ഹിറ്റുകളിൽ ഒന്നായിരുന്നു. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ ആയിരുന്നു ആദ്യത്തേത്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ മാർക്കോ പ്രദർശിപ്പിച്ചിരുന്നു.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്.
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.